News
ട്വിറ്റര്‍ നിയമങ്ങളുടെ ലംഘനം; നടന് കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു
ട്വിറ്റര്‍ നിയമങ്ങളുടെ ലംഘനം; നടന് കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു
നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കിഷോര്‍. ഇപ്പോഴിതാ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ട്വിറ്റര്‍ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞദിവസമാണ് കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നിരവധി പേരാണ് ഇതിന് കാരണമെന്താണെന്ന അന്വേഷണവുമായി എത്തിയത്.
കിഷോറിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ സിഇഓ ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് പ്രതികരണമിട്ടവരും ഇക്കൂട്ടത്തിലുണ്ട്.
സാമൂഹിക പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടുന്ന താരമാണ് കിഷോര്‍. രാജ്യത്തെ കര്‍ഷകര്‍ക്കായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. 2022ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായി മിന്നുംപ്രകടനമാണ് കിഷോര്‍ കാഴ്ചവെച്ചത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലും നിര്‍ണായകവേഷമായിരുന്നു ചെയ്തത്.
