എങ്ങോട്ട ഇനി പോവേണ്ടത്, ആരുടെ അടുത്ത് ചെന്നാണ് ഇനി യാചിക്കേണ്ടത് എന്നായിരുന്നു അതിജീവിത പലപ്പോഴും ചോദിച്ചിരുന്നത് ; വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവാണ് സംഭവിക്കുന്നത് . അതി ശക്തമായ പോരാട്ടമാണ് അതിജീവിതയും നടത്തുന്നത് .അതിന്റെ ഭാഗമായി അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .
അതിജീവിതയോടൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ അവള്‍ക്ക് സംസാരിക്കാനുള്ളത് സംസാരിക്കട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി. അവള്‍ക്ക് വളരെ സ്വകാര്യമായിട്ട് അവരുടെ പല സങ്കടങ്ങളും ഒപ്പം തന്നെ കേസ് സംബന്ധിച്ച പല ആശങ്കകളും സംശയങ്ങളും ഭയവും എല്ലാം തന്നെ അദ്ദേഹത്തെ ധരിപ്പിക്കാനുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും അവർ രണ്ട് പേർ തമ്മിലുള്ള സംസാരത്തിനിടയില്‍ ഞാന്‍ മറ്റൊരാളാണ്.
അതുകൊണ്ടാണ് അവിടെ നിന്നും മാറി നിന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിക്ക് ഒപ്പമായിരുന്നു അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയേറ്റിലേക്ക് എത്തിയത്.മുഖ്യമന്ത്രിയെ നേരിട്ട് കാണണം, സംസാരിക്കണം എന്നുള്ളത് കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അപ്പോഴൊന്നും അത് നടന്നില്ല. അവള് ഫ്രീ ആവുമ്പോള്‍ മുഖ്യമന്ത്രി തിരക്കിലായിരിക്കും, അല്ലെങ്കില്‍ മുഖ്യമന്ത്രി ഫ്രീ ആവുമ്പോള്‍ അവള് തിരക്കിലായിരിക്കും.
അങ്ങനെ ഈ കൂടിക്കാഴ്ച നീണ്ടുപോവുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഈ കേസ് അന്വേഷണത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിചാരണ കോടതിയില്‍ നിന്നും പ്രോസിക്യൂട്ടർമാർക്ക് നേരിടേണ്ടി വരുന്ന അവഗണനയുണ്ട്. അതോടൊപ്പം തന്നെ എങ്ങനെയാണ് ഇത് മുന്നോട്ട് പോവേണ്ടതെന്ന ആശങ്കയുമുണ്ട്. എന്തുകൊണ്ട് കൊടുത്താലും അതിനെല്ലാം എന്തെങ്കിലും പരിഹാസവും വിമർശനവും അവരെ താക്കീത് ചെയ്യുകയും ചെയ്യുന്ന ഒരു കോടതിയില്‍ എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാത്ത സാഹചര്യമായിരുന്നു.
വളരെ ശക്തമായ തെളിവുകള്‍ തന്നെയായിരുന്നു വിചാരണ കോടതിയില്‍ കൊണ്ടോപോയി കൊടുത്തിരുന്നത്. അങ്ങനെയിരിക്കെയാണ് അന്വേഷണം ഇനി തുടരേണ്ടിതല്ലെന്ന് സർക്കാർ പറഞ്ഞതായിട്ടുള്ള വാർത്ത കാണുന്നത്. സർക്കാർ പറഞ്ഞോ ഇല്ലയോ എന്നുള്ളത് അറിയില്ലെങ്കിലും വാർത്ത വന്നത് സർക്കാർ പറഞ്ഞു എന്ന രീതിയിലായിരുന്നു. അതിനോടൊപ്പം തന്നെയാണ് ശ്രീജിത്തിനെ മാറ്റുന്നും പബ്ലിക് പ്രോസിക്യൂട്ടറെ നടി തന്നെ തീരുമാനിക്കട്ടെ എന്ന നിർദേശവും വരുന്നത്.
ഇതോടെയാണ് സർക്കാർ അതിജീവിതയുടെ കൂടെയില്ലേ എന്നുള്ള ഭയം നമുക്ക് എല്ലാവർക്കും ഉണ്ടായത്. മാധ്യമങ്ങളിലെ വാർത്ത കണ്ട് നമ്മള് അനുഭവിക്കുന്നതിനേക്കാള്‍ വലിയ ടെന്‍ഷന്‍ അവള് അനുഭവിക്കുന്നുണ്ടായിരുന്നു. എങ്ങോട്ട് ഇനി പോവേണ്ടത്, ആരുടെ അടുത്ത് ചെന്നാണ് ഇനി യാചിക്കേണ്ടത് എന്നായിരുന്നു അവള് പലപ്പോഴും ചോദിച്ചിരുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
എനിക്ക് നീതി ലഭിക്കാന്‍ ഞാന്‍ ഇനി ആരോടാണ് ചോദിക്കേണ്ടതെന്ന ആ ആശങ്കയ്ക്കാണ് ഇന്ന് നമ്മള് മുഖ്യമന്ത്രിയെ കണ്ടതില്‍ കൂടി ഒരു പരിധിവരെ ആശ്വാസമായി മാറിയത്. ഇനി ഇവിടുന്ന് അങ്ങോട്ടുള്ള യാത്രയില്‍ കൂടിയാണ് സർക്കാരും ജനങ്ങളും അതിജീവിതയ്ക്ക് ഒപ്പമുണ്ടാവേണ്ടതെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.
അതിജീവിത കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്നെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരോന്നും അക്കമിട്ട് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അതിലെല്ലാം മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്കി. ചർച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി വിപി സജീന്ദ്രന് ഞാന്‍ പറഞ്ഞ ഒരു കാര്യത്തെ വളച്ചൊടിച്ചാണ് സംസാരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സമയം തന്നില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം കാണാന്‍ ശ്രമിച്ചിരുന്നു അപ്പോള്‍ അവള് ഫ്രീ ആവുമ്പോള്‍ മുഖ്യമന്ത്രി തിരക്കിലായിരിക്കും, അല്ലെങ്കില്‍ മുഖ്യമന്ത്രി ഫ്രീ ആവുമ്പോള്‍ അവള് തിരക്കിലായിരിക്കും എന്നാണ് ഞാന്‍ പറഞ്ഞത്.
ഞാനുമായി ബന്ധപ്പെട്ട ഒരോ ചെറിയ കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയെ അഞ്ചോ ആറോ തവണ നേരിട്ട് പോയി കണ്ടിട്ടുള്ളയാളാണ് ഞാന്‍. വീട്ടിലും ഓഫീസിലും പോയി കണ്ടിട്ടുണ്ട്. ഇടതുപക്ഷ സഹയാത്രികയായിട്ടല്ല, ഈ നാട്ടിലെ ഒരു പൌരയായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല, എന്നെ സംബന്ധിച്ച് ഞാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ മുഖ്യമന്ത്രി കാണാന്‍ സമയം തന്നിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് സമയം കിട്ടിയിട്ടില്ല. നമ്മള് ഉദ്ദേശിക്കുന്ന സമയത്തൊക്കം മുഖ്യമന്ത്രിയെ കാണാന്‍ പറ്റണമെന്ന് യാതൊരു നിർബന്ധവും ഇല്ല. കാണാന്‍ പറ്റിയില്ലെന്ന പരാതി എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നീടും ഞാനും തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിലും അത്തരമൊരു വളച്ചൊടിക്കല്‍ വേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതെന്നും ഭാഗ്യലക്ഷ്യമി കൂട്ടിച്ചേർക്കുന്നു.
