Malayalam
ആദ്യമായി ദിലീപേട്ടനെ കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് ഞാന്‍ വിളിച്ചത്, അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; വൈറലായി കാവ്യയുടെ വാക്കുകള്‍
ആദ്യമായി ദിലീപേട്ടനെ കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് ഞാന്‍ വിളിച്ചത്, അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്; വൈറലായി കാവ്യയുടെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.
ഒരുകാലത്ത് ദിലീപിന്റെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ നായികയായിരുന്നു കാവ്യ. കാവ്യ ആദ്യമായി നായികയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ ദിലീപായിരുന്നു നായകന്‍. താരം അവസാനമായി അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തി. ഈ സിനിമയ്ക്ക് ശേഷമായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. അതിനു മുന്‍പ് മീശമാധവന്‍, തിളക്കം, റണ്‍വേ എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചെത്തുകയും ഇവയെല്ലാം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാവ്യ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കുന്നത്. എന്നാല്‍ അതിനു മുന്നേ ഇരുവരും കണ്ടുമുട്ടിയിരുന്നു. റിലീസ് ചെയ്യാതെ പോയ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് കാവ്യ പറഞ്ഞിരുന്നു. ആദ്യമായി നേരില്‍ കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് താന്‍ ദിലീപേട്ടനെ വിളിച്ചതെന്നും അദ്ദേഹം അത് തിരുത്തി ചേട്ടന്‍ എന്ന് വിളിപ്പിക്കുകയായിരുന്നു എന്നാണ് കാവ്യ പറഞ്ഞത്.
‘കൊച്ചിയിലെ ഒരു പാടത്ത് ദി പ്രസിഡന്റ് എന്ന സിനിമ ഷൂട്ട് ചെയ്യുന്നു. ഇന്നും പുറത്തിറങ്ങാത്ത ആ സിനിമയില്‍ മോളി ആണ് ഞാന്‍. ഇന്ദ്രന്‍സേട്ടനുണ്ട് ലൊക്കേഷനില്‍. അതേ ലൊക്കേഷനില്‍ ഞങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ ഇന്ദ്രന്‍സേട്ടന് ‘മാനത്തെ കൊട്ടാരത്തി’ന്റെ ഷൂട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു പോവുമ്പോള്‍ അതാ കലുങ്കില്‍ മൂന്നു പേര്‍. മാനത്തെ കൊട്ടാരത്തിലെ മറ്റു മൂന്നു നായകന്‍മാര്‍. ഹരിശ്രീ അശോകന്‍, നാദിര്‍ഷ, ദിലീപ്. കോമിക്കോളയിലൂടെ എന്നെ ഒരുപാടു ചിരിപ്പിച്ചിട്ടുളളവര്‍.
ആദ്യമായാണ് ദിലീപേട്ടനെ നേരില്‍ കാണുന്നത്. ഞാനും എന്റെ ചേട്ടന്‍ മിഥുനും ദിലീപേട്ടന്റെ കടുത്ത ആരാധകരാണ്. ഓടിച്ചെന്നു ഞാന്‍ കലുങ്കിനരികിലേക്ക്. എനിക്കൊരു പരിചയക്കുറവുമുണ്ടായിരുന്നില്ല. അങ്കിള്‍ എന്നാണ് ഞാന്‍ ആദ്യം വിളിച്ചത്. ദിലീപേട്ടന്‍ അപ്പോള്‍ തന്നെ അതു തിരുത്തി. അങ്കിള്‍ അല്ല മോളേ ചേട്ടന്‍. ഞങ്ങള്‍ക്ക് ഒരു പാട് ഇഷ്ടമാണ് ‘കോമിക്കോള’ എന്നു പറഞ്ഞു,’ എന്നും കാവ്യ ഓര്‍മിച്ചു. ‘ഞാന്‍ ‘ഭൂതക്കണ്ണാടി’യില്‍ അഭിനയിക്കുമ്പോള്‍ ദിലീപേട്ടന്‍ ഒരു ദിവസം ലൊക്കേഷനില്‍ വന്നിരുന്നു. ലോഹിയങ്കിളിനെ കാണാനായി. ലോഹിയങ്കിളിന്റെ ഭാര്യ സിന്ധു ചേച്ചിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് എന്നെ കണ്ടു.
‘ഹായ് കാവ്യ എന്നു പറഞ്ഞു. എനിക്കു സന്തോഷം തോന്നി. എന്നെ മറന്നില്ലല്ലോ? അപ്പോഴേക്കും ദിലീപേട്ടന്‍ സിനിമയിലും താരമായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ സിനിമയില്‍ നായികയായി അഭിനയിക്കുമ്പോള്‍ ദിലീപേട്ടന്‍ പറയുന്നുണ്ടായിരുന്നു. ‘അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിള്‍ വിളി മാറ്റിച്ചത്. ഇല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ. ഒരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനെയും അങ്കിള്‍ എന്നു വളിപ്പിക്കാന്‍ സമ്മതിക്കില്ല.’
പിന്നീട് മീശമാധവനില്‍ അഭിനയിക്കുമ്പോള്‍ സനൂഷയുണ്ട്. സനൂഷ ‘അങ്കിള്‍ ഞാന്‍ പോവുകയാണേ’ എന്നു പറഞ്ഞപ്പോള്‍ സനൂഷയെ അടുത്തേയ്ക്കു വിളിച്ചു പറയുന്നുണ്ടായിരുന്നു, ‘ഇങ്ങു വന്നേ. ഇതു പോലെ അങ്കിള്‍ എന്നു വിളിച്ചൊരാളാണ് ഇപ്പോള്‍ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാവില്ലെന്ന് ആര്‍ക്കറിയാം അതുകൊണ്ട് ചേട്ടാന്നു വിളിച്ചാല്‍ മതി.’ പറഞ്ഞതുപോലെ സനൂഷ ‘മിസ്റ്റര്‍ മരുമകനില്‍’ നായികയായില്ലേ?,’ എന്നും കാവ്യ മാധവന്‍ പറയുന്നു.
താന്‍ അര്‍ഹിച്ചതിലും അധികം സിനിമ തനിക്ക് നല്‍കിയിട്ടുണ്ടെന്ന് കാവ്യ പറയുന്നു. സിനിമാ നടി അല്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കാവ്യ മാധവന്‍. ‘എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്തപ്രദേശത്ത് ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍,’ എന്നാണ് കാവ്യ പറഞ്ഞത്. സിനിമയില്‍ വന്നതും ഒരുപാട് പേരുടെ സ്‌നേഹം ലഭിക്കാനായതും ഭാഗ്യമാണെന്നും കാവ്യ പറഞ്ഞു.