Malayalam
വിവാഹത്തിനു മുമ്പ് ദിലീപുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍, പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിന് തെളിവുകള്‍; കാവ്യയുടെ മൊഴികളെ തകര്‍ക്കാനുള്ള തെളിവുകളുമായി ക്രൈംബ്രാഞ്ച്
വിവാഹത്തിനു മുമ്പ് ദിലീപുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍, പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിന് തെളിവുകള്‍; കാവ്യയുടെ മൊഴികളെ തകര്‍ക്കാനുള്ള തെളിവുകളുമായി ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ ഹൈക്കോടതിയില്‍ തെളിവുകളുമായി എത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെയും സഹോദരന് അനൂപിനെയും ചോദ്യം ചെയ്തിരുന്നു. ഇതില്‍ കാവ്യയും അനൂപും കളളം പറഞ്ഞുവെന്ന് വ്യക്തമായിരിക്കുന്നതായാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ആരോപിക്കുന്നത്.
96 നമ്പര്‍ മൊബൈല്‍ഫോണ്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യാമാധവന് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഇത് കാവ്യാമാധവന് ഉപയോഗിച്ചതാണെന്നതിനു തെളിവ് കിട്ടിയിട്ടുണ്ട്. വിവാഹത്തിനു മുമ്പ് കാവ്യാമാധവന് ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നത് ഈ ഫോണാണ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി ഇതിന് ബന്ധമുണ്ടെന്നും ഇത് കാവ്യാമാധവന്റെ അമ്മയുടെ പേരിലുള്ള ഫോണാണ് എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മാത്രമല്ല, 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂന് ഹൈക്കോടതിയില്‍ അറിയിച്ചു. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്.
പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ മൊബൈല്‍ഫോണില്‍ നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി. നായര്‍ ആണ് ദിലീപിന് കൈമാറിയത്. ഈ ടാബ് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ പറയുന്നത്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കണമെന്ന ആവശ്യം നിഷേധിച്ച വിചാരണക്കോടതി ജഡ്ജിയുടെ നടപടി വിചിത്രവും അദ്ഭുതപ്പെടുത്തുന്നതുമാണെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫൊറന്‍സിക് ഡയറക്ടര്‍ 2020 ജനുവരി 29-ന് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വിവരം കഴിഞ്ഞ ഫെബ്രുവരിവരെ പ്രോസിക്യൂഷനില്‍നിന്ന് മറച്ചുവെച്ചു. തുടരന്വേഷണത്തിലാണ് ഫൊറന്‍സിക് ലാബില്‍നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് അറിയുന്നത്. ഇതിന്റെ പകര്‍പ്പ് പിടിച്ചെടുക്കുകയും ചെയ്തു.
2017 ഫെബ്രുവരി 18-ന് മെമ്മറി കാര്‍ഡിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പലതവണ ഇത് പരിശോധിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന അനിവാര്യമാണ്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുത്തതായി മേയ് 26 വരെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ല.
എന്നാല്‍, മേയ് 26-ന് കേസ് പരിഗണിച്ചപ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം മേയ് ഒന്‍പതിന് തള്ളിയതായി വിചാരണക്കോടതി അറിയിച്ചു. ഇക്കാര്യം സാധാരണ തപാലില്‍ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യ്ക്ക് മേയ് 17-ന് അയച്ചുകൊടുക്കുകയും ചെയ്തുവെന്നും തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. അനൂപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ പരിശോധനയിലാണ് തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചു. ദൃശ്യങ്ങള്‍ കയ്യിലില്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ സീന്‍ ബൈ സീന്‍ ആയി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആകില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി.
എട്ടാം പ്രതിയായ ദിലീപിന്റെ ഫോണില്‍ നിന്ന് മാത്രം ഏതാണ്ട് 200 മണിക്കൂര്‍ നീളുന്ന ഓഡിയോ ക്ലിപ്പുകളും 10,000 ലേറെ വീഡിയോകളും കിട്ടി. പരിശോധിച്ച സുരാജിന്റെയും അനൂപിന്റെയും ഫോണുകളില്‍ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സൈബര്‍ രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചുള്ള തുടരന്വേഷണത്തിനായി മൂന്ന് മാസം കൂടി സമയം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
