Malayalam
രണ്ട് കാര്യങ്ങളാണ് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇനി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവേണ്ടത് കോടതിയില്‍ നിന്നാണ്; തുറന്ന് പറഞ്ഞ് അഭിഭാഷക
രണ്ട് കാര്യങ്ങളാണ് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇനി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവേണ്ടത് കോടതിയില്‍ നിന്നാണ്; തുറന്ന് പറഞ്ഞ് അഭിഭാഷക
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന അഭിഭാഷകയാണ് ടിബി മിനി. പലപ്പോഴും അഭിഭാഷകയുടെ വാക്കുകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഡ്വ. ടിബി മിനി. വിശദമായ പരിശോധനകള്‍ക്കായി മെമ്മറി കാര്‍ഡ് ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡ് ആരൊക്കെ ഉപയോഗിച്ചു, അതില്‍ കൃത്രിമത്വം നടന്നോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തണം എന്നതായിരുന്നു അതിജീവിതയുടെ ആവശ്യമെന്നും ടിബി മിനി വ്യക്തമാക്കുന്നു.
ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷക.
കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് പ്രതിഭാഗം ഇടപെടലുകള്‍ നടത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ട്. അക്കാര്യത്തിലും അന്വേഷണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതൊന്നും ഇല്ലാതെ കുറ്റപത്രം സമര്‍പ്പിക്കരുതെന്നായിരുന്നു നമ്മുടെയൊക്കെ പ്രധാനപ്പെട്ട ആവശ്യം. 30/5 ന് കോടതി അന്നുവരെ അനുവദിച്ചിരിക്കുന്ന സമയം കഴിയുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ഈ സമയത്താണ് നടി ഹര്‍ജിയുമായി മുന്നോട്ട് വന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു. നടിയുടെ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുകയും അടുത്തമാസം 15 വരെ തുടരന്വേഷണത്തിന് സമയപരിധി നീട്ടിക്കിട്ടുകയും ചെയ്തു. മെമ്മറികാര്‍ഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ചോദ്യംചെയ്യലും നടക്കണം. അത് എഫ് എസ് എല്ലിലേക്ക് അയക്കാതിരിക്കുന്നു എന്നുള്ളതായിരുന്നു നേരത്തേയുള്ള നമ്മുടെ ധാരണ.
അതേസമയം, മെമ്മറികാര്‍ഡുമായി ബന്ധപ്പെട്ടുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുത്തിരിക്കുന്ന അപേക്ഷ കോടതി 9/5/22 ന് തള്ളുകയും നെടുമ്പാശ്ശേരി പൊലീസ് എസ് എച്ച് ഓയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ വിവരം ഞങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്തതിന് ശേഷമാണ് ഓപ്പണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ അറിയുന്നത്. കോടതിയുടെ അന്നത്തെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതായും ടിബി മിനി അറിയിക്കുന്നു.
അതിജീവിതയെ സംബന്ധിച്ച് അന്വേഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആ നിലയില്‍ പരിഹരിച്ചിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവേണ്ടത് കോടതിയില്‍ നിന്നാണ്. എന്നാല്‍ ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ കേസ് അന്വേഷണം മുന്നോട്ട് പോവണമെന്ന പ്രധാനപ്പെട്ട ആവശ്യവും നമ്മള്‍ മുന്നോട്ട് വെച്ചിരുന്നു. അതിനെ സംബന്ധിച്ചുള്ള വാദമാണ് ഇനി കോടതിയില്‍ കേള്‍ക്കാനുളളത്. പത്താം തിയതി ഈ ആവശ്യം കോടതി പരിഗണിക്കും.
ഒരു കേസില്‍ ശരിയായ രീതിയില്‍ തെളിവുകള്‍ ശേഖരിക്കപ്പെട്ടിട്ടില്ലെങ്കിലാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. കൃത്യമായ അന്വേഷണത്തിന് ശേഷം പ്രോസിക്യൂഷനാണ് കേസ് കോടതിയില്‍ നടത്തേണ്ടത്. ആ സമയത്ത് കണ്ടെത്തിയ തെളിവുകളുമായി വൈരുധ്യങ്ങളില്ലെങ്കില്‍ കോടതിയില്‍ പ്രതിയെ ശിക്ഷിക്കുന്ന സാഹചര്യമാണ് ഉണ്ടാവാറുള്ളത്. അതിനെ ഹാജരാക്കുന്ന തെളിവുകളെ അംഗീകരിക്കുന്ന ഒരു നിലപാട് കോടതിക്ക് ഉണ്ടാകണം. അതില്ലെങ്കില്‍ രണ്ട് കക്ഷികളില്‍ ആര്‍ക്ക് വേണമെങ്കിലും അപ്പീല്‍ സംവിധാനങ്ങളിലേക്ക് പോവാമെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന തനിക്കെതിരെ നിരന്തരമായ ഭീഷണികളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും അഡ്വ.ടിബി മിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എനിക്കെതിരെ എന്ത് ഭീഷണി വന്നാലും, എന്നെ കൊല ചെയ്യുമെന്ന് വരെ പറഞ്ഞാലും ആ ഭീഷണികള്‍ക്കൊന്നും വഴങ്ങാന്‍ ഞാന്‍ തയ്യാറല്ല. അത് മാത്രമല്ല, ഇനി പൊന്നുകൊണ്ടും പണം കൊണ്ടും മൂടാമെന്ന് പറഞ്ഞാലും ഒരു കേസിലും യാതൊരുവിധ സ്വാധീനത്തിനും വഴങ്ങുന്ന ആളല്ല ഞാന്‍. അത് വളരെ കൃത്യമായി എന്നെ സ്വാധീനിക്കാന്‍ വരുന്നവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്നും ടിബി മിനി വ്യക്തമാക്കി.
സ്ത്രീകളോടുള്ള ദിലീപിന്റെ നടപടികളെ എതിര്‍ത്ത് വന്നിട്ടുള്ള ഒരാളായിരിക്കും ഈ കേസില്‍ ആക്രമിക്കപ്പെട്ട നടി. ദിലീപിന്റെ താല്‍പര്യത്തിന് വിധേയമായിട്ടാല്ലാത്ത ഒരാളാണ് യഥാര്‍ത്ഥത്തില്‍ ഈ നടി. അതാണ് ഇവരോടുള്ള ഒരു വൈര്യാഗത്തിന്റെ കാരണം. ശരിക്കും വൈരാഗ്യം എന്ന് പറയുന്നത് മഞ്ജു വാര്യറുമായുള്ള ഒരു തര്‍ക്കത്തില്‍ മഞ്ജുവാര്യറോട് കാവ്യയുമായുള്ള ദിലീപിന്റെ ഇഷ്ടം തുറന്ന് പറയുന്നത് ഈ അതിജീവിതയാണ്.
ഈ കേസിന് ആധാരമായിട്ട് പറയുന്ന കാര്യം ഇതാണ്. ദിലീപിന് ഒരുപാട് ബന്ധങ്ങളുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ ഫോണില്‍ കാണാന്‍ കഴിയും. അത്തരം ബന്ധങ്ങള്‍ക്ക് കീഴ്പ്പെട്ടിട്ടില്ലാത്ത ഒരു കുട്ടിയായിരുന്നു അക്രമിക്കപ്പെട്ട നടി. സിനിമ മേഖലയിലുള്ള പെണ്‍കുട്ടികളെ കുറിച്ച് വലിയ തോതില്‍ സംസാരിക്കാനും ആസ്വദിക്കാനുമൊക്കെ പലര്‍ക്കും താല്‍പര്യം ഉണ്ടാകും. ഒരു തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സ്ത്രീകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.
