Malayalam
തമിഴ് നാട്ടില്‍ നിന്നും മിഠായി വില്പനക്കെത്തിയ യുവതികളെ മര്‍ദ്ദിച്ചു; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്കെതിരെ വീണ്ടും പരാതി
തമിഴ് നാട്ടില്‍ നിന്നും മിഠായി വില്പനക്കെത്തിയ യുവതികളെ മര്‍ദ്ദിച്ചു; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്കെതിരെ വീണ്ടും പരാതി
സിനിമ സീരിയല്‍ നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്കെതിരെ വീണ്ടും പരാതി. തമിഴ് നാട്ടില്‍ നിന്നും മിഠായി വില്പനക്കെത്തിയ യുവതികളെ കണ്ണനും കൂട്ടാളികളും കയ്യേറ്റം ചെയ്തതായാണ് പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയിലാണ് തമിഴ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമിഴ് കുടുംബം താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന് പട്ടാമ്പിയും കണ്ടാലറിയാവുന്ന മൂന്ന് പേരും ചേര്‍ന്ന് സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവ സമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ സംഘം സ്ഥലം വിടുകയായിരുന്നു.
തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടില്‍ മലയാളികളല്ലാതെ മറ്റാരും താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന് പട്ടാമ്പി നിലവില്‍ നിരവധി കേസുകളുണ്ട്. നേരത്തെ പട്ടാമ്പിയിലെ വനിത ഡോക്ടറേയും പൊതു പ്രവര്‍ത്തകയേയും അപമാനിച്ച കേസില്‍ ഹൈക്കോടതി ഇയാള്‍ക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്.
തുടര്‍ന്നും കേസുകളില്‍ പ്രതിയാവരുത് എന്നതായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥ ലംഘിച്ച് വീണ്ടും കേസില്‍ പ്രതിയായ ഇയാളുടെ ജമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ വീണ്ടും സമാന സ്വഭാവമുള്ള പരാതി ഉയര്‍ന്ന് വരുന്നത്.
അതേസമയം പരാതി നല്കി രണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്ത തൃത്താല പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചതായാണ് ആരോപണം.
