Malayalam
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ പറയുന്നത് ആരോപണവും ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പറയുന്നത് വെളിപ്പെടുത്തലുമായി അവതരിപ്പിക്കുന്നത് ഇരട്ട നീതിയാണ്, ദിലീപിനും ആ പരിഗണന കിട്ടണമെന്ന് രാഹുല്‍ ഈശ്വര്‍
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ പറയുന്നത് ആരോപണവും ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പറയുന്നത് വെളിപ്പെടുത്തലുമായി അവതരിപ്പിക്കുന്നത് ഇരട്ട നീതിയാണ്, ദിലീപിനും ആ പരിഗണന കിട്ടണമെന്ന് രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പല നിര്‍ണായക തെളിവുകളും ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു മാധ്യമ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസ് ഗണപതി കല്യാണം പോലെ നീട്ടി കൊണ്ട് പോകാതെ അവസാനിപ്പിക്കാന്‍ നോക്കണമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ പറയുന്നത് ആരോപണവും ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പറയുന്നത് വെളിപ്പെടുത്തലുമായി അവതരിപ്പിക്കുന്നത് ഇരട്ട നീതിയാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
‘മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ എന്ന് നികേഷ് കുമാര്‍ പറഞ്ഞില്ല, ആരോപണങ്ങള്‍ എന്നേ പറഞ്ഞുളളൂ. ആ പരിഗണന ദിലീപിനും കിട്ടിയാല്‍ നന്നായിരുന്നു. ദിലീപിന് എതിരെ ബാലചന്ദ്ര കുമാര്‍ നടത്തിയത് വെളിപ്പെടുത്തല്‍ ആകുന്നത് ഇരട്ട നീതിയാണ്. ബാലചന്ദ്ര കുമാറും സ്വപ്നയും സരിതയും കുറേ ആരോപണങ്ങള്‍ പറയുന്നു. ഇതൊക്കെ വെളിപ്പെടുത്തലെന്ന് പറഞ്ഞ് വെള്ളപൂശരുത്.
സായ് ശങ്കറിനെ എന്തുകൊണ്ടാണ് പ്രതിയാക്കാത്തത് എന്ന് ജഡ്ജി ഹണി വര്‍ഗീസ് ചോദിച്ചു. അത് ഒരിക്കലും ചോദിച്ചുകൂടാത്ത ചോദ്യമാണ് തന്റെ അഭിപ്രായത്തില്‍. കാരണം സായ് ശങ്കര്‍ ബൈജു പൗലോസിന്റെ ആളാണ്. മുന്‍പത്തെ കേസിന്റെ അഡ്ജസ്റ്റ്മെന്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. മുന്‍പ് ക്രിമിനലാണ് എന്ന് പറഞ്ഞിരുന്ന, ദിലീപിന് അനുകൂലമായി നില്ക്കുമ്പോള് കരി വാരി തേക്കപ്പെട്ട സായ് ശങ്കര്‍ ദിലീപിന് എതിരെ നില്ക്കുമ്പോള് വിശുദ്ധനും നല്ലവനും ആകുന്നു.
പോലീസിന് വേണ്ടി ഇറങ്ങി കളിക്കുന്ന ആളാണ് സായ് ശങ്കര്‍. അതുകൊണ്ട് ഒരു കാരണവശാലും കേസ് വരില്ല. ദിലീപിന് എതിരെ ഒരു നരേറ്റീവ് നിരന്തരം നിര്‍മ്മിക്കുകയാണ്. അത് കോടതി അംഗീകരിക്കാത്തപ്പോള്‍ കോടതികളെ അപഹസിക്കുന്നു. എന്നാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തത് എന്ന് കോടതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. അതിന് എന്തെങ്കിലും രേഖകളോ തെളിവുകളോ വേണ്ടേ.
പിന്നീട് കൂട്ടിച്ചേര്‍ത്തത് ആണോ എന്നൊക്കെ അറിയാനുളള അവസരം വേണം. ഇത്തരം കാരണങ്ങളൊക്കെ ഉളളപ്പോള്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നത് നീതിക്ക് ചേര്‍ന്നതല്ല. ഇനി 28 ദിവസമേ ഉളളൂ. അതിനുളളിലെങ്കിലും എന്തെങ്കിലും തെളിവ് കണ്ടെത്തണം. അല്ലാതെ ഗണപതി കല്യാണം പോലെ ഈ കേസ് മുന്നോട്ട് കൊണ്ട് പോകാതെ അവസാനിപ്പിക്കാന്‍ നോക്കണം.
26 ദിവസം കഴിഞ്ഞ് വന്നിട്ട് കാവ്യാ മാധവന്റെ ഫോണ്‍ ഇനിയും വേണം, അതില്‍ 2 ലക്ഷം ഡാറ്റ ഉണ്ട്, അത് പരിശോധിക്കാന്‍ മൂന്ന് മാസം കൂടി വേണം എന്ന് പറയുന്നത് കേരള പൊതുസമൂഹത്തിന് മുന്നില്‍ പോലീസ് അപഹാസ്യരാവുകയേ ഉളളൂ. മലയാള സിനിമയിലെ ലെജന്‍ഡ് ആയ മധു അടക്കമുളളവര്‍ ദിലീപിനെ പിന്തുണയ്ക്കുന്നു. ദിലീപ് അത് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മധു പറഞ്ഞത്.
പെണ്‍കുട്ടികള്‍ തനിക്ക് പുറത്ത് പോകുന്നതിനെതിരെ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നില്ല. മാറിയ കാലഘട്ടത്തില്‍ അത് ശരിയല്ല. ദിലീപിനെ വ്യക്തിപരമായി അറിയാവുന്ന, സിനിമയിലെ എല്ലാം അറിയുന്ന മധുവിനെ പോലെ ഒരു മുതിര്‍ന്ന നടന് ദിലീപില്‍ വിശ്വാസം രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്ന് പറയുന്നത് താന്‍ അടക്കം ദിലീപ് അനുകൂലികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്’ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ ഈ മാസം 28 ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളും കോടതിയ്ക്ക് മുന്‍പാകെ പ്രോസിക്യൂഷന് എത്തിച്ചിരിന്നു.
എന്നാല്‍ പ്രോസിക്യൂഷന് വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണ് പ്രോസിക്യൂഷന് ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ യഥാര്‍ത്ഥ തീയതി കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
