‘അവര്‍ ചതിച്ചു’; അവാര്‍ഡ് കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ മികച്ച നടനായിരിക്കും ; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജിൽ ജൂറിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ !
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജൂറിയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് . ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായി ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.
അവാര്‍ഡ് കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ മികച്ച നടനായിരിക്കുമെന്നും ജൂറിയെക്കുറിച്ച് ‘അവര്‍ ചതിച്ചു’ എന്നുമൊക്കെയാണ് കമന്റുകള്‍. ഇന്ദ്രന്‍സിന് പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിട്ടുണ്ട്. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്.
അതേസമയം, ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
പദവിയിലിരിക്കുമ്പോള്‍ ഹോമിന് അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ അക്കാദമിയില്‍ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാര്‍ഡുമായി ബന്ധമില്ലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു.
