മിമിക്രി കലാകാരൻ പെരുന്താറ്റില്‍ ഗോപാലന് അന്തരിച്ചു!
മിമിക്രി, മോണോ ആക്ട് കലാകാരനും ആധ്യാത്മിക പ്രഭാഷകനുമായ എരഞ്ഞോളി പെരുന്താറ്റില്‍ സൗഭാഗ്യയില്‍ പെരുന്താറ്റില്‍ ഗോപാലന് അന്തരിച്ചു. കൊച്ചിന് കലാഭവനില്‍ സിനിമനടന് ജയറാം, സൈനുദ്ദീന്‍, റഹ്മാന്, നാരായണന്‍കുട്ടി എന്നിവരൊടൊപ്പം രണ്ടുവര്‍ഷം സംസ്ഥാനത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ഒന്‍പത് തവണ ഗോപാലന്റെ ശിഷ്യര്‍ ഏകാഭിനയത്തില്‍ വിജയികളായി. നാലായിരത്തോളം ശിഷ്യന്മാരുണ്ട്. സിനിമതാരങ്ങളായ വിനീത്, വിനീത്കുമാര്‍, വിനീത് ശ്രീനിവാസന്, ഷംന കാസിം, ഗായകന് നജീം അര്‍ഷാദ് എന്നിവര്‍ മോണോ ആക്ട് പഠിക്കാനെത്തിയിരുന്നു. മക്കളും കലോത്സവ വേദികളില്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
കോഴിക്കോട് ആകാശവാണിയില്‍ നാടക കലാകാരനായിരുന്നു. തലശ്ശേരി ഗവ. പ്ലീഡര്‍ ഓഫീസില്‍ ജീവനക്കാരനായി സര്‍വീസില്‍നിന്ന് വിരമിച്ചു. ഭാര്യ: സത്യവതി. മക്കള്‍: സുസ്മിത (ഏഷ്യാനെറ്റ് റേഡിയോ അവതാരിക, ദുബായ്), സുകേഷ് (ഷാര്‍ജ), സുഗിഷ (വടക്കുമ്പാട് എച്ച്.എസ്.എസ്. അധ്യാപിക). മരുമക്കള്‍: ജഗദീശന് (ദുബായ്), നിമ്മി (ഷാര്‍ജ), സജിത്ത് (ബിസിനസ്). സഹോദരങ്ങള്‍: ബാലകൃഷ്ണന്, ജാനകി, ജയശ്രീ, സുരേന്ദ്രന്.
