Actor
എന്നെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് പൃഥ്വിരാജ്, സീനിൽ വേണ്ടത് ലഭിക്കുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കും, നമ്മളെ തന്നെ സറണ്ടർ ചെയ്യണം; മോഹൻലാൽ
എന്നെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് പൃഥ്വിരാജ്, സീനിൽ വേണ്ടത് ലഭിക്കുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കും, നമ്മളെ തന്നെ സറണ്ടർ ചെയ്യണം; മോഹൻലാൽ
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ പൃഥ്വിരാജ് തന്നെ അത്ഭുതപ്പെടുത്തിയ സംവിധായകനാണെന്ന് പറയുകയാണ് മോഹൻലാൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പൃഥ്വിരാജിനെ കുറിച്ച് വാചാലനായത്. പൃഥിരാജിനൊപ്പം വർക്ക് ചെയ്യുകയെന്നത് ശ്രമകരമാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് എല്ലാം അറിയാം. പ്രധാനമായും ലെൻസിംഗിനെക്കുറിച്ച്. എക്യുപ്മെന്റ്സിനെക്കുറിച്ചും ആക്ടേർസിനെക്കുറിച്ചും ഒക്കെ അറിയാം. സീനിൽ വേണ്ടത് ലഭിക്കുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കും. വളരെയധികം കമ്മിറ്റഡായ സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക ശ്രമകരമാണ്. നമ്മളെ തന്നെ സറണ്ടർ ചെയ്യണം.
ഈഗോയില്ല. കഥാപാത്രത്തിന് വേണ്ടി ടേക്കുകൾ ചോദിക്കും. ഈ സിനിമ മുഴുവൻ പൃഥ്വിരാജിന്റെ തലയിലാണ്. അത് ഫ്ലോപ്പാക്കാൻ പറ്റില്ലെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. അതിനാൽ ത്നനെ ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും.
മോഹൻലാലിന്റെ അഭിമുഖത്തിന് പിന്നാലെ മോഹൻലാലിനെക്കൊണ്ട് നിരവധി ടേക്കുകൾ താൻ ചെയ്യിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് മുമ്പൊരിക്കൽ തുറന്ന് പറഞ്ഞതും ശ്രദ്ധയാകുകയാണ്. ചില സമയത്ത് ലാലേട്ടനെ കൊണ്ട് 17 ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്.
ലാലേട്ടന്റെ കുറ്റം കൊണ്ടല്ല. മറ്റ് കാരണങ്ങൾ കൊണ്ടാണ്. അപ്പോഴൊക്കെ അസിസ്റ്റന്റ്സോ കൂടെയുള്ളവരെ പതിനേഴാമത്തെ ടേക്കായി എന്ന് പറയും. എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. നിർമാതാവിനോട് പോലും അദ്ദേഹം പറഞ്ഞത് ആന്റണീ അയാൾ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്നാണ്.
ഒരു സംവിധായകനായി നിൽക്കുമ്പോൾ സത്യത്തിൽ കുറച്ചൊക്കെ നമ്മൾ അറിഞ്ഞില്ല എന്ന ഭാവം വേണ്ടി വരും. ലാലേട്ടന് ഡെസ്റ്റ് അലർജിയുണ്ട്. അദ്ദേഹത്തിന് പൊടിയുള്ള സ്ഥലങ്ങളിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്. ലൂസിഫറിൽ ജയിലനകത്ത് വെച്ചുള്ള ഫൈറ്റ് സീനുണ്ട്. ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ഭയങ്കരമായി പൊടിയുണ്ട്. ഷൂട്ട് തുടങ്ങി അര മുക്കാൽ മണിക്കൂർ പോലും എടുത്തില്ല. ലാലേട്ടന് തീരെ വയ്യാതായി. ഷൂട്ട് നിർത്തി വെക്കാം, പിന്നീട് ചെയ്യാം എന്ന് എനിക്ക് പോയി പറയണം എന്നുണ്ട്. പക്ഷെ നിർത്തി വെച്ചാലുണ്ടാകുന്ന കുഴപ്പങ്ങൾ എനിക്കും ലാൽ സാറിനും അറിയാം.
കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടന് വയ്യ എന്ന് തനിക്കറിയില്ലെന്ന മട്ടിൽ താൻ ഷൂട്ട് തുടർന്നു. കൊച്ചുകുട്ടിയാണ് ലാലേട്ടൻ. ഭയങ്കര രസമുള്ള വീഡിയോ യൂട്യൂബിൽ വന്നാൽ അത് ലാലേട്ടൻ നമുക്ക് കാണിച്ച് തരുന്ന രീതി കാണണം. വീഡിയോ കാണിക്കുമ്പോൾ പലപ്പോഴും ഞാൻ ലാലേട്ടന്റെ മുഖത്താണ് നോക്കുക. ഒരു ഷോട്ട് എടുത്താൽ സർ ഞാൻ ആ ഷോട്ടൊന്ന് കണ്ടോട്ടെ എന്ന് ചോദിക്കുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
അതേസമയം, 2025 മാർച്ച് 27 ന് ആണ് ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ എത്തും. 2019 മാർച്ച് 28 നായിരുന്നു ‘ലൂസിഫർ’ പുറത്തിറങ്ങിയത്. ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവഹിക്കുന്നത്.
ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാൻറെ ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
