എല്ലാ ദിവസവും ഓരോ നിമിഷവും ജീവിതത്തെ സ്നേഹിച്ച് ആഘോഷിച്ച് നിനക്ക് വളരാൻ കഴിയട്ടെ; മകൾ കൽക്കിക്കൊപ്പം അഭിരാമിയുടെ ദീപാവലി!
‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് അഭിരാമി. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അവർ മാറുകയും ചെയ്തു. ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് താൻ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തുവെന്ന വിവരം അഭിരാമി സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്.കൽക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ദത്തെടുത്തിട്ട് ഒരു വർഷമായെന്നും അഭിരാമി അറിയിച്ചിരുന്നു. ഒപ്പം എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ… ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്.
അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് അഭിരാമി കുറിച്ചത്.
ഇപ്പോഴിതാ മകൾക്കൊപ്പം ദീപാവലി ആഘോഷമാക്കിയതിന്റെ വിശേഷങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയ വഴി അഭിരാമി പങ്കുവെച്ചിരിക്കുന്നത്. മകളേയും ഒക്കത്തെടുത്ത് അഭിരാമിയും ഭർത്താവും കമ്പിത്തിരി കത്തിക്കുന്നതും കൽക്കി അത്ഭുതത്തോടെ അത് വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
ദീപാവലി സ്പെഷ്യൽ കുറിപ്പിലും കൽക്കികുള്ള അഭിരാമിയുടെ പ്രാർത്ഥനയാണ് നിറഞ്ഞ് നിൽക്കുന്നത്. ‘എന്റെ കുഞ്ഞേ… ദീപാവലി ആശംസകൾ. ലോകത്തിലെ എല്ലാ അനുഗ്രഹങ്ങളും സന്തോഷവും നിനക്ക് നൽകപ്പെടട്ടെ. എല്ലാ ദിവസവും ഓരോ നിമിഷവും ജീവിതത്തെ സ്നേഹിച്ച് ആഘോഷിച്ച് നിനക്ക് വളരാൻ കഴിയട്ടെ.’
‘നിനക്ക് ഊഷ്മളമായ ആത്മാവും ദയയുള്ള ഹൃദയവും നിന്റെ ജീവിതം പ്രകാശത്താൽ നിറയ്ക്കട്ടെ… എല്ലാവർക്കും ദീപാവലി ആശംസകൾ’, എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്. നടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ കൽക്കിക്ക് ആശംസപ്രവാഹമാണ്. മകൾ വന്നശേഷം അവളുടെ കുസൃതിയും സന്തോഷവുമാണ് അഭിരാമിയുടെ ലോകം.
ഇക്കഴിഞ്ഞ ഓണത്തിനും കൽക്കിക്കൊപ്പമുള്ള കുടുംബ ചിത്രങ്ങൾ അഭിരാമി പങ്കിട്ടിരുന്നു. ഓണത്തിനാണ് ആദ്യമായി മകളുടെ മുഖം അഭിരാമി പരസ്യമാക്കിയത്. 2009ല്‍ വിവാഹിതയായ അഭിരാമി ഏറെക്കാലം സിനിമയില്‍ നിന്നും മിനിസ്ക്രീനില്‍ നിന്നുമെല്ലാം ഇടവേളയെടുത്തിരുന്നു. പിന്നീട് വീണ്ടും കരിയറില്‍ അഭിരാമി സജീവമായിത്തുടങ്ങി. ഇപ്പോള്‍ സിനിമകളിലും മിനിസ്ക്രീനിലുമെല്ലാം തിരക്കിലാണ് അഭിരാമി.
ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റാണ് അഭിരാമിയുടെ ഭർത്താവ് രാഹുൽ. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു. ‘ഒരു വര്‍ഷമായി അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട്. ഭയങ്കര കുറുമ്പിയാണ് ഒരിടത്ത് വെറുതെ നില്‍ക്കില്ല. അവള്‍ ഞങ്ങള്‍ക്ക് എന്തൊരു സന്തോഷമാണ് നല്‍കുന്നത്. അവളുടെ ചിരിയും കുറുമ്പും എല്ലാം കണ്ട് സമയം പോകുന്നതേയറിയില്ല.”ഇഷ്ടം കൂടുമ്പോള്‍ അവള്‍ വന്ന് കെട്ടിപ്പിടിക്കും. മുട്ട് വരെ മാത്രമെ അവള്‍ക്ക് എത്തുകയുള്ളൂ എന്നിട്ടും കെട്ടിപ്പിടിക്കും. അവളുടെ സംസാരവും അവളുടെ കുഞ്ഞു കുഞ്ഞു കൗതുകങ്ങളും ഓരോ പുതിയ പുതിയ കാര്യങ്ങളും അവള്‍ മനസിലാക്കുന്നു എന്നറിയുമ്പോഴുള്ള ഫീലിങ്‌സും ഒന്നും പറഞ്ഞറിയിക്കാന്‍ കഴിയില്ല.’
‘കല്‍കി എന്ന പേര് ഞാനാണ് നിര്‍ദേശിച്ചത്. സിംപിളായ പേര് വേണം എന്നാല്‍ കോമണായ ഒരുപേരും വേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എല്ലാ മതവും ഒന്നാക്കിയെടുക്കുന്നതാണല്ലോ കല്‍കി എന്നതിന്റെ കോണ്‍സപ്റ്റ്. അങ്ങനെ നന്നാക്കിയെടുക്കാന്‍ ഒരു പെണ്ണ് തന്നെ വേണം. ഒരാണ് വിചാരിച്ചാല്‍ അത് പറ്റില്ല. എങ്കില്‍ പിന്നെ മകള്‍ക്ക് കല്‍കി എന്ന പേര് തന്നെ നല്‍കാം എന്ന് തീരുമാനിക്കുകയായിരുന്നു’, എന്നാണ് അഭിരാമി മകളെ കുറിച്ച് സംസാരിക്കവെ അടുത്തിടെ പറഞ്ഞത്.