ഇതൊരു നിയോഗമാണ് എവിടെക്കണ്ടാലും ഇവനെ രണ്ട് പൊട്ടിക്കുക എന്നുള്ളതെന്ന് നിഷ സാരംഗ്; കിട്ടി കിട്ടി ശീലമായെന്ന് മാത്യു; പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരങ്ങൾ !
ധ്യാന്‍ ശ്രീനിവാസന് തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്. ദിലീഷ് പോത്തന്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതവും ഗുരുപ്രസാദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദിലീഷ് പോത്തന്, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.പ്രകാശന് പറക്കട്ടെയുടെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി നിഷ സാരംഗ് ഇപ്പോള്‍. ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
നേരത്തെ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലും മാത്യുവും നിഷ സാരംഗും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രത്തില്‍ അനശ്വര രാജന് അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് നിഷ എത്തിയത്.മാത്യു അവതരിപ്പിച്ച ജെയ്സണെ കീര്‍ത്തിയുടെ അമ്മ തല്ലുന്ന രംഗവും ചിത്രത്തിന്റെ ക്ലൈമാക്സിലുണ്ട്. ഇതുപോലെ പ്രകാശന് പറക്കട്ടെയില്‍ മാത്യു അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി എത്തിയപ്പോഴുള്ള അനുഭവമാണ് നിഷ പറയുന്നത്.
”ലൊക്കേഷനില്‍ ഞാന്‍ ഹാപ്പിയായിരുന്നു. എല്ലാവരും ഭയങ്കര ഹാപ്പിയായിരുന്നു. ഏറ്റവും നല്ല സന്തോഷമുള്ള ഒരു ലൊക്കേഷനായിരുന്നു.ക്യാരക്ടര്‍ നോക്കുകയാണെങ്കില്‍ ഇതൊരു നിയോഗമാണ് (മാത്യുവിനെ നോക്കിക്കൊണ്ട്), എവിടെക്കണ്ടാലും രണ്ട് പൊട്ടിക്കുക എന്നുള്ളത്. രണ്ടടി കൊടുത്താലേ നന്നാകൂ എന്നുള്ള ചില കുട്ടികളുണ്ട്. അടി കൊണ്ടാലും നന്നാകാത്ത കുട്ടികളുമുണ്ട്,” നിഷ സാരംഗ് പറഞ്ഞു.
”എനിക്ക് എല്ലാ പടത്തിലും തല്ല് കിട്ടുന്നുണ്ട് ഇപ്പോള്‍ അതൊരു ശീലമായി,” എന്നായിരുന്നു ഇതിന് മാത്യു ചിരിച്ചുകൊണ്ട് നല്കിയ മറുപടി.ഇതിലെ എന്റെ കഥാപാത്രം നല്ല സ്ട്രിക്ടായ, എപ്പോഴും പയറ് പോലെ, കുട്ടികളുടെ പിറകെ നടക്കുന്ന ഒരു അമ്മയാണ്. കുട്ടികള്‍ അത് ചെയ്തില്ല, അവനെക്കൊണ്ട് കൊള്ളില്ല എന്നൊക്കെ പറയുന്ന അമ്മയാണ്. പ്രായത്തിന്റെ പ്രശ്നമാണ്. നമ്മള് ഒതുങ്ങില്ല, അവരും ഒതുങ്ങില്ല. ഈ ജനറേഷന്റെ കുഴപ്പമാണത്, അമ്മമാര്‍ ഒതുങ്ങുക എന്നത്.
എനിക്ക് തോന്നുന്നത്, അമ്മമാര്‍ ഒതുങ്ങേണ്ടിടത്ത് ഒതുങ്ങിയില്ലെങ്കില്‍ കുട്ടികള്‍ നമ്മളെ കവച്ചുവെച്ച് പോകും,” നിഷ സാരംഗ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.
