‘ജീവിതം വളരെ നന്നായി പോകുന്നു. സത്യത്തില്‍ എനിക്ക് സ്ഥിരത തോന്നുന്നു;കത്രീനയുമായുള്ള വിവാഹത്തെക്കുറിച്ച് വിക്കി കൗശാല്‍!
ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമാമാങ്കമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും
ബോളിവുഡിന്റെ പ്രിയ താരദമ്പതികളായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇരുവരും . സ്വപ്‌നം പോലെയുള്ള ജീവിതം ആസ്വദിക്കുകയാണ് ഇപ്പോള്‍ ഇരുവരും. വിവാഹശേഷം ഷൂട്ടിങ്ങ് തിരക്കുകളിലാണെങ്കിലും പൊതുപരിപാടികളില്‍ ഇരുവരും സജീവമായി പങ്കെടുക്കാറുണ്ട്.
2021 ഡിസംബര്‍ 9-ാം തീയതി രാജസ്ഥാനിലെ മധോപൂരിലുള്ള റിസോര്‍ട്ടില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിക്കി കൗശാല്‍-കത്രീന കൈഫ് വിവാഹം.അടുത്തിടെ ഐഫ അവാര്‍ഡ് നൈറ്റില്‍ വിക്കി കൗശാല്‍ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങ് തിരക്കുകളില്‍ ആയതിനാല്‍ കത്രീന കൈഫിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും കത്രീനയെക്കുറിച്ച് വിക്കി വേദിയില്‍ സംസാരിച്ചിരുന്നു.
വിവാഹിതനായ ശേഷമുള്ള ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് വളരെ രസകരമായാണ് വിക്കി ഉത്തരം നല്‍കിയത്. ‘ജീവിതം വളരെ നന്നായി പോകുന്നു. സത്യത്തില്‍ എനിക്ക് സ്ഥിരത തോന്നുന്നു. അതാണ് ഉചിതമായ വാക്ക് എന്ന് ഞാന്‍ കരുതുന്നു. ദൈവം ദയയുള്ളവനാണ്, അത് എന്റെ വ്യക്തിപരമോ തൊഴില്‍പരമോ ആകട്ടെ,’ നിറഞ്ഞ പുഞ്ചിരിയോടെ വിക്കി പറയുന്നു.
കത്രീനയെ വിവാഹം കഴിച്ചപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ പ്രതികരണം എന്തായിരുന്നു എന്നും അവതാരകന്‍ ആരാഞ്ഞു. ‘വിവാഹത്തിനായി എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. കുറേദിവസങ്ങള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ചിലവഴിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ അവരെല്ലാം വളരെ കൂളാണ്.’ മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങള്‍ ആയിരുന്നുവെന്നും വിക്കി കൂട്ടിച്ചേര്‍ത്തു.
ഒരു പുരസ്‌കാരദാന ചടങ്ങില്‍ വിക്കി കത്രീനയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതോടുകൂടിയാണ് താരങ്ങളുടെ പ്രണയകഥ പുറംലോകം എത്തിയത്. തന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു വിക്കി തമാശരൂപേണേ ചോദിച്ചത്. എന്നാല്‍ അന്ന് കത്രീന ഇതിന് കൃത്യമായ മറുപടി നല്‍കിയില്ല.
പിന്നീട് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ വിക്കി കൗശാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയിലെ അടുപ്പം കൂടുതല്‍ ചര്‍ച്ചയായത്.
സര്‍ദാര്‍ ഉദ്ദം ആയിരുന്നു വിക്കിയുടേതായി ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. മേഘ്‌ന ഗുല്‍സാറിന്റെ സാം ബഹാദൂര്‍ ആണ് വിക്കിയുടെ പുതിയ ചിത്രം. കത്രീന കൈഫിനും കൈനിറയെ ചിത്രങ്ങളാണ്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. ഫോണ്‍ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സൂര്യവന്‍ഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.
