Actress
സറൊഗസി വഴി അമ്മയായതിനെ താന്‍ എതിര്‍ത്തിട്ടില്ല, നിയമപരമായാണ് നടി ചെയ്തതെങ്കില്‍ ക്ഷമ ചോദിക്കുന്നു; കസ്തൂരി
സറൊഗസി വഴി അമ്മയായതിനെ താന്‍ എതിര്‍ത്തിട്ടില്ല, നിയമപരമായാണ് നടി ചെയ്തതെങ്കില്‍ ക്ഷമ ചോദിക്കുന്നു; കസ്തൂരി
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം പുറം ലോകത്തെ അറിയിച്ചത്.
നയന്‍താര വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചപ്പോള്‍ ഇത് വലിയ തോതില്‍ വാര്‍ത്തയായിരുന്നു. വാടക ഗര്‍ഭ ധാരണം വഴി കുഞ്ഞിനെ സ്വീകരിച്ച താരങ്ങള്‍ തെന്നിന്ത്യന്‍ സിനിമാ രംഗത്ത് കുറവാണെന്നാണ് ഇതിന് കാരണം. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നെന്ന് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും അറിയിച്ചപ്പോള്‍ പലര്‍ക്കും അമ്പരപ്പായിരുന്നു.
പിന്നീടാണ് സറൊഗസി വഴിയാണ് കുട്ടികള്‍ പിറന്നതെന്ന് വ്യക്തമായത്. ഉയിര്‍, ഉലകം എന്നിവരാണ് നയന്‍താരയുടെയും വിഘ്‌നേശിന്റെയും മക്കള്‍. സന്തോഷ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ താര ദമ്പതികള്‍ വിവാദത്തില്‍ അകപ്പെടുകയാണുണ്ടായത്. സറൊഗസി സംബന്ധിച്ചുള്ള നിയമത്തില്‍ ചില പുതിയ ചട്ടങ്ങള്‍ സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ നയന്‍താരയും വിഘ്‌നേശും ലംഘിച്ചെന്ന് ആരോപണം വന്നു.
പിന്നാലെ ഇക്കാര്യത്തില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു. ആറ് വര്‍ഷം മുമ്പേ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തതാണെന്നും വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് നയന്‍സും വിഘ്‌നേശും രേഖമാമൂലം അറിയിച്ചു. നിയമലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെയാണ് വിവാദങ്ങള്‍ അകന്നത്. നയന്‍താൈര സറൊഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതില്‍ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രംഗത്ത് വന്ന നടിയാണ് കസ്തൂരി.
നയന്‍താരയുടെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും കസ്തൂരി ഇത് കാര്യമാക്കിയില്ല. ഇപ്പോഴിതാ അന്ന് അങ്ങനെയൊരു നിലപാടെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കസ്തൂരി. നയന്‍താര സറൊഗസി വഴി അമ്മയായതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്ന് കസ്തൂരി പറയുന്നു. സറൊഗസിയുടെ നിയമപരമായ കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. നിയമപരമായാണ് നടി ചെയ്തതെങ്കില്‍ ക്ഷമ ചോദിക്കുന്നു.
യഥാര്‍ത്ഥത്തില്‍ സറൊഗസിയെ താന്‍ പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ ഗേ കപ്പിള്‍സിനോ മറ്റോ സറൊഗസിയോ ദത്തെടുക്കലോ ഇന്ന് നിയമപരമായി സാധിക്കില്ല. അത് ശരിയല്ല. സറൊഗസി പക്രിയ നിയമപരമാണെങ്കില്‍ അതിനെ പിന്തുണയ്ക്കും പക്ഷെ നിയമ വിരുദ്ധമാണെങ്കില്‍ നിയമത്തിനെതിരെ പോരാടണം. അല്ലാതെ നിയമ വിരുദ്ധമാണെന്ന്, പക്ഷെ ചെയ്യാം എന്ന് പറയരുതെന്നും കസ്തൂരി വ്യക്തമാക്കി.
അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാറായി കാണുന്നില്ലെന്ന് കസ്തൂരി തുറന്ന് പറഞ്ഞിട്ടുണ്ട്. വിജയശാന്തി, കെപി സുന്ദരാംബാള്‍ എന്നിവരാണ് ഈ പേരിന് അര്‍ഹതയുള്ളവരെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. ഇവരുടെ സിനിമകളുടെ കഥ നായികമാരെ ചുറ്റിപ്പറ്റിയായിരുന്നു.
മായ എന്ന സിനിമയില്‍ മാത്രമാണ് നയന്‍താരയ്ക്ക് അത്തരത്തിലൊരു വേഷം ചെയ്യാന്‍ പറ്റിയത്. മറ്റ് സിനിമകളൊന്നും നന്നായില്ലെന്നും കസ്തൂരി തുറന്ന് പറഞ്ഞു. നയന്‍താര കസ്തൂരിയുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ നടി മാളവിക മോഹനന്‍ ഒരു സിനിമയിലെ തന്റെ മേക്കപ്പിനെ വിമര്‍ശിച്ചതിനെതിരെ നയന്‍താര പരോക്ഷമായി സംസാരിച്ചിട്ടുണ്ട്. സറൊഗസിയെക്കുറിച്ചോ കുഞ്ഞുങ്ങളെക്കുറിച്ചോ നയന്‍താര അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല.
അതേസമയം, അടുത്തിടെ നയന്‍താരയും ഭര്‍ത്താവും വേര്‍പിരിയുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താര ഭര്‍ത്താവ് വിഘ്‌നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ ‘അണ്‍ഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായത്. ഇതിനൊപ്പം തന്നെ നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. പിന്നാലെയായിരുന്നു ഇരുവരും വേര്‍പിരിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ പിന്നീട് നയന്‍താര ഫോളോ ചെയ്തിരുന്നു.
