News
ഹിമാലയന്‍ യാത്രയില്‍ ബൈക്ക് പഞ്ചറായി വഴിയിലകപ്പെട്ടു, ആരും സഹായിച്ചില്ല; ഒടുക്കം സഹായത്തിനെത്തിയത് സൂപ്പര്‍ ഹീറോ; ആളെ കണ്ട് കണ്ണ് തള്ളി യുവാവ്!
ഹിമാലയന്‍ യാത്രയില്‍ ബൈക്ക് പഞ്ചറായി വഴിയിലകപ്പെട്ടു, ആരും സഹായിച്ചില്ല; ഒടുക്കം സഹായത്തിനെത്തിയത് സൂപ്പര്‍ ഹീറോ; ആളെ കണ്ട് കണ്ണ് തള്ളി യുവാവ്!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം ‘തല’യാണ് അജിത്ത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടനെന്നതിനേക്കാളുപരി, നല്ലൊരു സഞ്ചാരപ്രേമി കൂടിയാണ് അജിത്ത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് അജിത്തിന്റെ ഒരു വാര്‍ത്തയാണ്. തന്റെ ഹിമാലയന്‍ യാത്രയില്‍ ബൈക്ക് പഞ്ചറായി വഴിയിലകപ്പെട്ട മജു കശ്യപ് എന്ന യുവാവിന് രക്ഷയായി എത്തിയത് സാക്ഷാല്‍ അജിത്ത് ആണ്. ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പിനിടെയാണ് മജുവിന്റെ ബൈക്ക് പഞ്ചറായി വഴിയില്‍ കുടുങ്ങിയത്. പലരോടും സഹായം അഭ്യര്‍ഥിച്ചു, ആരും സഹായത്തിനെത്തിയില്ല.
അപ്പോഴാണ് ഒരു ബിഎംഡബ്ല്യു റൈഡര്‍ ബൈക്ക് നിര്‍ത്തിയത്. ബൈക്കറോട് മജു ആദ്യം ചോദിച്ചത്, ടയറിലെ എയര്‍ നിറക്കാന്‍ എയര്‍ കംപ്രസര്‍ ഉണ്ടോയെന്നായിരുന്നു. തന്റെ കയ്യില്‍ എയര്‍ കംപ്രസര്‍ ഇല്ലെന്നും എന്നാല്‍ പിന്നാലെ വരുന്ന കാറില്‍ അതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പത്തു മിനിറ്റ് കഴിഞ്ഞാല്‍ കാറെത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഒരു ബിഎംഡബ്ല്യു ആര്‍ 1250 സമീപത്ത് നിര്‍ത്തി. കാര്‍ വരുന്നതുവരെയുള്ള സമയത്ത് രണ്ടുപേരും പലകാര്യങ്ങളും സംസാരിച്ചു. അതിനിടെ ബിഎംഡബ്ല്യു റൈഡര്‍ ഹെല്‍മറ്റ് ഊരി സ്വയം പരിചയപ്പെടുത്താനൊരുങ്ങിയപ്പോഴാണ് മജു ഞെട്ടിയത്.
മജുവിന് അദ്ദേഹത്തിന്റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല. തനിക്ക് സഹായമായെത്തിയത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്ത്. ആ ഞെട്ടല്‍ മാറും മുന്‍പേ പഞ്ചറൊട്ടിച്ച് ബൈക്കിന്റെ ടയര്‍ ശരിയാക്കുകയും ചെയ്തു. അപ്രതീക്ഷിതമായി കണ്ടുമുട്ടിയ താരത്തിനൊപ്പം കുറച്ചു മണിക്കൂറുകള്‍ കൂടി മജു ഒരുമിച്ച് ബൈക്ക് ഓടിച്ചു.
പിന്നീട് മജുവിന്റെ ക്ഷണം സ്വീകരിച്ച് താരം റോഡരികിലെ ചായക്കടയില്‍ നിന്നും ചായയും കുടിച്ചു. ഇതിനിടെ തന്റെ റോഡ് ട്രിപ്പിന്റെ വിശദാംശങ്ങള്‍ അജിത്തും മജുവും പരസ്പരം പങ്കുവച്ചു. യാത്രക്ക് ശുഭ ആശംസകള്‍ നേര്‍ന്നാണ് അജിത്ത് മജുവിനെ യാത്രയാക്കിയത്. സൂപ്പര്‍താരമായിട്ടും അജിതിന്റെ ലാളിത്യം തന്നെ ഞെട്ടിച്ചെന്നാണ് മജു പറയുത്. അജിത്തിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് താരത്തിന്റെ സഹായം കിട്ടിയ വിവരം മജു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
