ഏഴ് ലക്ഷത്തോളം രൂപ കണ്ടെത്തിയില്ലെങ്കില്‍ ലക്ഷ്മിക ചോര നീരാക്കി നിര്‍മ്മിച്ച വീട് അന്യാധീനമാകും, മാതാപിതാക്കള്‍ തെരുവിലിറങ്ങേണ്ടി വരും; സഹായം തേടി സുഹൃത്തുക്കള്‍
അന്തരിച്ച നടി ലക്ഷ്മിക സജീവന്റെ കുടുംബത്തിനായി സഹായം തേടി സുഹൃത്തുക്കള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം ജീവിക്കുന്നത്. ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കില്‍ ലക്ഷ്മിക ചോര നീരാക്കി നിര്‍മ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കള്‍ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യുമെന്ന് സുഹൃത്തുക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
‘ലക്ഷ്മിക സജീവന്‍ കുടുംബ സഹായ നിധി, അകാലത്തില്‍ പൊലിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട നടി ലക്ഷ്മിക സജീവന്റെ മാതാപിതാക്കള്‍ ഏക മകളുടെ വിയോഗത്തില്‍ കടുത്ത ദു:ഖത്തില്‍ നീറിക്കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണവര്‍ ജീവിക്കുന്നത്. 7 ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കില്‍ ലക്ഷ്മിക ചോര നീരാക്കി നിര്‍മ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കള്‍ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യും.
അവരെ സാമ്പത്തീകമായി സഹായിക്കേണ്ടത് സഹജീവികളായ നമ്മളോരോരുത്തരുടേയും കടമയാണ്. ആയതിനാല്‍ എല്ലാവരും അവരവരെക്കൊണ്ടാകുന്ന തുകകള്‍ ലക്ഷ്മികയുടെ മാതാവ് ലിമിറ്റ സജീവിന്റെ ഗൂഗിള്‍ പേയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നിക്ഷേപിച്ച് ആ കുടുംബത്തെ ഈ പ്രതിസന്ധിയില്‍ നിന്നും കര കയറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഡിസംബര്‍ ഏഴിന് ആയിരുന്നു ലക്ഷ്മിക സജീവന്റെ അകാല വിയോഗം. ഷാര്‍ജയില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പുറത്തുവന്ന വിവരം. രണ്ട് ദിവസം മുന്‍പായിരുന്നു ലക്ഷ്മിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും ഏക മകളാണ് ലക്ഷ്മിക.
‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലെ പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലക്ഷ്മിക ശ്രദ്ധനേടുന്നത്. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയുടെ അതിജീവന കഥ അതി മനോഹരമായി ലക്ഷ്മിക അവതരിപ്പിച്ച് കയ്യടി നേടി. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടിരുന്നു.