രസമായി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു രചയിതാവ് മലയാളത്തില്‍ വേറെ ഇല്ല; ഓർമ്മകളുമായി ഷാൻ റഹ്മാൻ
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. വളരെ വേദനയോടെയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടതെന്നും ജ്യേഷ്ഠ സഹോദരനെ നഷ്ടമായത് പോലെയാണെന്നും ഷാൻ പറയുന്നു.
ഷാൻ റഹ്മാന്റെ വാക്കുകൾ
വളരെ വേദനയോടെയാണ് ഞാന്‍ വാര്‍ത്ത കണ്ടത്. എന്റെ ആദ്യ പ്രോജക്ട് തൊട്ട് അദ്ദേഹത്തെ എനിക്കറിയാം. ആല്‍ബത്തിന് വേണ്ടിയായിരുന്നു അത്. അതുപോലെ എനിക്ക് വേണ്ടി അവസാനമായി അദ്ദേഹം എഴുതിയത് ജിമിക്കി കമ്മലാണ്. ഒരുപാട് പേര് പറയും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന്. പക്ഷേ ഇത്രയും രസമായി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു രചയിതാവ് മലയാളത്തില്‍ വേറെ ഇല്ല. എല്ലാവരോടും സ്നേഹമുള്ള ആളാണ്.
ചില കാര്യങ്ങളില്‍ അദ്ദേഹം വേറെ രീതിയില്‍ റിയാക്ട് ചെയ്യുമെങ്കിലും ഇതുപോലെ സ്നേഹം ഉള്ളില്‍ കൊണ്ട് നടക്കുന്ന മനുഷ്യന് വേറെ ഇല്ല. ബന്ധങ്ങള്‍ സൂക്ഷിക്കുന്ന മനുഷ്യന് വേറെ ഇല്ല. വര്‍ക്ക് ചെയ്യുന്ന കാര്യത്തെ കുറിച്ച് മാത്രമല്ല പല കാര്യങ്ങളും നമ്മളോട് സംസാരിക്കും. കവി, ഗാനരചയിതാവ് എന്നതിനെക്കാള്‍ ഉപരി ഒരു ജ്യേഷ്ഠ സഹോദരന് നഷ്ടപ്പെട്ട വേദനയാണ് ഇപ്പോഴുള്ളത്. അടുത്തിടെയായി ഞങ്ങള്‍ സംസാരിച്ചിരുന്നു. നമുക്കൊന്ന് കൂടണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് കേള്‍ക്കുന്ന വാര്‍ത്ത ഇതാണ്.
