ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു, നിനക്കിതിന്റെ ആവശ്യമുണ്ടോ’ എന്നൊക്കെ അവർ ചോദിച്ചു ; നേരിട്ട അവഗണനയെ കുറിച്ച് കാര്‍ത്തിക്!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്.കല്യാണിയും കിരണും കഴിഞ്ഞാല്‍ പിന്നെ പ്രേക്ഷകര്‍ ആരാധിയ്ക്കുന്ന മറ്റൊരു കഥാപാത്രമാണ് ബൈജു, . മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്ന് പറയാം.
എന്നാല്‍ ആ വേറിട്ട ശബ്ദത്തിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്. വിക്ക് ഉള്ള കാര്‍ത്തിക് പ്രസാദിന്റെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിന്റെ ഉത്തരമാണ് ആ കഥാപാത്രത്തിന്റെ വിജയം. പറയാം നേടാം എന്ന ഷോയില്‍ വന്നപ്പോള്‍ വിക്കിനെ അതിജീവിച്ചതിനെ കുറിച്ച് കാര്‍ത്തിക് സംസാരിക്കുകയുണ്ടായി.
എന്നോട് എന്റെ പല അടുത്ത സുഹൃത്തുക്കളൊക്കെ പറഞ്ഞിട്ടുണ്ട്, അഭിനയിക്കാന്‍ ഒക്കെ നീ പോയിക്കോ. പക്ഷെ ഒരിക്കലും നിനക്ക് നിന്റെ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ പറ്റില്ല എന്ന്. വിക്ക് കാരണം ജീവിതത്തില്‍ പല ഇടത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ട അനുഭവവും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വിക്ക് എനിക്ക് ജന്മനാ ഉള്ളതാണ്. പണ്ടൊക്കെ നന്നായി വിക്കി വിക്കിയാണ് സംസാരിച്ചിരുന്നത്. പ, മ എന്നീ അക്ഷരങ്ങളൊന്നും വരില്ലായിരുന്നു. പേര് ചോദിച്ചാലും സമയം ചോദിച്ചാലും ഒന്നും പറയാന്‍ പറ്റുമായിരുന്നില്ല. ഇപ്പോ വലിയ വ്യത്യാസം ഉണ്ട്. അത്രയധികം വിക്കാറില്ല.ഒരുപാട് പേര് നമ്മള് അംഗീകരിക്കുമ്പോഴും, ചിലരെങ്കിലും അവഗണിക്കും.
അത് വല്ലാത്ത വേദനയാണ്. സീരിയലിന്റെ തുടക്കകാലത്ത് ഒരു അനുഭവം ഉണ്ടായി. ഞാന്‍ ചെയ്യുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ വിളിച്ചിട്ട് ഒരു സിനിമയുടെ പൂജയ്ക്ക് പോയതായിരുന്നു. ചടങ്ങുകള്‍ നടക്കുമ്പോള്‍ എല്ലാം ഞാന്‍ അവിടെയുണ്ട്. ഫോട്ടോ എടുക്കാന്‍ നേരം അദ്ദേഹം വിളിച്ചിട്ട് ഞാന്‍ പോയി നിന്നു. അപ്പോള്‍ പിന്നില്‍ നിന്ന്, ‘ഇയാളെയൊക്കെ ആരാണ് വിളിച്ചത്, വലിഞ്ഞ് കയറി വന്നിരിയ്ക്കുന്നു, നിനക്കിതിന്റെ ആവശ്യമുണ്ടോ’ എന്നൊക്കെ ചോദിയ്ക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. പെട്ടന്ന് ഞാന്‍ വല്ലാതെയായി. പതിയെ പിന്നോട്ട് വന്ന് അവിടെ നിന്ന് അറിയാത്ത ഭാവം ഇറങ്ങിപോരുകയായിരുന്നു.
അങ്ങനെയുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ ആള്ക്കാര് തന്നെ പിന്നീട് കാണുമ്പോള്‍ വലിയ സ്നേഹ പ്രകടനം നടത്തും. ഹാ സീരിയല്‍ കാണാറുണ്ട് കേട്ടോ, കൊള്ളാം എന്നൊക്കെ പറയും. ഇപ്പോള്‍ ഉള്ള മൗനരാഗം സീരിയലില്‍ എന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ടീം എന്നെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. വിക്കുള്ള ഒരു സാധനം വന്നാല്‍ അവര്‍ എനിക്ക് വേണ്ടി കാത്ത് നില്ക്കും. വളരെ നല്ല സഹകരണമാണ്.
മൗനരാഗത്തിലെ ബൈജുവിന് എങ്ങിനെയാണ് ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത് എന്നും കാര്‍ത്തിക് പ്രസാദ് വെളിപ്പെടുത്തി. സീരിയലിന്റെ കഥ എനിക്ക് വായിക്കാന്‍ തന്നപ്പോള്‍ എനിക്ക് തോന്നി, കഥാപാത്രത്തിന് കുറച്ച് അധികം നല്‍കേണ്ടതുണ്ട് എന്ന്. ഈ വേഷത്തിന് ഞാനൊരു കോഴിക്കോടന്‍ സ്ലാങ് നല്‍കിക്കോട്ടെ എന്ന് ചോദിച്ചു, ശ്രമിച്ചു നോക്കിക്കോളാന്‍ ഡയരക്ടര്‍ സര് പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. പിന്നെ ഡബ്ബ് ചെയ്യാന്‍ എനിക്ക് മാത്രമല്ലേ പറ്റൂ- ചിരിയോടെ കാര്‍ത്തിക് പറഞ്ഞു.
