നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം തേടി സർക്കാർ നൽകിയ ഹർജിയിൽ വാദം ഇന്ന്!
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം തേടി സർക്കാർ നൽകിയ ഹർജി ഹൈക്കോടതിഹൈക്കോടതി ഇന്നു വാദം കേൾക്കും. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി മാറ്റിയത്. അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു. എന്നാൽ ഫോണുകളിൽനിന്നും മറ്റും ലഭിച്ച ഡേറ്റയുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും ശേഖരിച്ച തെളിവുകളിൽ കൂടുതൽ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണു കൂടുതൽ സമയം ചോദിച്ചു ഹൈക്കോടതിയെ സമീപിച്ചത്.
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ എട്ടാം പ്രതി നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുമായി ഒത്തുനോക്കണമെന്നു പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പ്രതിഭാഗം ചോർത്തിയെടുത്തെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് അതു പരിശോധിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.
പീഡന ദൃശ്യങ്ങൾ നേരിൽ കണ്ട് അതിലെ സംഭാഷണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും എഴുതിയെടുത്തതു പോലുള്ള 4 പേജുകളുടെ ഫോട്ടോയാണ് അനൂപിന്റെ ഫോണിന്റെ പരിശോധനയിൽ വീണ്ടെടുത്തത്. ദൃശ്യങ്ങൾ ആവർത്തിച്ചു കണ്ടാൽ മാത്രമേ ഇത്തരത്തിൽ പകർത്തിയെഴുതാൻ കഴിയുകയുള്ളൂവെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നു ധ്വനിപ്പിക്കുന്ന സംഭാഷണം അടങ്ങിയ ശബ്ദരേഖയും പ്രോസിക്യൂഷൻ കോടതിയിൽ കേൾപ്പിച്ചു. ഇതിൽ കോടതിയുടെ പേരുപറയുന്നില്ലല്ലോയെന്നു കോടതി ചോദിച്ചു. എന്നാൽ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ തുടർന്നു വിചാരണക്കോടതി സ്വാധീനിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്നില്ലെന്നു പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതിയായ നടൻ ദിലീപ് അതിനും ശ്രമം നടത്തിയെന്നതിനുള്ള തെളിവായാണു ശബ്ദരേഖ കേൾപ്പിച്ചതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായി.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരിച്ച്, നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള ബാർ കൗൺസിലിനു മറുപടി നൽകി. അതിജീവിത ഉയർത്തിയ ആരോപണങ്ങൾ പാടെ നിഷേധിച്ചാണു മറുപടി നൽകിയിരിക്കുന്നത്. അഡ്വക്കേറ്റ്സ് ആക്ടിലെ 35–ാം വകുപ്പിനു വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരണത്തിൽ രാമൻപിള്ള പറയുന്നു.
അഭിഭാഷകൻ നൽകിയ മറുപടി ബാർ കൗൺസിൽ അതിജീവിതയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ തെളിവു സഹിതം നൽകണം എന്ന നിർദേശത്തോടെയാണ് അയച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത ബാർ കൗൺസിലിനു പരാതി നൽകിയത്.
തെളിവുകൾ ഉള്ളതിനാൽ അഭിഭാഷകനെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ ബി.രാമൻ പിള്ള, ഫിലിപ് ടി.തോമസ്, സുജേഷ് മോഹൻ എന്നിവർക്കെതിരെയായിരുന്നു പരാതി. നേരത്തേ ഇമെയിൽ വഴി അയച്ച പരാതി സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തി ഫീസടച്ച് അതിജീവിത സമർപ്പിച്ച പരാതി ബാർ കൗൺസിൽ സ്വീകരിക്കുകയായിരുന്നു.
