Malayalam
അക്കാര്യം ഒന്നുകൂടെ ആവശ്യപ്പെട്ടുകൊണ്ട് പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ ആലോചിക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് അഭിഭാഷക
അക്കാര്യം ഒന്നുകൂടെ ആവശ്യപ്പെട്ടുകൊണ്ട് പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ ആലോചിക്കുന്നുണ്ട്; തുറന്ന് പറഞ്ഞ് അഭിഭാഷക
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും മൊഴിയെടുക്കുവാനും സമയം ആവശ്യമാണെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് ഒരോ തവണയും സമയം നീട്ടിക്കിട്ടിയുരുന്നെങ്കിലും നിരവധി തടസ്സങ്ങള്‍ കാരണമാണ് അന്വേഷണം മുന്നോട്ട് പോവാതിരുന്നതെന്ന് പറയുകയാണ് അഡ്വ. ആശാ ഉണ്ണിത്താന്‍. കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഹര്‍ജിയില്‍ പ്രതിഭാഗത്തെ കേള്‍ക്കേണ്ട യാതൊരു ആവശ്യവും ഇല്ല. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന കാര്യം കൃത്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കും.
ഇക്കാര്യം വിചാരണക്കോടതിയെ ഒന്ന് അറിയിക്കുക മാത്രം ചെയ്താല്‍ മതിയെന്നാണ് നേരത്തേയുള്ള വിധികള്‍ വ്യക്തമാക്കുന്നതെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു. സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനായി പുതിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആശാ ഉണ്ണിത്താന്‍ അറിയിച്ചു. ഈ വിഷയത്തില്‍ പ്രതിഭാഗത്തെ കേള്‍ക്കുക എന്നുള്ളത് സമയം നഷ്ടം മാത്രമല്ല, നമ്മുടെ കീഴ്‌വഴക്കങ്ങളുടെ ലംഘനം കൂടിയാണ്. സെറ്റില്‍ഡ് പൊസിഷനില്‍ ഒരു നിയമം ഇരിക്കുന്ന സമയത്ത് കോടതി മറിച്ച് ചിന്തിച്ചാല്‍ ഇനി വരുന്ന കേസുകളിലും ഈ രീതിയിലുള്ള സമയ നഷ്ടങ്ങളും കാര്യങ്ങളും വരുമ്പോള്‍ സെറ്റില്‍ഡ് പൊസിഷനില്‍ എന്താണ് ഇനി അര്‍ത്ഥമുള്ളതെന്ന വലിയ കാര്യം കൂടിയുണ്ടെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു.
ഇത്തരം ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടി നിയമമെല്ലാം മറ്റിയെഴുതുമോയെന്ന ആശങ്കയാണ് നമ്മള്‍ക്കെല്ലാമുള്ളത്.കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം എന്ന് പറയുന്നത്, എല്ലാ ദിവസവും അന്വേഷണ റിപ്പോര്‍ട്ട് എസ് എച്ച് ഒ കോടതിയെ അറിയിക്കുകയും അത് കോടതി മോണിറ്റര്‍ ചെയ്യുന്നു എന്ന് മാത്രമേയുള്ളു. അതല്ലാതെ കോടതിയുടെ സജീവ ഇടപെടലിലൂടെ ഒരു അന്വേഷണം നിലവിലെ നിയപ്രകാരം സാധ്യമല്ല.
കോടതിയോട് തന്നെ ഇങ്ങനെയൊരു ആവശ്യം വെക്കേണ്ട ഗതിക്കെട്ട അവസ്ഥ എന്ന് പറയുന്നത് ഇത്രയും വലിയ ക്രിമിനല്‍ നീതിന്യാ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ നിസ്സഹായര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ കയ്യും കാലും കെട്ടിയിരിക്കുന്നത് അവര്‍ക്ക് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ്.
ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റി പുതിയൊരാളെ വെച്ചത് അവരുടെ അന്വേഷണത്തിന്റെ തീവ്രത കുറക്കാനും അതോടൊപ്പം തന്നെ ദിലീപിന്റെ അഭിഭാഷകരിലേക്ക് അന്വേഷണം എത്താനും പാടില്ലെന്ന തീരുമാനവും ഉണ്ടായി. ഈ ഒരു മാറ്റം പൊലീസിന് ഒരിക്കലും പഴയ സാഹചര്യത്തിലേക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കില്ല. അഭിഭാഷകരിലേക്ക് ഇനി അന്വേഷണം പോവില്ലെന്നും അവര്‍ അവകാശപ്പെടുന്നു.
ഈ ഒരു സാഹചര്യത്തിലാണ് അതീജിവിതയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. അപ്പോള്‍ സര്‍ക്കാറിന്റെ കോര്‍ട്ടില്‍ നിന്നും ഈ സംഭവം തട്ടി കോടതിയിലേക്ക് ഇട്ടിരിക്കുകയാണ്. ഇനി കോടതി തീരുമാനിക്കട്ടെ എന്നാണ് നയം. നാളെ ആരെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ചോദ്യം ഉന്നയിച്ചാല്‍ അത് കോടതി തീരുമാനമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ കയ്യൊഴിയുകയാണ്. ഇവിടെ കോടതിക്ക് പോലും അത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരമില്ലെന്ന് മാത്രമല്ല, യഥാര്‍ത്ഥത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൌലോസിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പണിയാണിത്. എന്നാല്‍ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പിടിച്ച് വെച്ചിരിക്കുകയാണെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു.
സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടി തന്നെയാണ് പല പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്. ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രി ഒരു നിവേദനം കൊടുക്കുന്നുണ്ട്. എതിര്‍ഭാഗം വക്കീലന്മാരിലേക്ക് അന്വേഷണം ചെല്ലണം. കുറ്റക്കാരാണെങ്കില്‍ അവരെ പ്രതിചേര്‍ക്കണം. അതിജീവിത മുഖ്യമന്ത്രിയോട് എന്താണോ ആവശ്യപ്പെട്ടത്, അക്കാര്യം ഒന്നുകൂടെ ആവശ്യപ്പെട്ടുകൊണ്ട് പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അഭിഭാഷക പറഞ്ഞു.
