കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ കയറി വികൃതി കാണിച്ചത് മൂലമാണ് കുഞ്ഞില മാസിലാമണിയെപൊലീസ് കസ്റ്റഡിയില്‍ എടുത്തത് രഞ്ജിത്ത്!
വനിതാ ചലച്ചിത്രമേള വേദിയില്‍ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് രംഗത്ത് . മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ കയറി വികൃതി കാണിച്ചത് മൂലമാണ് പൊലീസ് അവരെ കസ്റ്റഡിയില്‍ എടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്നും ഇത്തരം നാടകങ്ങൾക്ക് മേളയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വനിതാ ചലച്ചിത്രമേളയുടെ ഓപണ്‍ ഫോറത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രഞ്ജിത്ത്.
ആ സംവിധായികയുടെ സിനിമ ഒരു ഒറ്റ ചിത്രമല്ല. ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രമാണ്. അത് മാത്രം അടര്‍ത്തിയെടുത്ത് ഇവിടെ കാണിക്കണമെന്ന ആവശ്യവുമായാണ് അവര്‍ അക്കാദമിയെ സമീപിച്ചത്. അത് സാധ്യമല്ല എന്ന സാങ്കേതികപരമായ മറുപടി അക്കാദമി നല്‍കുകയും ചെയ്തു. അക്കാദമിക്ക് എന്റെ പേഴ്സണൽ ഫോണിൽ ഇവർ ഒരു കത്ത് അയച്ചു. എന്റെ പേഴ്സണൽ ഫോണിലേക്ക് അല്ല ഇത്തരം വിഷയങ്ങളിൽ കത്ത് അയക്കേണ്ടത്. അക്കാദമിക്ക് ഒരു മെയിൽ ഐഡിയുണ്ട്. എന്റെ വാട്ട്സാപ്പിൽ വരുന്ന എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകേണ്ട കാര്യമില്ല. എന്നാലും ഈ വിഷയത്തിൽ എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് അറിയുവാൻ ഞാൻ എന്റെ സഹപ്രവർത്തകരുമായി സംസാരിച്ചു. ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രം അടർത്തി മാറ്റി പ്രദർശിപ്പിക്കുക അസാധ്യമാണ്.
ഡബ്യുസിസി അംഗമായ അഞ്ജലി മേനോൻ ഉള്ള വേദിയിൽ ഇവർ എന്നെ കാണാൻ വന്നു. ഇത് സൗഹൃദത്തിന്റെ കൂടെ ഒരു ഇടമാണ് ഇത്തരം ചലച്ചിത്ര മേളകൾ. അവിടെ ആദ്യമേ വാളൂരി പിടിച്ച് നിൽക്കരുത്. അതിന് പറ്റിയ സ്ഥലങ്ങൾ വേറെയുണ്ട്. ഇവർ ഓൺ ചെയ്ത മൊബൈൽ ക്യാമറ മുന്നിൽ വെച്ചുകൊണ്ടാണ് എന്നോട് സംസാരിക്കുന്നത്. ഞാൻ വളരെ മാന്യമായ ഭാഷയിൽ ഫോൺ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാനും നിങ്ങളും സംസാരിക്കുമ്പോൾ ഞാൻ ഒരു മൊബൈൽ ക്യാമറ നീട്ടേണ്ട കാര്യമെന്ത്. കണ്ണിൽ കണ്ണിൽ നോക്കി സംസാരിച്ചുകൂടെ നമുക്ക്. മൊബൈൽ ഓഫ് ചെയ്താൽ മാത്രമേ നിങ്ങൾ സംസാരിക്കുകയുള്ളോഎന്ന് അവർ ചോദിച്ചു. ഇത്ര മാത്രമേ ഞങ്ങൾക്കിടയിൽ സംസാരം ഉണ്ടായിട്ടുള്ളൂ. അഞ്ജലി മേനോൻ ഇതിന് സാക്ഷിയാണ്.
ആ കുട്ടിയെ പൊലീസിന് കൊണ്ടുപോകേണ്ടി വന്നു. അതിന് അക്കാദമിയിലെ ആരും തന്നെ സാക്ഷികളായില്ല.
അതിഥികൾക്ക് വേണ്ടി വേദിയിൽ ഒരുക്കിയ സീറ്റുകളിൽ ഒന്നിൽ ഇരുന്ന്അവർ കാണിക്കുന്ന വികൃതിയാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ ഒരാൾ കയറി വികൃതി കാണിച്ചത് മൂലമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഞാൻ ഒരിക്കൽ കൂടെ പറയുന്നു അക്കാദമിക്ക് ഇതിൽ യാതൊരു റോളുമില്ല. ഒരു കാര്യം കൂടെ പറയാം. ഇതിനെ നമുക്ക് ഒരു ഒറ്റപ്പെട്ട സംഭവം എന്ന് തന്നെ വിളിക്കാം. ഈ പെരുമഴക്കാലത്തും ഇവിടുത്തെ രണ്ട്തിയേറ്ററുകളും നിറയും വിധം പ്രേക്ഷകർ ഉണ്ടെങ്കിൽ ഈ മേള വലിയ വിജയമാണ്. ആ വിജയം വരും വർഷങ്ങളിൽ ആവർത്തിക്കുക തന്നെ ചെയ്യും. ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് അതിന് തടയിടാൻ കഴിയില്ല.
