Malayalam
ആരും വന്നില്ല ചേട്ടാ, ചേട്ടൻ മാത്രേ വന്നുള്ളൂ; മണിയുടെ വിവാഹത്തിനെത്തിയപ്പോൾ കണ്ണു നിറഞ്ഞ് കലാഭവൻ മണി പറഞ്ഞത്; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ
ആരും വന്നില്ല ചേട്ടാ, ചേട്ടൻ മാത്രേ വന്നുള്ളൂ; മണിയുടെ വിവാഹത്തിനെത്തിയപ്പോൾ കണ്ണു നിറഞ്ഞ് കലാഭവൻ മണി പറഞ്ഞത്; വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 9 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
അദ്ദേഹത്തന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച്, അദ്ദേഹത്തെ കുറിച്ച് പലരും പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. മണിയുടെ വിവാഹത്തിൽ പങ്കെടുത്തുപ്പോഴുണ്ടായ തന്റെ അനുഭവം സുരേഷ് ഗോപി പങ്കുവെയ്ക്കുന്നതാണ് വീഡിയോ. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി സംസാരിച്ചത്.
മണിയുടെ കല്യാണത്തിന് ഞാൻ എത്തുമ്പോൾ മണി കണ്ണു നിറഞ്ഞൊരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ആരും വന്നില്ല ചേട്ടാ, ചേട്ടൻ മാത്രേ വന്നുള്ളൂ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നിറഞ്ഞിരുന്ന കണ്ണീർ അങ്ങ് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു. ആ സ്റ്റിൽ ഇപ്പോഴും ആളുകളുടെ ഇടയിൽ വൈറലാണ്. മണിയുടെ ഭാര്യ തൊട്ടു പിന്നിൽ നിൽപ്പുണ്ട്. കല്യാണ മാലയൊക്കെ അണിഞ്ഞാണെന്നാണ് എന്റെ ഓർമ. അതെന്റെ മനസ്സിൽ പതിഞ് പോയൊരു ചിത്രമാണ്… അതിനു ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാനെന്റെ മനസ്സിൽ പതിപ്പിച്ചിട്ടില്ല എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു.
തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല. ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്.
