സ്റ്റാര്‍ഡത്തിന് വേണ്ടി മാത്രം സിനിമയെടുത്താല്‍ അത് വിജയിക്കണമെന്നില്ല; ലൂസിഫര്‍ വിജയിച്ചത് ഇതുകൊണ്ട് ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് !
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണം തുടങ്ങി പൃഥ്വിരാജ് കൈവെക്കാത്ത മേഖലകൾ കുറവാണ്.
സിനിമയ്ക്കൊപ്പം ജീവിക്കുന്ന സിനിമാമോഹിയെന്നും വേണമെങ്കിൽ പൃഥ്വിയെ വിശേഷിപ്പിക്കാം. താരത്തിന്റെ ഏറ്റവും പുതിയ സിനിമ കടുവ റിലീസിന് തയ്യാറെടുക്കുകയാണ്. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ഹിന്ദിയുള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ജൂലൈ 30-ന് ചിത്രം പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിചാരിതമായി ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ വാക്കുകളില്‍ നിന്നും: ‘ഒരു താരത്തിന്റെ മൂല്യം വെച്ച് മാത്രം ഒരു സിനിമ എടുക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. സ്റ്റാര്‍ഡത്തിന് വേണ്ടി മാത്രം സിനിമയെടുത്താല്‍ അത് വിജയിക്കണമെന്നില്ല.
കടുവ പോലെയുള്ള മാസ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമകള്‍ പോലും പ്രത്യേകിച്ച് കഥയൊന്നുമില്ലാതെ സൂപ്പര്‍താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മാത്രം കൂട്ടിച്ചേര്‍ത്ത് സിനിമയാക്കിയാല്‍ തീയറ്ററില്‍ ഓടുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. ഏറ്റവും പ്രധാനം കഥയും അതിനെ സാധൂകരിക്കുന്ന കഥാപാത്രങ്ങളും തന്നെയാണ്.എല്ലാവരും വളരെ പുകഴ്ത്തിയ ചിത്രമായിരുന്നുവല്ലോ ലൂസിഫര്‍. അതില്‍ വളരെ ആഴത്തിലുള്ള ഒരു കഥയും, ആ കഥയെ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി ബന്ധിപ്പിപ്പിക്കുന്ന ഒരു കണക്ടും ഉള്ളതുകൊണ്ടാണ് സിനിമ വിജയിച്ചതെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ താരമൂല്യം വെച്ചുമാത്രം ഒരു വിജയചിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷ എനിക്കില്ല.
ഷാജി കൈലാസ് എന്ന സംവിധായകന്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗ് ഡെലിവറിയും ഓരോ സീനിന്റെയും അവതരണവുമൊക്കെ എനിക്ക് പലപ്പോഴും സിനിമകള്‍ ചെയ്യാന്‍ പ്രചോദനമായിട്ടുണ്ട്. അദ്ദേഹത്തോട് നേരിട്ട് ഞാനത് പറഞ്ഞിട്ടുമുണ്ട്. നല്ലൊരു സിനിമാനിരീക്ഷകന് എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു സ്വാധീനം കണ്ടെത്താന്‍ സാധിക്കും.
ഇന്നും ഞാന്‍ ഷാജിയേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹത്തോട് ആരാധന തോന്നിയിട്ടുള്ള ഒരുപാട് നിമിഷങ്ങളുണ്ട്. ഇന്നത്തെ പ്രേക്ഷകരെ തീയറ്ററില്‍ കൊണ്ടുവന്ന് കയ്യടിപ്പിക്കാന്‍ പറ്റിയ സംവിധായകനാണ് അദ്ദേഹം. ഇത്രയും നീണ്ടൊരു ബ്രേക്ക് അദ്ദേഹത്തിന് മലയാള സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. ഷാജിയേട്ടന്റെ വലിയൊരു തിരിച്ചുവരവാകട്ടെ കടുവ എന്നും ഞാന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുകയാണ്.’ പൃഥ്വിരാജ് പറയുന്നു.