ദി ഗോഡ്ഫാദറില് സണി കോർലിയോണി; ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു!
ലോക ക്രൈം സിനിമകളുടെ പിതാവ് എന്നറിയപ്പെടുന്ന ദി ഗോഡ്ഫാദറില് സണി കോർലിയോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുടുംബമാണ് മരണ വാര്‍ത്ത അറിയിച്ചത്.1966ലെ എല്‍ ഡൊറാഡോ, 1967ലെ കൗണ്ട് ഡൗണ്‍, ദി റെയിന്‍ പീപ്പിള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകള്‍. ദി ഗോഡ്ഫാദര് എ്ന ചിത്രത്തിലെ അഭിനയത്തിന് സഹ നടനുള്ള അക്കാദമി അവാര്‍ഡിനും സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നോമിനേറ്റ് ചെയ്തിരുന്നു. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അതിഥി വേഷം ചെയ്തിരുന്നു.ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സില്‍ 1940ലാണ് ജയിംസ് കാനിന്റെ ജനനം.
പിതാവിന്റെ കശാപ്പ് ജോലി ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്ന കാന്‍ ഫുട്ബോള്‍ കളിക്കാരനാകണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍, ന്യൂയോര്‍ക്കിലെ ഹൊഫ്സ്ത്ര സര്‍വ്വകലാശാലയിലെ പഠനം പൂര്‍ത്തിയാക്കിയതോടെ താത്പര്യം അഭിനയത്തിലായി. പഠന കാലത്ത് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുമായി പരിചയത്തിലായതാണ് അഭിനയത്തിലേക്ക് തിരിയാന്‍ കാരണമായത്. തുടര്‍ന്ന് പ്ലേഹൗസ് സ്കൂള്‍ ഓഫ് തിയ്യേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. വില്ല്യം ഗോള്‍ഡ്മാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച നാടകത്തിലായിരുന്നു ആദ്യ അഭിനയം.
പിന്നീട് ചെറുതും വലുതുമായി ചലച്ചിത്രങ്ങളിലും ടിവി പരിപാടികളിലും പ്രത്യക്ഷപ്പെട്ടു. 1965ലെ ഹൊവാര്‍ഡ് ഹോക്കിന്റെ റേസിംഗ് കാര്‍ ഡ്രാമയായ റെഡ് ലൈന്‍ 7000 എന്ന ചിത്രത്തിലായിരുന്നു മുഴുനീള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടര്‍ന്ന് ഹോക്കിന്റെ എല്‍ ഡൊറോഡോയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 1969ലെ ദി റെയിന്‍ പീപ്പിള്‍ എന്ന ചിത്രത്തോടെയാണ് കാന്‍ ഹോളിവുഡ് പുതുയുഗത്തിന്റെ ഭാഗമായത്.
കൊപ്പോളയുടെ ദി ഗോഡ്ഫാദറാണ് അദ്ദേഹത്തിന്റെ അഭിനയ ജീവതത്തില്‍ ശ്രദ്ധേയമായത്. അല്‍ പാസിനോ അവതരിപ്പിച്ച മൈക്കല്‍ കോര്ലോണി എന്ന കഥാപത്രത്തിന് വേണ്ടിയായിരുന്നു ഒഡിഷനില്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. എന്നാല്‍, പിന്നീട് സണി എന്ന കഥാപാത്രത്തിലേക്ക് പരിഗണിക്കുകയായിരുന്നു. ഈ ചിത്രത്തിന് അദ്ദേഹത്തിന് ഓസ്കാര്‍ അവാര്‍ഡിനുള്ള നോമിനേഷന് ലഭിക്കുകയായിരുന്നു.
