ആകാശദൂത് കണ്ട് കരയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല; ഇപ്പോഴും അതിലെ ചില സീനുകള്‍ കാണുമ്പോള്‍ ഞാന്‍ കരഞ്ഞു പോകും; ഔസേപ്പച്ചന് പറയുന്നു !
ആകാശദൂത് ഇന്നും മലയാളികളുടെ മനസില്‍ വേദന നിറയ്ക്കുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്. മാധവിയും മുരളിയും നായിക, നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടത് നാല് ബാലതാരങ്ങളായിരുന്നു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്ക്കും.
സിബി മലയില്‍- ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ആകാശദൂത്.
ഇപ്പോഴിതാ ആകാശദൂത് കണ്ട് കരയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ലെന്നാണ് പ്രശസ്ത സംഗീത സംവിധായകന് ഔസേപ്പച്ചന് പറയുന്നത്. ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ ഇപ്പോഴും ആകാശദൂതിലെ ചില സീനുകള്‍ കാണുമ്പോള്‍ ഞാന്‍ കരഞ്ഞു പോകും, സിനിമയിലെ ഒരു സീനില്‍ കാലിന് വയ്യാത്ത പയ്യന് അമ്മയോട് എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ… എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ.. എന്ന് പറയുന്ന സീന്‍ എനിക്ക് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല.. ഞാന്‍ കരഞ്ഞുപോകും’ ഔസേപ്പച്ചന് പറഞ്ഞു.
രാപ്പാടി കേഴുന്നുവോ… എന്ന പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ സംവിധായകന് സിബി മലയില്‍ കരഞ്ഞുപോയെന്നും, അങ്ങനെ പാട്ടിന്റെ ഫസ്റ്റ് ട്യൂണ്‍ തന്നെ ഓക്കെ ആയെന്നും ഔസേപ്പച്ചന് ഓര്‍ത്തെടുത്തു.ആകാശദൂത് വിജയിക്കാനുള്ള ഒരു പ്രധാന കാരണം രാപ്പാടി കേഴുന്നുവോ…. എന്ന പാട്ടാണെന്നും സിനിമയുടെ ഫുള്‍ ഫീല്‍ ആ പാട്ടിലുണ്ടെന്നും ഔസേപ്പച്ചന് കൂട്ടിച്ചേര്‍ത്തു.
