Actor
ഇപ്പോഴും എന്നെ കാണുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പക്രു ‘ചൊറിഞ്ഞു’ കൊണ്ടിരിക്കും; അജയനെ ഞാന്‍ എടുത്തതോടെയാണ് പ്രശസ്തനായതെന്നു പറഞ്ഞ് ‘വലിയ വായില്‍ വര്‍ത്തമാനം പറയും ; സലിം കുമാർ പറയുന്നു !
ഇപ്പോഴും എന്നെ കാണുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പക്രു ‘ചൊറിഞ്ഞു’ കൊണ്ടിരിക്കും; അജയനെ ഞാന്‍ എടുത്തതോടെയാണ് പ്രശസ്തനായതെന്നു പറഞ്ഞ് ‘വലിയ വായില്‍ വര്‍ത്തമാനം പറയും ; സലിം കുമാർ പറയുന്നു !
1996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ചു . . ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി സലിം കുമാർ വളർന്നു. തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, സി ഐ ഡി മൂസ, കല്യാണരാമൻ, പുലിവാൽ കല്യാണം..എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.
ഗൗരവമേറിയ കഥാപാത്രങ്ങളും സലിം കുമാറിന്റെ പക്കല്‍ സുഭദ്രമാണ്. ഈ മികവിന് സലിം കുമാറിനെത്തേടി നിരവധി പുരസ്‌കാരങ്ങളുമെത്തി.സലിം കുമാറിനെ നടന്‍ സലിം കുമാര്‍ ആക്കിയതില്‍ സന്തോഷ് ട്രോഫിക്കും ഉണ്ട് പങ്ക്. കേട്ട് ഞെട്ടേണ്ട. കേരളം വീണ്ടും സന്തോഷ് ട്രോഫി ജേതാക്കള്‍ ആയപ്പോള്‍ ആ കഥ ഓര്‍ത്തെടുക്കുകയാണ് സലിംകുമാര്‍. പെനാലിറ്റി കിക്കിലൂടെ കലോത്സവ വേദികളിലെ മിന്നും താരമായ അജയനെ (ഗിന്നസ് പക്രുവിനെ)1993-ലെ എം.ജി സര്‍വ്വകലാശാല കലോത്സവത്തിനിടയില്‍ മലര്‍ത്തി അടിച്ചാണ് സലിം കുമാര്‍ ഒന്നാമതെത്തിയത്. ആ കഥ പറയുകയാണ് ഇപ്പോള്‍ സലിം കുമാര്‍. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പഴയകാല ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്.
1993-ലെ എം.ജി. സര്‍വകലാശാല യുവജനോത്സവ ദിനങ്ങളിലൊന്ന്. മഹാരാജാസ് കോളെജില്‍ വെച്ചാണ് യുവജനോത്സവം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി രാവിലെ ബസില്‍ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ച് വിഷയം ഒന്നും തിരഞ്ഞെടുത്തിട്ടില്ല. രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ശബ്ദം അനുകരിക്കുമെന്നു മാത്രം. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് അന്നത്തെ പത്രം കടയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. കേരളവും കര്‍ണാടകവും തമ്മിലുള്ള സന്തോഷ് ട്രോഫി മത്സരത്തിന്റെ സെമി ഫൈനല്‍ അന്ന് മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന വാര്‍ത്ത ഒന്നാം പേജില്‍ കണ്ടു. ഉടന്‍ മനസ്സില്‍ ലഡു പൊട്ടി.
ഈ മത്സരത്തിന്റെ കമന്ററി രൂപത്തില്‍ മിമിക്രി അവതരിപ്പിച്ചാലോ എന്നു ചിന്തിച്ചു. ബസില്‍ ഇരുന്നു തന്നെ ഒരു സ്‌ക്രിപ്റ്റ് മനസ്സില്‍ തയാറാക്കി. പ്രാക്ടീസും ബസ്സില്‍ ഇരുന്നു തന്നെ. യാത്രക്കാര്‍ എല്ലാം എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് വല്ല ഭ്രാന്തും ആണെന്ന് അവര്‍ കരുതിക്കാണും. രാജേന്ദ്ര മൈതാനത്തെ വേദിയില്‍ നിന്ന് മഹാരാജാസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ കമന്ററി ഞാന്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ നേതാക്കള്‍ ഈ മത്സരത്തിന്റെ കമന്ററി എങ്ങനെ അവതരിപ്പിക്കുമെന്നാണ് അവതരിപ്പിച്ചത്.സാധാരണ ചെയ്യുന്നപ്പോലെ അന്ന് ഞാന്‍ സിനിമാക്കാരുടെ ശബ്ദം അനുകരിച്ചിരുന്നില്ല.
ആദ്യമായിട്ടായിരുന്നു മിമിക്രി വേദിയില്‍ ഇങ്ങനെ ഒരു പരീക്ഷണം. കാണികള്‍ എല്ലാം എനിക്കു തന്നെ ഒന്നാം സ്ഥാനമെന്ന് ഉറപ്പിച്ചിരുന്നു. ഫലം വന്നപ്പോഴും മാറ്റം ഒന്നും സംഭവിച്ചില്ല. അന്നത്തെ ആ പരീക്ഷണം വിജയിച്ചു. പിന്നീട് ഇങ്ങോട്ട് മിമിക്രി പരീക്ഷണങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയത് കോട്ടയം ബസേലിയോസ് കോളജില്‍ നിന്നെത്തിയ അജയകുമാറിനായിരുന്നു. ഞങ്ങളുടെ ഫോട്ടോ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറുടെ മനസ്സിലും ഒന്നു രണ്ട് ലഡു ഒന്നിച്ചു പൊട്ടി.
ഞാന്‍ അജയനെ എടുത്തുകൊണ്ട് നില്‍ക്കണമെന്നായി അദ്ദേഹം. ചിത്രം മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ വന്നു. ഇപ്പോഴും എന്നെ കാണുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പക്രു ‘ചൊറിഞ്ഞു’ കൊണ്ടിരിക്കും. അജയനെ ഞാന്‍ എടുത്തതോടെയാണ് പ്രശസ്തനായതെന്നു പറഞ്ഞ് ‘വലിയ വായില്‍ വര്‍ത്തമാനം പറയും. ഞാന്‍ ഉയര്‍ത്തിയതോടെയാണ് നീ ഉയര്‍ന്നു തുടങ്ങിയത്’ എന്ന് തിരിച്ചടിച്ച് ഞാന്‍ പിടിച്ചു നില്‍ക്കും.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ വേദികള്‍ എനിക്ക് ഭയമായിരുന്നു. വേദിയില്‍ നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ചെറുപ്പം മുതലെ ശബ്ദങ്ങള്‍ ഞാന്‍ അനുകരിക്കുമായിരുന്നു. ഒരിക്കല്‍ കൂട്ടുകാരുടെ മുന്നില്‍ ഞാന്‍ വിവിധ ശബ്ദങ്ങള്‍ അനുകരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ യുവജനോത്സവത്തിന് എന്റെ പേരുകൊടുത്തു. വേദിയില്‍ കയറുമ്പോള്‍ കയ്യും കാലും വിറയ്ക്കുകയും കണ്ണില്‍ ഇരുട്ട് കയറുകയും ചെയ്യും. എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നത് എനിക്ക് ഭയമായിരുന്നു. എന്റെ പേരു വിളിച്ചാല്‍ അപ്പോള്‍ ഞാന്‍ അധ്യാപകര്‍ കണ്ടെത്താത്ത ഒരിടത്തേക്ക് ഓടിമാറും. ഈ വിനോദം പതിവായതോടെ പിന്നെ അധ്യാപകര്‍ എന്നെ നിര്‍ബന്ധിക്കാതെയായി.
യുവജനോത്സവ മത്സരങ്ങളില്‍ സമ്മാനം കിട്ടിയതോടെ കോളജില്‍ അറിയപ്പെടാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ തേടി എത്തി. പലപ്പോഴും ഗോപികമാര്‍ക്കിടയിലെ കൃഷ്ണനായി നിന്ന് ഞാന്‍ അവര്‍ക്കു വേണ്ടി മിമിക്രി അവതരിപ്പിച്ചു. അവര്‍ അന്നേ പറയുമായിരുന്നു ഞാന്‍ സിനിമാനടന്‍ ആകുമെന്ന്.
കോളജില്‍ പഠിക്കുമ്പോള്‍ മിമിക്രി അവതരിപ്പിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ പറഞ്ഞുതുടങ്ങി ഞാന്‍ നശിക്കാനായി തുനിഞ്ഞിറങ്ങുകയാണെന്ന്. നാലക്ഷരം പഠിക്കാന്‍ ഉപദേശിച്ചു. സമ്മാനങ്ങള്‍ കിട്ടിയതോടെ വീട്ടില്‍ ചെറിയ സന്തോഷമൊക്കെയായി എന്നല്ലാതെ കലാജീവിതത്തെ ആദ്യം അവര്‍ പിന്തുണച്ചില്ലായിരുന്നു.
യുവജനോത്സവ വേദിയിലെ പ്രകടനം കണ്ടിട്ടാണ് കലാഭവനിലേക്ക് വിളിച്ചത്. അവിടെനിന്ന് ഏഷ്യാനെറ്റില്‍ അവതാരകനായി എത്തി. ഇതോടെ കോളജിലും നാട്ടിലും വലിയ പേരായി. അവിടെ നിന്നാണ് സിനിമയില്‍ എത്തുന്നത്. കലാജീവിതത്തിന്റെ തുടക്കം യുവജനോത്സവവേദിയില്‍ നിന്നാണ്. തുടര്‍ച്ചയായി 3 തവണ ഒന്നാം സ്ഥാനം ലഭിച്ചു എന്ന റെക്കോര്‍ഡ് 25 വര്‍ഷമായി എന്റെ പേരിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അതില്‍ മാറ്റം ഉണ്ടായത്. അന്നത്തെ സന്തോഷ് ട്രോഫി കമന്ററി പരീക്ഷണവും പത്രവാര്‍ത്തയും എല്ലാം ജീവിതത്തില്‍ വഴി തിരിവായി. ഇന്നും സന്തോഷ് ട്രോഫി മത്സര എത്തിയമ്പോള്‍ മിമിക്രി വേദിയിലേക്ക് അറിയാതെ ഓര്‍മ എത്തും. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് സലിംകുമാര്‍ പറയുന്നു.
about salim kumar
