Malayalam
നിങ്ങള്‍ കരുതുന്നത് പോലെയല്ല അതിജീവിതയുടെ ജീവിതം, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നത്; എന്നോടും മഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്; സംയുക്ത വര്‍മ പറയുന്നു
നിങ്ങള്‍ കരുതുന്നത് പോലെയല്ല അതിജീവിതയുടെ ജീവിതം, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നത്; എന്നോടും മഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്; സംയുക്ത വര്‍മ പറയുന്നു
മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ മറക്കാത്ത മുഖങ്ങളില്‍ ഒന്നാണ് സംയുക്ത വര്‍മ. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും ഒരുപാട് ഇഷ്ടമാണ്. അഭിനയലോകത്ത് സജീവമായിരുന്ന സമയം, മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച സംയുക്ത, ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ സിനിമയില്‍ സജീവമായ നില്‍ക്കവെയാണ് നടന്‍ ബിജു മേനോനുമായുള്ള വിവാഹം കഴിയുന്നത്. തുടര്‍ന്ന് സിനിമയോട് വിട പറഞ്ഞ് നിന്ന് താരം പിന്നീട് തിരിച്ചു വന്നില്ല. ആരാധകര്‍ എല്ലാവരെയും നിരാശയിലാഴ്ത്തിയായിരുന്നു താരത്തിന്റെ പിന്മാറ്റം.
അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പ്രത്യേകിച്ച് യോഗ വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. നിങ്ങള്‍ കരുതുന്നത് പോലെയല്ല അതിജീവിതയുടെ ജീവിതം എന്ന് സംയുക്ത വര്‍മ പറയുന്നു. ഒരുപാട് പ്രശ്നങ്ങളാണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത്. വലിയ ട്രോമയാണ് നടിക്കുണ്ടായത്. അതില്‍ നിന്നൊക്കെ എങ്ങനെയാണ് അവള്‍ കരകയറിയതെന്ന് അറിയില്ല.
ഞങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ട് പോലുമുണ്ടെന്ന് സംയുക്ത പറയുന്നു. അതിജീവിതയെ കുറിച്ച് എനിക്ക് ഒരു വാക്കില്‍ പറയാനാവില്ല. അവള്‍ എന്റെ സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് അവള്‍ പഠിച്ചത്. അത്തരമൊരു പരിചയം കൂടി എനിക്ക് അവളുമായിട്ടുണ്ട്. പുറത്തെല്ലാവരും കാണുന്നത് പോലെ, അത്ര സ്ട്രോംഗ് ഒക്കെയാണ്. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ അവള്‍ കടന്ന് പോയിട്ടുള്ള മെന്‍ഡല്‍ ട്രോമ എത്രയാണെന്ന് പറയാനാവില്ല. അത്ര ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ. ഞങ്ങള്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്.
പൊട്ടിക്കരഞ്ഞ് ചിതറി താഴെ വീണുപോയ അവസ്ഥയിലേക്ക് അവള്‍ വന്നിട്ടുണ്ട്. പിന്നീട് അതില്‍ നിന്നാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. അവള്‍ കരുത്ത് നേടിയതും അങ്ങനെയാണ്. പലപ്പോഴും എന്റെ അടുത്തും മഞ്ജു വാര്യറുടെ അടുത്തും ഒക്കെ പറയാറുണ്ട്, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നതെന്ന്. എന്റെ അച്ഛന്‍ മരിച്ചതിന്റെ ഷോക്കില്‍ നിന്ന് അമ്മ ഇതുവരെ കരകയറിയിട്ടില്ലെന്ന് അവള്‍ പറയാറുണ്ടായിരുന്നു. അതുകൊണ്ട് അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്ന് നടി പറഞ്ഞിട്ടുണ്ടെന്ന് സംയുക്ത വര്‍മ പറഞ്ഞു.
നല്ലൊരു ഭര്‍ത്താവാണ് അതിജീവിതയ്ക്കുള്ളത്. ഒപ്പം ധാരാളം നല്ല സുഹൃത്തുക്കളും അവള്‍ക്കുണ്ട്. ഇന്‍ഡസ്ട്രിയിലും ഒരുപാട് ഫ്രണ്ട്ഷിപ്പ് അവള്‍ക്കുണ്ട്. അവരില്‍ നിന്നെല്ലാം അവള്‍ക്ക് പിന്തുണ കിട്ടിയിട്ടുണ്ട്. അവളുടെ ഉള്ളിലും ദൈവാംശമുണ്ട്. അതില്‍ നിന്നെല്ലാമാണ് അതിജീവിത കരുത്ത് നേടിയതെന്നും സംയുക്താ വര്‍മ പറഞ്ഞു. അതുപോലെ ഗീതു മോഹന്‍ദാസ് വളരെ ക്രിയേറ്റീവായിട്ടുള്ള ഡയറക്ടാണ്. ലോകം അവളുടെ കഴിവുകള്‍ കണ്ടിട്ടില്ല. അവളുടെ സുഹൃത്താണെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂ. മഞ്ജു വാര്യര്‍ അതുപോലെ നല്ല സുഹൃത്താണ്. വളരെ പതുക്കെ സംസാരിക്കുന്ന വ്യക്തിയാണ് മഞ്ജുവെന്നും സംയുക്ത പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ കത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെ കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദിഖ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ ഹൈദരാലിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ടക കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഈ പരാമര്‍ശം. നടി എന്തിനാണ് ജഡ്ജിയെ മാറ്റണമെന്ന് വാശി പിടിക്കണമെന്നും ചോദിച്ചിരുന്നു. തന്റെ സുഹൃത്തിന് ഒരബദ്ധം പറ്റിയാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമെന്നും സിദിഖ് പറഞ്ഞിരുന്നു.
