Malayalam
51-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ നാളെ തിരിതെളിയും.. ഇതാദ്യമായി വിര്‍ച്വല്‍-ഫിസിക്കല്‍ ഫോര്‍മാറ്റിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്
51-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ നാളെ തിരിതെളിയും.. ഇതാദ്യമായി വിര്‍ച്വല്‍-ഫിസിക്കല്‍ ഫോര്‍മാറ്റിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്
അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ നാളെ തിരിതെളിയും. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. മറ്റുള്ളവർക്ക് ഓണ്‍ലൈനായി സിനിമ കാണാം. എല്ലാവര്‍ഷവും നവംബര്‍ മാസത്തിലാണ് മേള നടത്തിയിരുന്നത്.
ആകെ 224 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തിലേക്ക് മൊത്തം 15 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇതാദ്യമായി വിര്‍ച്വല്‍-ഫിസിക്കല്‍ ഫോര്‍മാറ്റിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
തോമസ് വിന്റര്‍ബെര്‍ഗ് സംവിധാനം ചെയ്ത ഡെന്മാര്ക്ക് ചിത്രം അനദര്‍ റൗണ്ടാണ് മേളയിലെ ഉദ്ഘാടന ചിത്രം. ലോക സിനിമ വിഭാഗത്തില്‍ അമ്പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലേക്ക് മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗണേഷ് വിനായകന്റെ തമിഴ് ചിത്രം ‘തായേന്‍’, കൃപാല്‍ കാലിത സംവിധാനം ചെയ്ത ആസാമീസ് ചിത്രം ‘ ബ്രിഡ്ജ് ‘, സിദ്ധാര്‍ത്ഥ് ത്രിപാതിയുടെ ‘എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍’ എന്നിവയാണ്
23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തില്‍നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഈ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടംപിടിച്ചിരിക്കുന്നത്. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ഇടംപിടിച്ച ചിത്രം.
ജയറാം കുചേലനായി വേഷമിടുന്ന സംസ്കൃത സിനിമ നമയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ധനുഷും മഞ്ജുവാരിയരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം ‘അസുരന്’, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്സി പന്നു, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ വേഷമിട്ട തുഷാര്‍ ഹിരനന്ദാനി ചിത്രം ‘സാന്‍ഡ് കി ആംഗ്’ എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റുചിത്രങ്ങള്‍.
അര്‍ജന്റീനിയന്‍ ചലച്ചിത്രകാരനായ പാബ്ളോ സീസറാണ് ജൂറി ചെയര്മാന്. പ്രശസ്ത സംവിധായകന് പ്രിയദര്ശന് ( ഇന്ത്യ ), പ്രസന്ന വിതായംഗെ (ശ്രീലങ്ക )അബൂബേക്കര്‍ ഷാക്കി ( ആസ്ട്രിയ ), റുബയാത് ഹുസൈന് ( ബംഗ്ളാദേശ് ) എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
