ലാലേട്ടൻ അങ്ങനെ സംസാരിച്ചു തുടങ്ങിയതോടെ ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ; ഒരിക്കലും മറക്കാന്‍ സാധിക്കില്ല ആ മുഹൂര്‍ത്തം,’ അനുഭവം പങ്കുവെച്ച് കൈലാഷ്!
ലാല്‍ ജോസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച് നടനാണ് കൈലാഷ്. ശിക്കാര്‍, ദി ഹണ്ട്, പെണ്‍പട്ടണം, ബെസ്റ്റ് ഓഫ് ലക്ക്, ഒരു സ്‌മോള്‍ ഫാമിലി, ഡയമണ്ട് നെക്ലേസ്, റെഡ് വൈന്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‌സ് ദി ലോര്‍ഡ്, ഇവന്‍ മര്യാദരാമന്‍, മാസ്റ്റര്‍പീസ്, അങ്കിള്‍, ഒടിയന്‍, മധുരരാജ, ഇട്ടിമാണി തുടങ്ങി നിരവധി സിനിമകളില്‍ വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് ഈ നടന്‍.
നൈറ്റ് ഡ്രൈവാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന ചിത്രത്തിലെ കൈലാഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ നീലത്താമരയെക്കുറിച്ചും പിന്നീട് ശിക്കാറില്‍ മോഹന്‍ലാലിനെ ആദ്യമയി കാണാന്‍ സാധിച്ച അനുഭവത്തെക്കുറിച്ചും പറയുകയാണ് താരം. അമൃത ടിവിയില്‍ സ്വാസിക അവതാരകയായെത്തുന്ന റെഡ് കാര്‍പ്പറ്റിലാണ് കൈലാഷ് തന്റെ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്ത് . കൈലാഷിനൊപ്പം നടി ശ്രീദേവി ഉണ്ണിയും ഒപ്പമുണ്ടായിരുന്നു.
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമായിരുന്നു നീലത്താമര. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ നീലത്താമരയുടെ കഥ അതേപടി പുതിയ രീതിയില്‍ അവതരിപ്പിച്ചതായിരുന്നു ഈ ചിത്രം.
നടി അര്‍ച്ചന കവിയുടെയും അമല പോളിന്റെയും ആദ്യ ചിത്രമായിരുന്നു നീലത്താമര. റിമ കല്ലിങ്കല്‍, ശ്രീദേവി ഉണ്ണി, സംവൃത സുനില്‍, മാലാ പാര്‍വ്വതി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.കൈലാഷിന്റെ വാക്കുകളില്‍ നിന്നും:’എന്നെ ജനങ്ങള്‍ ഒരു നടനായി തിരിച്ചറിഞ്ഞത് നീലത്താമരയിലൂടെയാണ്. ആദ്യ സിനിമയെന്ന പേരില്‍ എന്നും എന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ടുള്ള ചിത്രമാണത്.’ പഴയ നീലത്താമര കണ്ടിട്ടല്ല താന്‍ സിനിമ ചെയ്തതെന്നും എന്നാല്‍ നീലത്താമരയുടെ കഥ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നുവെന്നും കൈലാഷ് പറയുന്നു.
ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹത്തെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ചും കൈലാഷ് പറയുന്നത് ഇങ്ങനെയാണ്.’ ഞാന്‍ കോതമംഗലത്ത് ഷൂട്ടിനായി ചെല്ലുമ്പോള്‍ ഒരു വലിയ കാടിനുള്ളില്‍ വെച്ചാണ് ആദ്യമായി ലാലേട്ടനെ കാണുന്നത്. കുറെ മരങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു ആ കണ്ടുമുട്ടല്‍. എനിക്ക് ഷൂട്ട് പിറ്റേദിവസമായിരുന്നു.
എങ്കിലും തലേദിവസം തന്നെ ഞാന്‍ എത്തിയിരുന്നു.ടെമ്പോ ട്രാവലറില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹം അതില്‍ നിന്നിറങ്ങി വരുമ്പോഴായിരുന്നു എന്നെ പരിചയപ്പെടുത്തി കൊടുത്തത്. അദ്ദേഹം എന്നോട് അല്‍പനേരം സംസാരിച്ചു. അദ്ദേഹമെന്നോട് ആ മോനെ… എന്നു പറഞ്ഞ് സംസാരിച്ചു തുടങ്ങിയതോടെ ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരിക്കലും മറക്കാന്‍ സാധിക്കില്ല ആ മുഹൂര്‍ത്തം.’ കൈലാഷ് പറയുന്നു.
