Movies
1000 കോടിയും കടന്ന് കൽക്കി 2898 എ ഡി; കൃത്യമായ വിവരങ്ങൾ പങ്കുവെച്ച് നിർമാതാക്കൾ
1000 കോടിയും കടന്ന് കൽക്കി 2898 എ ഡി; കൃത്യമായ വിവരങ്ങൾ പങ്കുവെച്ച് നിർമാതാക്കൾ
റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എ ഡി. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം ഗ്ലോബൽ ബോക്സോഫീസിൽ 1000 കോടി രൂപ നേടിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇത് വെറുതേ പറയുന്നതാണെന്നും 1000 കോടി കടന്നിട്ടില്ലെന്നുമാണ് യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നത്. ഇവർക്കെതിരെ നിർമാതാക്കൾ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു.
ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിട നൽകി ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ വൈജയന്തി മൂവീസ്. ജൂൺ 27ന് പുറത്തിറങ്ങിയ ചിത്രം 1100 കോടി രൂപയാണ് ഇതുവരെ നേടിയ കളക്ഷൻ. ഈ വർഷം 1000 കോടി ക്ലബ്ബ് എന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന നേട്ടവും കൽക്കി സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ, പഠാൻ എന്നീ ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററിലെത്തിയത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ പതിപ്പുകൾ ആമസോൺ പ്രൈമിൽ ലഭ്യമാകും.
അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷ് സബ്ടൈറ്റിലുകളോട് നെറ്റ്ഫ്ലിക്സിൽ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജൂൺ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂലൈയിൽ തന്നെ ഒ.ടി.ടിയിൽ എത്തിക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ ചിത്രം കാണാൻ തിയേറ്ററുകളിലേക്ക് ഇപ്പോഴും പ്രേക്ഷകർ എത്തുന്നതിനാലാണ് ഒ.ടി.ടി റിലീസ് മാറ്റിവച്ചത്. സെപ്റ്റംബർ രണ്ടാം വാരത്തോട് കൂടി ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലും പുറത്തും ഒരേ പോലെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ചിത്രത്തിൽ അശ്വദ്ധാമാവ് ആയി ആയിരുന്നു അമിതാഭ് ബച്ചൻ എത്തിയത്.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.