ഇരകളെ അംഗീകരിക്കാത്ത സമൂഹം; സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണം ; അഞ്ച് വർഷമായി ജീവിതം ഇരുട്ടിൽ; അതിജീവിത ഹൈക്കോടതിയിൽ!
നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടക്കുകയാണ് . വിചാരണ കോടതി അനുവദിച്ച സമയം മെയ് 31 അവസാനിച്ചു . മൂന്ന് മാസം കൂടെ സമയം തേടി അന്വേഷണ സംഘം ഹൈ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജി വിധി പറയാനായി മാറ്റി. ഹൈക്കോടതി ഇന്ന് വീണ്ടും ഹര്‍ജി പരിഗണിച്ചേക്കും കേസില്‍ 70 ശതമാനം അന്വേഷണം മാത്രമാണ് പൂര്‍ത്തിയായതെന്നും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. മൂന്ന് മാസത്തെ സമയമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ദൃശ്യങ്ങളിൽ തിരിമറി കാട്ടുകയോ, ചോർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ തന്റെ ജീവിതത്തെ ബാധിക്കുമെന്നും കഴിഞ്ഞ 5 വർഷമായി ജീവിതം ഇരുട്ടിലാണെന്നും അതിജീവിതയായ നടി ഹൈക്കോടതിയിൽ അറിയിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണിത്.
ഇരകളെ അംഗീകരിക്കാത്ത സമൂഹമാണിതെന്നും ദൃശ്യങ്ങൾ ചോർത്തിയെന്നും പലരുടെയും ഫോണുകളിൽ ഇതുള്ളതായി വാർത്തകളുണ്ടെന്നും നടി അറിയിച്ചു. താൻ വിഷാദത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച തെളിവുകളിൽ ആരു തിരിമറി കാട്ടിയാലും അത് നിർണായകമാണ്. അതിനാൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്താതെ കേസിൽ കുറ്റപത്രം നൽകരുതെന്ന് നടി ആവശ്യപ്പെട്ടു.
എന്നാൽ വിചാരണ നീട്ടിക്കെണ്ടുപോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്നും ദിലീപ് വാദിച്ചു. തെളിവുകൾ ഏറെ പരിശോധിക്കാനുണ്ടെന്നും സമയം നീട്ടിനൽകണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് ഡോ. കൗസർ ഇടപ്പഗത്ത് ഹർജി വിധി പറയാൻ മാറ്റി.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം ജുഡീഷ്യൽ ഓഫിസറെയും കോടതി ജീവനക്കാരെയും അപമാനിക്കാൻ വേണ്ടിയുള്ളതാണെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. അന്വേഷിക്കേണ്ടത് ഹൈക്കോടതിയുടെ വിജിലൻസ് ആണ്. അതിജീവിത നൽകിയ പരാതിയിൽ ഹൈക്കോടതി റജിസ്ട്രാർ (വിജിലൻസ്) ഇക്കാര്യങ്ങൾ അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡ് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ട്. കോടതിയുടെ കസ്റ്റഡിയിലുള്ള ഏത് രേഖയും കോടതിക്ക് പരിശോധിക്കാം. വിഡിയോ ക്ലിപ്പുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ വിഷയം കോടതി നേരത്തെ തന്നെ ശ്രദ്ധിച്ചതാണ്. ഇത് വിചാരണ കോടതിയിൽ ചർച്ച ചെയ്തതാണെന്നും ദിലീപ് വാദിച്ചു
എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാമെന്നാണു കരുതിയിരുന്നതെന്നും മതിയായ കാരണങ്ങളുടെ പേരിലാണ് സമയം നീട്ടിച്ചോദിക്കുന്നതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുകയാണു ലക്ഷ്യം. കോടതി തിരിമറി കാട്ടിയെന്ന ആരോപണം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ല. വിഷയത്തിൽ അഭിപ്രായം പറയേണ്ടതു വിദഗ്ധനാണ് . ഇത് അന്വേഷണ ഏജൻസിയുടെ സവിശേഷ അധികാരമാണെന്നും സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു.
ഇന്നലെ രാവിലെ ഹർജിയെടുത്തപ്പോൾ കേസ് കേൾക്കുന്നതിൽ നിന്ന് ബെഞ്ച് പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നിശ്ചയിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചെന്ന നിലയിൽ ഹർജി പരിഗണിക്കേണ്ടതു ഇതേ ബെഞ്ചാണെന്ന് വ്യക്തമാക്കി ഈയാവശ്യം അനുവദിച്ചില്ല.
