Connect with us

കൗമാരക്കാരന്റെ ആത്മവിശ്വാസമുള്ള എല്ലാവരോടും സ്നേഹം പുലർത്തുന്ന വ്യക്തിത്വമായിരുന്നു; പ്രതാപ് പോത്തനെ കുറിച്ച് ആഷിക്ക് അബു പറയുന്നു !

കൗമാരക്കാരന്റെ ആത്മവിശ്വാസമുള്ള എല്ലാവരോടും സ്നേഹം പുലർത്തുന്ന വ്യക്തിത്വമായിരുന്നു; പ്രതാപ് പോത്തനെ കുറിച്ച് ആഷിക്ക് അബു പറയുന്നു !

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ വേര്‍പാട് ഉള്‍കൊള്ളാന്‍ മലയാള സിനിമയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. വേറിട്ട കഥാപാത്രങ്ങളിലൂടെ അഭിനയത്തില്‍ സജീവമായിരുന്ന താരം.അഭിനയജീവിതത്തിൽ പ്രതാപ് പോത്തന്റെ രണ്ടാം വരവായിരുന്നു ആഷിക്ക് അബു ചിത്രമായ 22 ഫീമെയ്ൽ കോട്ടയം. ഹെഗ്ഡെ എന്ന വില്ലൻ കഥാപാത്രത്തെ തനത് ശൈലിയിൽ പ്രതാപ് പോത്തൻ വേറിട്ടതാക്കി മാറ്റി. കൗമാരക്കാരന്റെ ആത്മവിശ്വാസമുള്ള എല്ലാവരോടും സ്നേഹം പുലർത്തുന്ന വ്യക്തിത്വമായിരുന്നു പ്രതാപ് പോത്തന്റേതെന്ന് ആഷിക്ക് ഓർത്തെടുക്കുന്നു.

‘‘വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുള്ള സമയത്താണ് 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം എനിക്ക് ഡേറ്റ് തരുന്നത്. ഞങ്ങളുടെ കൗമാര കാലത്തിൽ ഞങ്ങൾ കണ്ട ഒരു റൊമാൻറിക് ഹീറോയെയാണ് നേരിട്ട് പരിചയപ്പെട്ടത്. പ്രതാപ് പോത്തൻ സാറിനെ നേരിട്ട് മനസ്സിലാക്കി കഴിഞ്ഞപ്പോൾ വളരെ കൗതുകം ഉണർത്തുന്ന തരത്തിലാണ് അദ്ദേഹം ഞങ്ങളോടൊക്കെ പ്രതികരിച്ചതും പെരുമാറിയതും. സിനിമയോട് വളരെ പാഷനായിട്ടുള്ള ഒരാളാണ് അദ്ദേഹം എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്.

ഒരു ടീനേജരുടെ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് അദ്ദേഹം ഞങ്ങളോടൊപ്പം ഇടപെഴകിയത്. അത് നന്നായി പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാത്തിനെയും ഇഷ്ടപ്പെടുന്ന ഒരാൾ. ഞാൻ ചെയ്ത രണ്ടു സിനിമയുടെ സമയത്തും അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എങ്കിൽ പോലും അദ്ദേഹം വളരെ നല്ല രീതിയിലാണ് ഞങ്ങൾക്കൊപ്പം നിന്നത്. ഒരു സഹോദരനോടുള്ള അടുപ്പത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും വളരെ ഇഷ്ടമായിരുന്നു.

ഇടുക്കി ഗോൾഡിൽ വർക്ക് ചെയ്യുന്ന സമയത്ത് കാടിനുള്ളിൽ ഒരു ആന ജീപ്പ് മറിച്ചിടുന്ന സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ആ കാട്ടിൽ ഒരുപാട് അട്ടകൾ ഉണ്ടായിരുന്നു. പ്രതാപ് സാറിന് അട്ടകളെ ഭയങ്കര പേടിയാണ് എന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കി. അദ്ദേഹം കാരവനിൽ നിന്ന് ഇറങ്ങാൻ മടി കാണിച്ചിരുന്നു. ആദ്യം ഞങ്ങളെല്ലാം അതൊരു തമാശയാണ് എന്നാണ് കരുതിയത്. ഞങ്ങൾ നേരിട്ട് പോയി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ‘താൻ മരിച്ചു പോകും’ എന്നാണ്. അത്രയും ഒരു പാവം മനുഷ്യൻ ആയിരുന്നു. ഇക്കാര്യമാണ് എനിക്ക് പെട്ടെന്ന് അദ്ദേഹത്തെക്കുറിച്ച് ഓർമ്മ വരുന്നത്. ഒരു യുഗം അവസാനിച്ചത് പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്.’’

More in Actor

Trending

Recent

To Top