മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, സുരേഷ് ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക്
ഗോകുലിന് പിന്നാലെ മാധവ് സുരേഷും സിനിമയിലേക്ക്; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി തുടക്കം
നടൻ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് വെള്ളിത്തിരയിലേക്ക്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു.
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു. ചിത്രത്തിൽ സുരേഷ് ഗോപി വക്കിൽ വേഷത്തിലാണ് എത്തുന്നത്. അനുപമ പരമേശ്വരൻ ആണ് സിനിമയിലെ നായിക.
എന്നാൽ മാധവ് ആദ്യമായല്ല ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. ആരും തിരിച്ചറിഞ്ഞിരുന്നില്ല. സീനിന്റെ മേക്കിംഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് എല്ലാവരും മനസ്സിലാക്കിയത്.
2016 ലാണ് സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് ഈ വർഷം പുറത്തിറങ്ങിയ പാപ്പനിൽ അച്ഛൻ സുരേഷ് ഗോപിയോടൊപ്പവും ഗോകുൽ തിളങ്ങി. പത്തോളം സിനിമകളിൽ ഗോകുൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.