നടിയെ ആക്രമിച്ച കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി വിചാരണ കോടതി!
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017 ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി വിചാരണ കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യങ്ങൾ ഉണ്ടെന്നും കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് വിമർശനം. കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചിരുന്നു.വാദം തുടരുന്നതിനിടെയായിരുന്നു കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്.
രാവിലെ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസ് കോടതിയിൽ ഹാജരായിട്ടുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വമർശനം. അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയാണെന്ന് കോടതി ആരാഞ്ഞു.
കോടതി നടപടികളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നും കോടതി വിമർശിച്ചു.കോടതികളിലെ രഹസ്യ രേഖകൾ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുന്നുണ്ടെന്നും കോടതി വിമർശിച്ചു. നേരത്തേയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി വിമർശനം ഉന്നയിച്ചിരുന്നു.
തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്ന ദിലീപിന്റെ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. അന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസിൽ നിന്നും നേരിട്ട് വിശദീകരണവും കോടതി ചോദിച്ചിരുന്നു.അതേസമയം കേസിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും പ്രോസിക്യൂഷനും അതിജീവിതയും കോടതിയിൽ ആവർത്തിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയതെനതിരെ അതിജീവിതയും പ്രോസിക്യൂഷനും വിചാരണ കോടതിക്ക് തന്നെ ഹർജി നൽകിയിരുന്നു.കേസ് നേരത്തേ സിബിഐ കോടതിയിലായിരുന്നു.എന്നാൽ സിബിഐ കോടതിയിലേക്ക് പുതിയ ജഡ്ജിയെ നിയമിച്ചതോടെ കേസ് ഹണി എം വർഗീസ് ജഡ്ജിയായ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ കേസ് പരിഗണിക്കുന്ന വിചാരണ കോടതിയിൽ തന്നെ വീണ്ടും പ്രോസിക്യൂഷനും അതിജീവിതയും ഹർജി നൽകുകയായിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് മാറ്റിയതെന്ന് ഇന്ന് അതിജീവിത കോടതിയിൽ വാദിച്ചു.
ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും അതിജീവിത വാദിച്ചു.അതേസമയം പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും ഈ ആവശ്യത്തെ എതിര്‍ത്ത് പ്രതിഭാഗം രംഗത്തെത്തി. കേസ് ഈ മാസം 19 ന് കോടതി വീണ്ടും പരിഗണിക്കും. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാനും ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു.അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ആവശ്യം തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
കർശന വ്യവസ്ഥകളോടെയായിരുന്നു ദിലീപിന് കേസിൽ ജാമ്യം അനുവദിച്ചത്. എന്നാൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നതിന് നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ നേരത്തേ അറിയിച്ചത്. കേസിലെ സാക്ഷിയായ ആലുവയിലെ ഡോക്ടർ ഹൈദരലിയെ സ്വാധീനിക്കാൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് നടത്തിയ ഫോൺ സംഭാഷണം അന്വേഷണം സംഘത്തിന് ലഭിച്ചിരുന്നു. മറ്റൊരു സാക്ഷിയായ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ രേഖകളും പോലീസിന് ലഭിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകരും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
