ഈ ചോദ്യം കേട്ട് ബോറടിച്ച് തുടങ്ങി, പ്ലീസ് എന്നോട് ചോദിക്കരുത്, വേറെ ചോദ്യം ചോദിക്കൂ; കല്യാണി പ്രിയദർശൻ
യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്തവയാണ്. മലയാളത്തിലെ നിലവിലുള്ള യുവനടിമാർക്കിടയിൽ വളരെ ക്യൂട്ടായ നായികമാരിൽ ഒരാൾ എന്നാണ് ആരാധകർ കല്യാണിയെ വിശേഷിപ്പിക്കുന്നത്.
കല്യാണി പ്രിയദര്‍ശനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് കടന്നുവരുന്ന പേരാണ് പ്രണവ് മോഹന്‍ലാലിന്റേത്. തങ്ങളുടെ അച്ഛന്മാരെ പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമൊക്കെ പലപ്പോഴും റൂമറുകള്‍ പ്രചരിക്കാറുണ്ട്. പലപ്പോഴും മോഹന്‍ലാലിനും പ്രിയദര്‍ശനും വരെ ഈ വാര്‍ത്തകളുടെ മുനയൊടിക്കേണ്ടി വന്നിട്ടുണ്ട്.
കല്യാണിയോട് എല്ലാ അഭിമുഖങ്ങളിലും പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് ചോദിക്കാറുണ്ട്. പ്രണവിനെ അഭിമുഖങ്ങളിലോ സോഷ്യല്‍ മീഡിയ ഇന്ററാക്ഷനുകളിലോ കിട്ടാത്തതു കൊണ്ടാണ് മിക്കപ്പോഴും കല്യാണിയ്ക്ക് പ്രണവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിലും പ്രണവിനെക്കുറിച്ചുള്ള ചോദ്യത്തെ നേരിടേണ്ടി വന്നിരിക്കുകയാണ് കല്യാണി.
പുതിയ സിനിമയായ ശേഷം മൈക്കില്‍ ഫാത്തിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയതായിരുന്നു കല്യാണി. പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും മറുപടി നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരു റിപ്പോര്‍ട്ടര്‍ കല്യാണിയോട് പ്രണവിനെക്കുറിച്ച് ചോദിച്ചത്. എന്നാല്‍ പ്രണവിനെക്കുറിച്ചുള്ള ചോദ്യങ്ങളെ വിലക്കുകയായിരുന്നു കല്യാണി.
ഈ ചോദ്യം കേട്ട് ബോറടിച്ച് തുടങ്ങി. പ്ലീസ് എന്നോട് ചോദിക്കരുത്. വേറെ ചോദ്യം ചോദിക്കൂ. പ്രണവിനെപ്പറ്റി ചോദിക്കണ്ട എന്നായിരുന്നു കല്യാണിയുടെ പ്രതികരണം. ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിന്നാലെ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും കല്യാണി സംസാരിച്ചു. മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമിയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഞാന്‍ അവിടുത്തെ കുറേ പെണ്‍കുട്ടികളുമായി സംസാരിച്ചിരുന്നു. അതില്‍ നിന്നും ഞാന്‍ ശ്രദ്ധിച്ച കാര്യം അവരുടെ എനര്‍ജിയാണ്. അവരുടെ ബോഡി ലാംഗ്വേജും വേറെയാണ്. എല്ലാ ഇമോഷന്‍സും അവരുടെ മുഖത്ത് കാണാന്‍ സാധിക്കുന്നു. പത്ത് സെക്കന്റില്‍ എല്ലാ ഇമോഷന്‍സും അവരുടെ മുഖത്ത് വന്നു പോകുമെന്നാണ് കല്യാണി പറയുന്നത്.
അവര്‍ സംസാരിക്കുന്നത് കൈകളും ബോഡിയും കൂടെ കൊണ്ടായിരുന്നു. സ്ലാംഗ് ഒരു ടാസ്‌ക് തന്നെയായിരുന്നു. പക്ഷെ എന്റെ ലക്ഷ്യം ഈ സിനിമ കാണുമ്പോള്‍ ഒരു മലപ്പുറം പെണ്‍കുട്ടിയെ കണ്ടുമുട്ടുമ്പോള്‍ കിട്ടുന്ന എനര്‍ജി കിട്ടണം എന്നതായിരുന്നു. ശരീരഭാഷയിലും മുഖഭാവത്തുമെല്ലാം അത് കൊണ്ടു വരാനാണ് ശ്രമിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.
വളരെ സിംപിളായ ജോളിയായ, വൈബ്രന്റായ സിനിമയാണിത്. കൊച്ചു കൊച്ച് സ്വപ്‌നങ്ങളുള്ള കൊച്ച് സിനിമയാണ്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ഒരുമിച്ചിരുന്ന് കാണാന്‍ പറ്റുന്ന സിനിമയായിരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസമെന്നാണ് കല്യാണി സിനിമയെക്കുറിച്ച് പറഞ്ഞത്. മനു സി കുമാര്‍ ആണ് ശേഷം മൈക്കില്‍ ഫാത്തിമയുടെ സംവിധാനം. ഫെമിന ജോര്‍ജ്, ഷഹീന്‍ സിദ്ധീഖ്, അനീഷ് ജി മേനോന്‍, സുധീഷ്, സാബുമോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിച്ച് പുറത്തിറങ്ങുന്ന സിനിമയാണ് ശേഷം മൈക്കില്‍ ഫാത്തിമ. പിന്നാലെ ആന്റണി, ജീനി തുടങ്ങിയ സിനിമകളിലും കല്യാണി അഭിനയിക്കുന്നുണ്ട്. അതേസമയം പ്രണവും കല്യാണിയും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസനും ഈ ചിത്രത്തിലുണ്ട്.