News
കങ്കണ ബിജെപിയിലേയ്ക്ക്, ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കും?; തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞ് കങ്കണ റണാവത്ത്
കങ്കണ ബിജെപിയിലേയ്ക്ക്, ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കും?; തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞ് കങ്കണ റണാവത്ത്
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
നേരത്തെ കങ്കണ ബിജെപിയിലേയ്ക്ക് പ്രവേശിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായുമാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ഔദ്യോഗികമായി രാഷ്ട്രീയത്തിലേയ്ക്ക് കടക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് നടി പറയുന്നത്.
സെപ്റ്റംബര്‍ 17 ന് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കളുടെ ലേലം സംഘടിപ്പിച്ചിരുന്ന നാഷണല്‍ മോഡേണ്‍ ആര്‍ട്ട് ഗാലറി നടി സന്ദര്‍ശിച്ചിരുന്നു. ലേലത്തിനെത്തിയ കങ്കണ അയോധ്യയില്‍ വരാനിരിക്കുന്ന ശ്രീരാമ മന്ദിറിന്റെ മോഡലിനായി ലേലം വിളിച്ചു. ഒപ്പം തന്റെ സിനിമാജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നടി അന്ന്പറഞ്ഞു.
സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശമില്ല. ഒരു കലാകാരി എന്ന നിലയില്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം. ഞാനൊരു ദേശസ്‌നേഹിയാണ്.രാജ്യത്തിന് വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യുന്നവര്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും ഞാന്‍ പ്രോത്‌സാഹിപ്പിക്കുമെന്നും താരം പറഞ്ഞു.
അതേസമയം, എമര്‍ജന്‍സി എന്ന ചിത്രമാണ് കങ്കണയുടേതായി പുറത്തെത്താനുള്ള ചിത്രം. മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സിനിമയുടെ ഉളളടക്കം വിവാദ സ്വഭാവമുളളതാണെന്നും നിലവിലെ സര്‍ക്കാര്‍ വളര്‍ത്തിയെടുത്ത സര്‍ഗ്ഗാത്മക സ്വാതന്ത്രം മൂലമാണ് തനിക്ക് ഈ വിഷയം കൈകാര്യം ചെയ്യാന്‍ സാധിച്ചതെന്നും കങ്കണ പറഞ്ഞു.
മാത്രമല്ല, ഇപ്പോഴത്തെ സര്‍ക്കാര്‍ അഭിനേതാക്കള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നതുകൊണ്ടാണ് ഇത് സാധ്യമായത്. ഇത്തരത്തിലുളള സ്വാതന്ത്ര്യം പണ്ടുകാലങ്ങളില്‍ ഉണ്ടായിരുന്നില്ല. രാജ്യം സാക്ഷിയായ അടിയന്തരാവസ്ഥ എന്ന പ്രധാന സംഭവം ഇതുകൊണ്ടാണ് ഇതുവരെ സിനിമയാകാഞ്ഞതെന്നും നടി ആരോപിച്ചു.
