നടിയെ ആക്രമിച്ച കേസ് ; അനുബന്ധ കുറ്റപത്രം തയ്യാറായി,ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം!
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അനുബന്ധ കുറ്റപത്രം തയാറായി. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ ശരത് മുഖേന ദീലിപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രം ആവർത്തിക്കുന്നത്.
അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നതെങ്കിലും സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിചാരണക്കോടതിയിൽ ഉടനടി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.
ദിലീപിന്‍റെ പക്കൽ ദൃശ്യങ്ങൾ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്‍റെ വീട്ടിൽ ശരത് കൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായ സംവിധായകൻ ബാല ചന്ദ്രകുമാറിന്‍റെ നേർസാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു. 2017 ഡിസംബർ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്‍റെ പക്കൽ ദൃശ്യങ്ങൾ എത്തിയെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപ്പോർട്ടിലുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ അനധികൃതമായി മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്നായിരുന്നു എഫ്എസ്എൽ പരിശോധനയിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 10 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റവും അവസാനം ഹാഷ് വാല്യു മാറിയത് വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് എന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. 2021 ജുലൈ 19 നായിരുന്നു ഇത്. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയായിരുന്നു ദൃശ്യങ്ങൾ തുറന്ന് പരിശോധിച്ചത്. മെമ്മറി കാർഡ് വിവോയുടെ ഫോണിൽ ഉപയോഗിച്ചാണ് പരിശോധിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഫോറൻസിക് പരിശോധന റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡ് ആക്സസ് ചെയ്തപ്പോൾ ഫോണിൽ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ് ടെലിഗ്രാം എന്നിവ ഓപ്പറേറ്റ് ചെയ്തിരുന്നു. ജിയോ സിം ആയിരുന്നു ഈ സമയത്ത് ഫോണിൽ ഉണ്ടായിരുന്നത്. കോടതിയുടെ കസ്റ്റഡയിൽ ഇരിക്കെ ഇത്തരത്തിൽ ദൃശ്യങ്ങൾ ആരാണ് ആക്സസ് ചെയ്തുവെന്നതാണ് ഇനി കണ്ടെത്തേണ്ടത്.
