Malayalam
‘കാന്താര’ അടുത്ത വര്‍ഷം ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയാവും; സിനിമയെ പ്രശംസിച്ച് കങ്കണ റണാവത്ത്
‘കാന്താര’ അടുത്ത വര്‍ഷം ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയാവും; സിനിമയെ പ്രശംസിച്ച് കങ്കണ റണാവത്ത്
തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ‘കാന്താര’. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. കാന്താര സിനിമ കണ്ടുവെന്നും അടുത്ത വര്‍ഷം ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയാവും ചിത്രമെന്നും കങ്കണ പറഞ്ഞു. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താരയെന്നും കങ്കണ കുറിച്ചു.
‘എന്റെ കുടുംബത്തോടൊപ്പം കാന്താര കണ്ടു, അടുത്ത വര്‍ഷത്തെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വര്‍ഷം അവസാനിക്കാനിരിക്കുന്നതേയുള്ളൂ, ഇനിയും മികച്ച സിനിമകള്‍ വരാനുണ്ട്. ഇത് നിഗൂഢതയുടെ നാടാണ്.
ഇത് ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല, അത് ഉള്ക്കൊള്ളാനെ ആകൂ. ഇന്ത്യ ഒരു അത്ഭുതം പോലെയാണ്, അത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിരാശനാകും, പക്ഷേ നിങ്ങള്‍ അത്ഭുതത്തിന് കീഴടങ്ങിയാല്‍ നിങ്ങള്‍ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താര’, എന്നാണ് കങ്കണ കുറിച്ചത്.
അതേസമയം, തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. 1.27 കോടിയുമായി ഓപ്പണിങ്ങ് തുടങ്ങിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 15 കോടിയാണ്.
കഴിഞ്ഞ ഞായറാഴ്ച 3.50 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് സെപ്റ്റംബര്‍ 30ന് ആയിരുന്നു തിയറ്ററുകളിലെത്തിയത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആയിരുന്നു നിര്‍മ്മാണം.
ആദ്യദിനം മുതല്‍ ബോക്സ് ഓഫീസില്‍ തിളങ്ങിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
