Actor
മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച്
മാളവിക ജയറാം വിവാഹിതയായി; വിവാഹം ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ വെച്ച്
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യവും ഏറെയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാളവിക പങ്കിടാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. താരപുത്രിയുടെ പ്രണയവും വിവാഹനിശ്ചയവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ മാളവിക ജയറാം വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 6.15നായിരുന്നു മുഹൂര്‍ത്തം. താലികെട്ടിന് ശേഷം നിറകണ്ണുകളോടെ മകളെ നോക്കുന്ന ജയറാമിനെ കാണാമായിരുന്നു. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം എത്തുമെന്നാണ് പ്രതീക്ഷ. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം നടന്നതും ഗുരുവായൂരില്‍ വെച്ചായിരുന്നു.
ഈ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടി, മോഹന്‍ലാല്‍,ദിലീപ് തുടങ്ങി വലിയ താരനിരയും പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ ജയറാമിന്റെ മകളുടെ വിവാഹത്തിന് തമിഴ് മലയാളം സിനിമകളില്‍ നിന്ന് വമ്പന്‍ താരങ്ങളെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായി വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു. മക്കളുടെ ആഗ്രഹപ്രകാരമാണ് വിവാഹം നടത്താന്‍ പോകുന്നതെന്നും എന്നാല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് വിവാഹമെന്നും ജയറാം പറഞ്ഞിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരന്‍. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
മകള്‍ക്കായി ഒരു കോടീശ്വരനെ തന്നെയാണ് ജയറാം കണ്ടെത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടു പിടിത്തം. ജയറാം തന്നെ ഇതേ കുറിച്ച് പറഞ്ഞിരുന്നു. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. എങ്കിലും അച്ഛന്‍ യു എന്നിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് അവര്‍.
നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. സിഎ കഴിഞ്ഞതാണ്. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ് എന്നാണ് ജയറാം ഭാവി മരുമകനെ കുറിച്ച് പറഞ്ഞത്. താന്‍ നവനീതിനെ കിച്ചുവെന്നാണ് വിളിക്കുന്നതെന്നും ജയറാം വെളിപ്പെടുത്തിയിരുന്നു.
വീഡിയോ വൈറലായതോടെ ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്ന നവനീതിന് ലക്ഷങ്ങളായിരിക്കും മാസവരുമാനം എന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ലണ്ടന്‍ പോലെയുള്ള സിറ്റിയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാരായില്ലെങ്കിലേ അത്ഭുതം ഉള്ളൂവെന്നും കമന്റുകളുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് ആല്‍ബത്തില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ വീഡിയോയില്‍ മാളവികയ്‌ക്കൊപ്പം അഭിനയിച്ചത്. ഇന്‍സ്റ്റഗ്രാം പേജില്‍ മാളവിക പങ്കിടുന്ന ഫോട്ടോഷൂട്ട് വീഡിയോകള്‍ എല്ലാം വൈറലാണ്.
