News
വിശാല്‍ വീണ്ടും രാഷ്ട്രീയത്തിലേയ്ക്ക്…!; ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കും? ; വിശാല്‍ പറയുന്നു
വിശാല്‍ വീണ്ടും രാഷ്ട്രീയത്തിലേയ്ക്ക്…!; ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കും? ; വിശാല്‍ പറയുന്നു
നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. കഴിഞ്ഞ ദിവസം താരം വീണ്ടും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍.
ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും കുപ്പം മണ്ഡലത്തില്‍ മത്സരിക്കുമെന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് ഞാന്‍ നിരസിക്കുകയാണ്. ഇതിനെക്കുറിച്ച് എനിക്ക് ഒട്ടും അറിവില്ല, ആരും എന്നെ ഇതുമായി എന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ വാര്‍ത്ത എവിടെ നിന്ന് കെട്ടിച്ചമച്ചു എന്നും മനസിലാകുന്നില്ല.
ഇപ്പോള്‍ ഞാന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലേക്കോ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ല. വിശാല്‍ പോസ്റ്റില്‍ പറയുന്നു. നടന് വിശാലിന് രാഷ്ട്രീയവുമായി മുന്‍കാല ബന്ധമുണ്ട്. 2017ല്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടതും വാര്‍ത്തയായിരുന്നു.
അതേസമയം, താരത്തിന്റെ ‘ലാത്തി’ എന്ന ചിത്രം അണിയറയിലാണ്. പൊലീസുകാരനായാണ് വിശാല്‍ എത്തുന്നത്. എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുനൈന ആണ് നായിക. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എം ബാലസുബ്രമഹ്ണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം സാം സി എസ്.
