Malayalam
തിരുവനന്തപുരത്ത് മാത്രം പടം ഓടിയാല്‍ മതിയോ എന്ന് ചോദിച്ച് ദിലീപും സംവിധായകനും കൂടെ സ്ലാഗ് മാറ്റി; ചിത്രം പരാജയപ്പെടുകയും ചെയ്തു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
തിരുവനന്തപുരത്ത് മാത്രം പടം ഓടിയാല്‍ മതിയോ എന്ന് ചോദിച്ച് ദിലീപും സംവിധായകനും കൂടെ സ്ലാഗ് മാറ്റി; ചിത്രം പരാജയപ്പെടുകയും ചെയ്തു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സില്‍ തുടങ്ങി മലയാളികള്‍ക്ക് മറ്ക്കാനാകാത്ത നിരവധി ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. പൊതുവെ ഫീല്‍ ഗുഡ് സിനിമകളും തമാശ ചിത്രങ്ങളുമൊക്കെയാണ് ലാല്‍ ജോസ് ഒരുക്കാറുള്ളത്. അതുകൊണ്ട് തന്നെ അവയുടെ വിജയ സാധ്യത വളരെ വലുതായിരുന്നു.
എന്നാല്‍ അടുത്തകാലത്തായി കരിയറില്‍ അത്ര നല്ല സമയമല്ല ലാല്‍ ജോസിന്. അവസാനം പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ ഒരു സിനിമയും വിജയം കണ്ടില്ല. ഒരു കാലത്തെ ഹിറ്റ് സംവിധായകന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അതേസമയം കരിയറിലെ തുടക്ക കാലത്തും ഇതുപോലൊരു ഘട്ടത്തിലൂടെ ലാല്‍ ജോസിന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ മീശ മാധവന് ശേഷം ചില പരാജയങ്ങള്‍ ലാല്‍ ജോസിനുണ്ടായി.
ഇതിലൊന്നായിരുന്നു 2001ല്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ രസികന്‍. ഇപ്പോഴിതാ ആ സിനിമയുടെ പിന്നണിയിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ ജോസ്. രസികന്‍ സിനിമയുടെ ഡയലോഗുകള്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് എഴുതിയിരുന്നതെന്നും എന്നാല്‍ ദിലീപും നിര്‍മാതാവും ആവശ്യപ്പെട്ടത് കൊണ്ടാണ് അത് മാറ്റിയതെന്നും ലാല്‍ ജോസ് പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം സ്ലാങ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസിലാകുമോ എന്ന സംശയത്താലാണ് മുരളി ഗോപി അത് ന്യൂട്രല്‍ രീതിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്ലാങ്ങിലാണ് രസികന്‍ സിനിമയുടെ സംഭാഷണങ്ങള്‍ വന്നതെങ്കില്‍ അതിലെ തമാശകള്‍ വര്‍ക്കാകുമായിരുന്നു എന്നും പിന്നീട് അതേ സ്ലാങ്ങില്‍ വന്ന മമ്മൂട്ടിയുടെ രാജമാണിക്യം വലിയ ഹിറ്റായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘രസികന്‍ തിരുവനന്തപുരത്ത് നടക്കുന്ന കഥയായിരുന്നു. അത് കൊണ്ട് തന്നെ തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു മുരളി ഗോപി അതിലെ സംഭാഷണങ്ങള്‍ എഴുതിയിരുന്നത്. എന്നാല്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ സ്ലാങ് മനസ്സിലാകുമോ എന്നൊരു സംശയം ദിലീപിനും നിര്‍മാതാവിനും വന്നു. തിരുവനന്തപുരത്ത് മാത്രം പടം ഓടിയാല്‍ മതിയോ എന്നും അവര്‍ ചോദിച്ചു. പിന്നീട് അവരുടെ ആവശ്യാനുസരണമാണ് സംഭാഷണങ്ങള്‍ ഒരു ന്യൂട്രല്‍ ഭാഷയിലേക്ക് മാറ്റിയത്. അല്ലായിരുന്നു എങ്കില്‍ ആ സ്ലാങ്ങിന്റെതായുള്ള തമാശകള്‍ എങ്കിലും വര്‍ക്ക് ചെയ്യുമായിരുന്നു’.
‘ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. അത് കഴിഞ്ഞ് പില്‍ക്കാലത്ത് ഇതേ സ്ലാങ്ങില്‍ വന്ന രാജമാണിക്യം വലിയ ഹിറ്റാവുകയും ചെയ്തു. അന്‍വര്‍ റഷീദിന്റെ ആദ്യ സിനിമ. മമ്മൂട്ടി മുഴുവന്‍ തിരുവനന്തപുരം സ്ലാങ് സംസാരിച്ച ആ സിനിമ ആളുകള്‍ക്ക് വലിയ ഇഷ്ടമായി. ചില നിര്‍ഭാഗ്യങ്ങള്‍ ചില സമയത്ത് നമ്മളെ പിന്തുടരും. അങ്ങനെ രസികന്‍ തിയേറ്ററില്‍ പരാജയപ്പെട്ടു’, എന്നും ലാല്‍ജോസ് പറഞ്ഞു.
രസികന്റെ പരാജയം തന്നെ വലിയ രീതിയില്‍ ബാധിച്ചെന്നും ഡിപ്രഷനിലേക്ക് പോയെന്നും ലാല്‍ ജോസ് ഇതേ അഭിമുഖത്തില്‍ പറയുകയുണ്ടായി. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ശിവന്‍കുട്ടി എന്ന യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീപിന് പുറമെ മുരളി ഗോപി, ബിജു മേനോന്‍, സംവൃത സുനില്‍, സുകുമാരി, അഭി, ജഗതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സംവൃത സുനിലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
ദിലീപിന്റെ അടുത്ത സുഹൃത്താണ് ലാല്‍ ജോസ്. സഹസംവിധായകരായി രണ്ട പേരും പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് ഈ സൗഹൃദം. പിന്നീട് കരിയറില്‍ വിജയം കണ്ടപ്പോഴും ആ സൗഹൃദം അതേപോലെ തുടര്‍ന്നു. രണ്ട് പേരും ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. കരിയറില്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നവര്‍ ആയിരുന്നു ദിലീപും ലാല്‍ ജോസും.ലാല്‍ ജോസ് സഹസംവിധായകന്‍ ആയിരിക്കെ ദിലീപിന് ചെറിയ വേഷങ്ങള്‍ സിനിമകളില്‍ നല്‍കാന്‍ ഇദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു.
മുമ്പൊരിക്കല്‍ മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ദിലീപിനെ നായകനാക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ‘വധു ഡോക്ടറാണ്’ എന്ന സിനിമ ചെയ്യുമ്പോഴേക്കും ഗസല്‍ എന്ന കമല്‍ സാറിന്റെ സിനിമ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ഈ ഒരു വര്‍ഷത്തിനുള്ളില്‍ എന്റെയും ദിലീപിന്റെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്നു. ഞാന്‍ മൂന്ന് സിനിമകളില്‍ അസോസിയേറ്റ് ഡയരക്ടറായി വര്‍ക്ക് ചെയ്തു.
സുദിനം, സര്‍ഗ വസന്തം, വധു ഡോക്ടറാണ്. ഈ മൂന്ന് സിനിമകളും കഴിഞ്ഞ് ഞാന്‍ കമല്‍ സാറിനൊപ്പം വീണ്ടും ജോയിന്‍ ചെയ്യുന്നത് മഴയെത്തും മുന്‍പേ എന്ന സിനിമയ്ക്കാണ്. വധു ഡോക്ടറാണ് എന്ന സിനിമ ഞാന്‍ ചെയ്യുമ്പോഴേക്കും ദിലീപ് മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ നായകനായി. ദിലീപ് എന്ന പേരില്‍ തന്നെ. സുനില്‍ എന്ന ഡയറക്ടറാണ് സംവിധാനം ചെയ്യുന്നത്. റോബിന്‍ തിരുമലയും അന്‍സാര്‍ കലാഭവും ചേര്‍ന്ന് തിരക്കഥ എഴുതിയ ആ സിനിമയില്‍ മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരം ആണ് ദിലീപിനെ കാസ്റ്റ് ചെയ്‌തെന്നാണ് എന്റെ അറിവ്. അതിന് കാരണം ആയത് സൈന്യം എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയും ദിലീപുമാെക്കെ തമ്മിലുണ്ടായിരുന്ന റാപ്പോ ആണെന്നും അദ്ദേഹം പറഞ്ഞു.