News
കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു
കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര 2ന്റെ ഷൂട്ടിംഗിനിടെ അപകടം സംഭവിച്ച് ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്.
മലയാളിയായ കപിൽ എന്നയാളാണ് മരിച്ചത്. കൊല്ലൂർ സൗപർണിക നദിയിലാണ് കപിൽ മുങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ നദിയിൽ നീന്താനിറങ്ങിയ ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
പ്രാദേശിക അധികൃതരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ യുവാവിന്റെ മൃതദേഹം അന്ന് വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പിന്നാലെ കൊല്ലൂർ പാെലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇത് ആദ്യമായല്ല കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ അപകടമുണ്ടാകുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളുമായി പോയ ബസ്
കൊല്ലൂരിൽ തലകീഴായി മറിഞ്ഞിരുന്നു. അന്ന് ആർക്കും കാര്യമായ പരിക്കേറ്റിരുന്നില്ല. ഇതിനിടെ കാറ്റിലും മഴയിലും സിനിമയുടെ സെറ്റ് പൊളിഞ്ഞ് വീഴുകയും ചെയ്തിരുന്നു.
കാന്താര 1നെക്കാൾ പത്തിരട്ടി നിലവാരമുള്ള സിനിമയാകും പ്രീക്വലെന്നുമാണ് വിവരം. 2025ൽ തന്നെ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പദ്ധതിയെന്നാണ് ചില റിപ്പോർട്ടുകൾ.
