നമ്മുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്, ആ സുരക്ഷ ഒരു പ്രൊഡക്ഷന്‍ ഹൗസ് കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം വലുതാണ്; നിവിൻ പോളി പറയുന്നു !
മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. തന്റേതായ അഭിനയ ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടുമെല്ലാം നിവിന്‍ പോളി മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇതാ പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്
ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് നിവിന്‍ പോളിയുള്‍പ്പെടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും.
നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ വേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിവിന്‍. മഹാവീര്യര്‍ സെറ്റിലെ ഐ.സി കമ്മിറ്റിയെ കുറിച്ചും പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിവിന്‍ പറയുന്നുണ്ട്.
നിവിന്‍ എന്ന പ്രൊഡ്യൂസര്‍ നിവിന്‍ എന്ന നടനെ സമ്മര്‍ദത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും സമ്മര്‍ദമുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.
അഭിനയിക്കുകയും പ്രൊഡ്യൂസ് ചെയ്യുകയും ചെയ്യുമ്പോള്‍ ഇതിന്റെയൊരു സ്ട്രസ് ലെവല്‍ ഭയങ്കര കൂടുതലായിരിക്കും. പ്രൊഡക്ഷനില്‍ എന്തെങ്കിലും ഒരു വിഷയം വന്നാല്‍ അത് അഡ്രസ് ചെയ്യണം. അതേസമയം തന്നെ ഇപ്പുറത്ത് ഡയറക്ടര്‍ പറയുന്ന രീതിയില്‍ നമുക്ക് പെര്‍ഫോം ചെയ്യാനും സാധിക്കണം. രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ നല്ല ടീമില്ലെങ്കില്‍ സാധിക്കില്ല.ആദ്യ സിനിമ ചെയ്തപ്പോള്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. രണ്ടാമത്തെ സിനിമ ചെയ്തപ്പോഴും കുറേ കാര്യങ്ങള്‍ പഠിച്ചു. അത് ചെയ്യേണ്ട രീതിയില്‍ ചെയ്താല്‍ വളരെ ഈസിയായി പോകുന്ന പ്രോസസാണ്. പ്രൊഡക്ഷനില്‍ ഡിസിപ്ലിന്‍ കൊണ്ടുവരണം. പ്രോട്ടോക്കോള്‍ ആന്‍ഡ് ഡിസിപ്ലിന്‍ പ്രധാനമായും ഉണ്ടാകണം, നിവിന്‍ പറഞ്ഞു.
പ്രോട്ടോക്കോളിനും ഡിസിപ്ലിനും പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് സിനിമ ആവശ്യപ്പെടുന്നുണ്ടല്ലോ. പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങള്‍ സിനിമയില്‍ നിന്ന് ഉണ്ടാകുന്നതുകൊണ്ട്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഇന്റേണല്‍ കമ്മിറ്റി രൂപീകരണം ഇപ്പോള്‍ നടക്കുന്നുണ്ട്. പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഇതിന് ഇനീഷ്യേറ്റീവ് എടുക്കാറുണ്ടോ എന്ന ചോദ്യത്തിന് തങ്ങളുടെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു എന്നായിരുന്നു നിവിന്റെ മറുപടി.
ഞങ്ങളുടെ സിനിമയില്‍ ഐ.സി ഉണ്ടായിരുന്നു. അതുവെച്ച് തന്നെയാണ് ഞങ്ങള്‍ തുടങ്ങിയത്.
അത് അങ്ങനെ പുറത്തുപറയേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. ഇന്റേണലി എല്ലാവരേയും അറിയിച്ചിരുന്നു. അത്തരം കാര്യങ്ങളില്‍ തീര്‍ച്ചയായും ശ്രദ്ധയുണ്ടാകും. നമ്മുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. ആ സുരക്ഷ ഒരു പ്രൊഡക്ഷന്‍ ഹൗസ് കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം വലുതാണ്. അവര്‍ക്കൊരു ധൈര്യം വരും. ഞങ്ങള്‍ അത് ഈ സിനിമയില്‍ ചെയ്തിട്ടുണ്ടായിരുന്നു,നിവിന്‍ പറഞ്ഞു.
