Malayalam
തിരഞ്ഞെടുപ്പിൽ സിനിമാക്കാർ സുരേഷ് ഗോപിയോട് ചെയ്തതിൽ വിഷമമുണ്ട്, പക്ഷേ അമ്മയുടെ യോഗത്തിൽ ഒരു വിഷമവുമില്ലാതെ അദ്ദേഹം പോയി!; മേജർ രവി
തിരഞ്ഞെടുപ്പിൽ സിനിമാക്കാർ സുരേഷ് ഗോപിയോട് ചെയ്തതിൽ വിഷമമുണ്ട്, പക്ഷേ അമ്മയുടെ യോഗത്തിൽ ഒരു വിഷമവുമില്ലാതെ അദ്ദേഹം പോയി!; മേജർ രവി
പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് മേജർരവി. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ അഭിപ്രായങ്ങൾ എപ്പോഴും എവിടെയും തുറന്ന് പറയാറുള്ള വ്യക്തി കൂടിയാണ് സംവിധായകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ മേജർ രവി.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമാണെന്നും വരാൻ പോകുന്ന നാളുകളിൽ ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ പാർട്ടി നേതൃത്വം എന്നോട് ആവശ്യപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ താൽപര്യമില്ലെന്ന് ഞാൻ അറിയിക്കുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന തരത്തിൽ ചോദ്യങ്ങളുണ്ട്. പക്ഷേ ഞാൻ 5 സിനിമ ഏറ്റെടുത്തിട്ടുണ്ട്. അതിനിടയിൽ മത്സരിക്കാൻ ഇറങ്ങിയാൽ സിനിമകളൊന്നും നടക്കില്ല. അഡ്വാൻസൊക്കെ വാങ്ങിയതാണ്. അതുകൊണ്ട് സിനിമയിൽ പണിയെടുത്തേ പറ്റൂ.
സുരേഷ് ഗോപിയാണ് മാനസികമായി ഏറ്റവും അടുത്ത് നിന്ന സ്ഥാനാർത്ഥി. അടുത്ത സുഹൃത്ത് കൂടിയായ അദ്ദേഹത്തിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പ്രചരണം നടത്തിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം തൃശൂരിലുണ്ടായിട്ടുണ്ട്. എന്നാൽ സ്വതന്ത്രനായിട്ടാണ് സുരേഷ് ഗോപി തൃശൂരിൽ നിന്നും മത്സരിക്കുന്നതെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നില്ല.
അദ്ദേഹം മത്സരിച്ചത് താമര അടയാളത്തിലാണ്. തിരഞ്ഞെടുപ്പ് വിജയങ്ങൾ കൂട്ടായ അധ്വാനത്തിന്റെ ഫലമാണ്. ഇന്നസെന്റ് ചാലക്കുടിയിൽ മത്സരിച്ചപ്പോൾ പലരും പ്രചാരണത്തിന് എത്തിയിരുന്നു. ഞാനുമൊരു സിനിമാക്കാരനാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയ്ക്ക് വേണ്ടി ആരും വരാത്തത്തിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ യോഗത്തിൽ ഒരു വിഷമവുമില്ലാതെ പോയി സുരേഷ് അദ്ദേഹത്തിന്റെ കടമ നിറവേറ്റി എന്നും മേജർ രവി പറയുന്നു.
അതേസമയം, 7 വർഷത്തെ ഇടവേളയ്ക്ക് ശെഷം മേജർ രവി വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ്. ഓപ്പറേഷൻ റാഹത്ത് എന്ന സിനിമയിലൂടെയാണ് മേജർ രവി വീണ്ടും സംവിധായകന്റെ കുപ്പായമിടുന്നത്. തെക്ക് നിന്നും ഒരു ഇന്ത്യൻ ചിത്രം എന്ന ടാഗ്ലൈനോട് കൂടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.
കൃഷ്ണകുമാർ കെ തിരക്കത ഒരുക്കുന്ന സിനിമ നിർമിക്കുന്നത് പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ ആഷ്‌ലിൻ മേരി ജോയ് ആണ്. ബിജെപി നേതാവും പ്രശസ്ത തെന്നിന്ത്യൻ താരവുമായ ശരത് കുമാറാണ് സിനിമയിൽ നായകനാകുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും സിനിമ പുറത്തിറങ്ങും.