വിജയ് ബാബുവിനെ കണ്ടെത്താൻ ഒന്നൊന്നര നീക്കവുമായി കൊച്ചി പോലീസ് ;അര്‍മേനിയയിലെ എംബസിയെ സമീപിച്ചു കീഴടങ്ങിയില്ലെങ്കില്‍ ഉടൻ അത് സംഭവിക്കും !
നടിയെ പീഡിപ്പിച്ച കേസില്‍ ജോര്‍ജിയയിലേക്ക് കടന്ന വിജയ് ബാബുവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി പൊലീസ്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ വിജയ് ബാബുവിനെ കണ്ടെത്താനായി അന്വേഷണ സംഘം ജോര്‍ജിയയുടെ അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.
അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം. വിജയ് ബാബു എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം 24നുള്ളില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് പൊലീസ് റദ്ദാക്കിയിരുന്നു. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
24നുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് ശ്രമം. ഇതിനായി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഏപ്രില്‍ 29-ന് നല്കിയ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നും ആരോപിക്കുന്നു.വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം കിട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോര്‍ജിയയിലേക്ക് കടക്കാന്‍ ഇവരുടെ സഹായം വിജയ് ബാബുവിന് ലഭിച്ചുണ്ടാകാമെന്നും പറയപ്പെടുന്നു.ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘങ്ങളുടെ സഹായമാകാം ലഭിച്ചതെന്നും കരുതുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷമാണ് വിജയ് ബാബു കടന്നതെങ്കില്‍ റോഡുമാര്‍ഗമാവാനാണ് സാധ്യത.
പാസ്പോര്‍ട്ട് ഓഫീസിന് മുമ്പാകെ ഹാജരാകും എന്നറിയിച്ച വിജയ് ബാബു ഇത് തെറ്റിച്ച് കടന്നുകളയുകയായിരുന്നു. ബിസിനസ് ടൂറിലായതുകൊണ്ട് 24 ന് ഹാജരാകാന്‍ മത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ചൊവ്വാഴ്ചയ്ക്കകം വിജയ് ബാബു തിരിച്ചെത്തി ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യങ്ങളില്‍ ഇത് ബാധകമാകുമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. ഇന്റര്‍പോള്‍ വഴിയായിരിക്കും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം 3000 ല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്തുക.
ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതിയുമായി രംഗത്തെത്തിയത്.ഇതോടെ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും എത്തി. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു രക്ഷപ്പെടുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താനാണ് ഇരയെന്നും അവകാശപ്പെട്ട് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഇരയെ അധിക്ഷേപിക്കുകയും ചെയ്തുവിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യം കിട്ടുന്നതുവരെ പോലീസിന് പിടികൊടുക്കാതിരിക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും. പരിഗണിച്ചില്ല. തിങ്കളാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളു.
വിജയ് ബാബുവിന് സിനിമാ മേഖലയില്‍ നിന്ന് തിരിച്ചടി ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരു വെബ്സീരീസിനു വേണ്ടി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്പ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. ‘അമ്മ’ ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയതായാണ് വിവരം.
