News
ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഒ. ജോസഫ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു
ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഒ. ജോസഫ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു
തിയേറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തിയറ്റര്‍ ഉടമയുമായ മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ് (74)) അന്തരിച്ചു. എറണാകുളത്ത് നിന്ന് മടങ്ങിവരവേ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാത്രി 9 : 45 ഓടെയാണ് അപകടം നടന്നത്.
അപകടത്തില്‍ അദ്ദേഹത്തിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹൃദയാഘാതംകൂടി സംഭവിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം തൃശൂര്‍ അമല ഹോസ്പിറ്റലില്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇന്ന് രാത്രി ഏഴുമണിക്ക് മുക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2:30 ന് മുക്കം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
തിയേറ്ററുകള്‍ക്ക് വേണ്ടി ഓടി നടന്ന വ്യക്തിത്വമാണ് ജോസഫിന്റേത്. മുക്കത്തെ വിപി മൊയ്തീന്റെ അടുത്തു സുഹൃത്തായിരുന്നു. കോഴിക്കോട്ടെ ഇളക്കി മറിച്ച സൗഹൃദത്തിലെ പ്രധാനി. പിന്നീട് തിയേറ്ററുകളോടായി പ്രണയം. മുക്കത്തു നിന്നും കേരളത്തിന്റെ പല കോണുകളിലും എത്തി തിയേറ്റര്‍ വ്യവസായത്തെ പരിപോക്ഷിപ്പിച്ചു.
കോഴിക്കോട് മുക്കത്ത് അഭിലാഷ് തിയേറ്റര്‍ സ്ഥാപിച്ചാണ് അദ്ദേഹം ഈ രംഗത്തേക്ക് പ്രവേശിച്ചത്. മുക്കത്തെ തിയേറ്ററുകള്‍ കൂടാതെ കൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്സ് തിയറ്റര്‍, റോസ് തിയേറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്ക്രീനുകളും കെ.ഒ. ജോസഫിന്റേതായുണ്ട്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
