News
ഫഹദിനെ നായകനാക്കി ഒരു സിനിമ എഴുതിയിട്ടുണ്ട്, എന്നാല്‍ അത് സംഭവിക്കുമെന്ന് തോന്നുന്നില്ല; കാരണം തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്
ഫഹദിനെ നായകനാക്കി ഒരു സിനിമ എഴുതിയിട്ടുണ്ട്, എന്നാല്‍ അത് സംഭവിക്കുമെന്ന് തോന്നുന്നില്ല; കാരണം തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്
കമല്‍ ഹസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലാണ് എത്തിയിരുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം ഫഹദിന് മികച്ച വേറെയും കഥാപാത്രങ്ങളെ ലഭിക്കുകയുണ്ടായി.
ഇപ്പോഴിതാ, ഫഹദിനെ നായകനാക്കി മറ്റൊരു സിനിമ ഒരുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. ‘ഫഹദ് ഫാസിലിനെ മനസില്‍ വച്ചാണ് ഞാന്‍ ‘മഫ്തി’ എന്നൊരു സിനിമ എഴുതിയത്. ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് കഥ. ആ യൂണിഫോം അയാള്‍ക്ക് ചേരില്ല. അതിനാല്‍ അയാള്‍ അത് മാറ്റാന്‍ കൊടുക്കുന്നു, ആ രണ്ട് മണിക്കൂറില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് കഥ.
‘കൈതി 2വിന് വേണ്ടി കാര്‍ത്തി കാത്തിരിക്കുന്നു, കമല്‍ ഹാസന് സാറിന് വേണ്ടി വിക്രം 2, റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍. ഇതിനിടയില്‍ ഒരു സിനിമ പെട്ടന്ന് ചെയ്ത് തീര്‍ക്കണമെന്നുണ്ട്. എന്നാല്‍ യൂണിവേഴ്സ് കാരണം അത് സംഭവിക്കുമെന്ന് തോന്നുന്നില്ല’ എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്.
‘ലിയോ’ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് ലോകേഷ് സംസാരിച്ചത്. ഒക്ടോബര്‍ 19ന് ആണ് ലിയോ തിയേറ്ററില്‍ എത്തുന്നത്. നിലവില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ പ്രീ റീലീസ് ഹൈപ്പ് ആണ് ലിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്ന സംശയത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ചിത്രത്തിന്റെ ട്രെയ്ലര് എത്തിയപ്പോഴും എല്‍സിയു ഫാക്ടേര്‍സ് ഡീകോഡ് ചെയ്തു കൊണ്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
