Malayalam
ഇത്തരത്തിലുള്ള നടപടി വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അതിജീവിത ഹര്‍ജിയല്ലാതെ പരാതിയുമായി സുപ്രീംകോടതിക്ക് മുന്നിലെത്തിയത്; അഡ്വ. ടിബി മിനി
ഇത്തരത്തിലുള്ള നടപടി വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അതിജീവിത ഹര്‍ജിയല്ലാതെ പരാതിയുമായി സുപ്രീംകോടതിക്ക് മുന്നിലെത്തിയത്; അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ അതിജീവിതയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരിക്കും വിചാരണക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് പറയുകയാണ് അഡ്വ. ടിബി മിനി. കോടതിയെ എല്ലാ ആളുകളും കറപ്ട് ആണെന്ന കരുതരുത്. കോടതിക്ക് തന്നെ ഒരു അന്വേഷണ സംവിധാനം ഉണ്ട്. തീര്‍ച്ചയായും വീണ്ടും നമ്മുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ പ്രാധാന്യത്തോടെ ഇടപെടുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇപ്പോള്‍ തന്നെ വലിയ തോതിലുള്ള ചര്‍ച്ചകള്‍ സുപ്രീംകോടതി കേന്ദ്രങ്ങളില്‍ നടക്കുന്നുവെന്ന കാര്യമുണ്ടുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു. ഐടി വിദഗ്ധനായ സംഗമേശ്വരന്‍ നടി ആക്രമിപ്പെട്ട കേസുമായി ബന്ധപ്പെട്ട ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കൊടുക്കുന്ന അഭിമുഖങ്ങളുണ്ട്. ഈ ദൃശ്യങ്ങള്‍ കണ്ടു എന്നുള്ളതുകൊണ്ട് ഒരു ഫയലിന്റെ ഹാഷ് വാല്യൂ മാറില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അങ്ങനെ പറയുമ്പോള്‍ ഇത് വളരെ ഗുരുതരമായ ഒരു കാര്യമാണെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു.
അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ ജുഡീഷ്യറിയിലെ ഏത് ഉദ്യോഗസ്ഥരും ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാവും. പക്ഷെ 2020 ല്‍ ഈ റിപ്പോര്‍ട്ട് വന്നിട്ടും ഇതുവരെ അതേക്കുറിച്ച് അന്വേഷണം നടത്താനും അത് ആരാണെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല. അത് ചെയ്യാന്‍ കോടതി തയ്യാറാവണം. ഈ സംവിധാനത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ചുമതല അവിടെ ഇരിക്കുന്ന ജഡ്ജിക്കുണ്ട്.
ജഡ്ജി ഒരു തെറ്റുകാരിയല്ലായെങ്കില്‍, ഒരു തരത്തിലും ഏതൊരു പക്ഷത്തിനും അനുകൂലമായി പെരുമാറുന്നില്ല ഇല്ലെങ്കില്‍ ഇത്രയും ആരോപണങ്ങള്‍ അവര്‍ക്കെതിരെ വന്ന് കഴിയുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറാന്‍ അവര്‍ തയ്യാറാവണം. മറ്റ് എത്ര ജഡ്ജിമാര്‍ എറണാകുളത്ത് തന്നെയുണ്ട്. തനിക്കെതിരെ പല വിധത്തിലുള്ള ആരോപണങ്ങള്‍ പല വഴിക്ക് വരുമ്പോള്‍ തെറ്റ് ചെയ്യാത്ത ഞാനെന്തിനാണ് ഇങ്ങനെയൊരു ആരോപണം കേള്‍ക്കുന്നത് എന്തിനാണെന്നല്ലേ എല്ലാവരും കരുതുകയെന്നും ടിബി മിനി ചോദിക്കുന്നു.
അതിജിവീത ഒരു ഹര്‍ജി നല്‍കിയപ്പോള്‍ വളരെ അനുകൂലമായ പ്രതികരണമായിരുന്നു സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. അത് ഹൈക്കോടതിയിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയുണ്ടാകേണ്ടത് ഹൈക്കോടതിയില്‍ നിന്നാണ്. അതിന്റെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ചീഫ് ജസ്റ്റിസിന് കൊടുക്കും. ഇത്തരത്തിലുള്ള നടപടി വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അതിജീവിത ഹര്‍ജിയല്ലാതെ പരാതിയുമായി സുപ്രീംകോടതിക്ക് മുന്നിലെത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെടും എന്നായിരിക്കും അതിജീവിത കരുതുന്നുണ്ടാവുക. നേരത്തെ കൊടുത്ത പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കോടതിയില്‍ വന്ന് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായി. അക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് കൊടുക്കേണ്ടതല്ലേ. ആര്‍ക്കെതിരെയൊക്കെയുള്ള ആരോപണങ്ങളാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ഒന്ന് വിചാരണക്കോടതിക്ക് എതിരായ ആരോപണാണ്. രണ്ടാത്തേത്, ആ കാലഘട്ടത്തില്‍ ട്രയല്‍ കോടതിയില്‍ ജഡ്ജിയായി ആയിട്ടിരുന്ന ആള്‍ക്കെതിരേയും ആരോപണമുള്ളതായി സൂചനയുണ്ട്. അദ്ദേഹം ഇപ്പോള്‍ ഹൈക്കോടതിയില്‍ ജഡ്ജിയാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹൈക്കോടതിയിലെ വിജിലന്‍സ് സംവിധാനത്തിനും രജിസ്ട്രാറിനും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണത്തിന് വിധേയമാക്കേണ്ട കാര്യമാണെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു.
അതേസമയം, ജഡ്ജിക്കെതിരെ കൊടുത്തിരിക്കുന്ന ഈ പരാതിയില്‍ കോടതിയില്‍ നടന്ന പല കാര്യങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കരയും വ്യക്തമാക്കുന്നത്. അവിടെ ചെന്ന് സാക്ഷി പറയുന്ന ആളുകളുടെ മൊഴി പോലും എഴുതിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് അഡ്വ. ടിബി മിനി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നേരത്തെ പറഞ്ഞു. എന്നാല്‍ ഈ ഒരു കാര്യം ആദ്യം പറയുന്നത് പിടി തോമസാണ്. ഈ കോടതിയുടെ കാര്യത്തില്‍ എനിക്ക് അസ്വസ്ഥയുണ്ട്. ഇവിടം കൊണ്ട് ഒന്നും നടക്കില്ലെന്നാണ് തോന്നുന്നതെന്നും ആദ്യം പറഞ്ഞത് പിടി തോമസാണെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
അദ്ദേഹം കോടതിയില്‍ പോയ സാഹചര്യത്തിലായിരുന്നു അങ്ങനെ പറഞ്ഞത്. അവിടെ ആരേയും അംഗീകരിക്കുന്നില്ല. അതുപോലെ എത്രയാളുകളാണ് മൊഴി പറഞ്ഞിട്ട് ആ രീതിയിലേക്ക് അവിടുന്ന് മാറിപ്പോയതെന്ന് അന്വേഷിക്കണം. അതുപോലെ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ അന്വേഷണത്തിന് പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയുടെ അനുമതി വേണ്ട, പക്ഷെ വിചാരണക്കോടതിക്ക് അത് പറ്റുന്നില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു. ആ ചുറ്റ് വീണ്ടും മുറുക്കുകയാണ് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.
