News
ജപ്പാനിലെ ഭൂകമ്പവും സുനാമിയും; ജപ്പാനില്‍ അവധിയാഘോഷിച്ചിരുന്ന ജൂനിയര്‍ എന്‍ടിആര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
ജപ്പാനിലെ ഭൂകമ്പവും സുനാമിയും; ജപ്പാനില്‍ അവധിയാഘോഷിച്ചിരുന്ന ജൂനിയര്‍ എന്‍ടിആര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
ജപ്പാനിലെ ഭൂകമ്പത്തിന്റേയും സുനാമിയുടേയും നടുക്കത്തിലാണ് രാജ്യം. ഭൂകമ്പവും സുനാമിയും രാജ്യത്ത് ആഞ്ഞടിച്ചപ്പോള്‍ തെലുങ്ക് നടന് ജൂനിയര്‍ എന്‍ടിആര്‍ കഴിഞ്ഞ ഒരാഴ്ചയായി ജപ്പാനില്‍ അവധി ആഘോഷിക്കുകയായിരുന്നു. താന്‍ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയതായി ജൂനിയര്‍ എന്‍ടിആര്‍ അറിയിച്ചു. ജപ്പാനില്‍ ഉണ്ടായ ഭൂകമ്പങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് താരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഭൂകമ്പങ്ങള്ക്കിടെയാണ് ജൂനിയര്‍ എന്‍ടിആര്‍ ജപ്പാന് വിട്ടത്. എന്‍.ടി.ആര് ജപ്പാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആശങ്കയോടെ കാത്തിരുന്ന ആരാധകരോട് താന്‍ നാട്ടിലേക്ക് മടങ്ങിയതായി അദ്ദേഹം അറിയിച്ചു. ഭൂകമ്പം ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ജപ്പാനില്‍ നിന്നും പുറപ്പെട്ടിരുന്നു. ജനുവരി ഒന്നിനാണ് ജപ്പാനില്‍ ഭൂകമ്പം ഉണ്ടായത്.
‘ജപ്പാനില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് മടങ്ങി, ഭൂകമ്പത്തില്‍ ഞെട്ടിപ്പോയി. കഴിഞ്ഞ ആഴ്ച മുഴുവന്‍ അവിടെ ചെലവഴിച്ചു, ബാധിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സഹിഷ്ണുതയ്ക്ക് നന്ദി. വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തുടരുക, ജപ്പാന് ‘, താരം എക്സില്‍ എഴുതി. ജനുവരി ഒന്നിന് ജൂനിയര്‍ എന്‍ടിആറും ഭാര്യയും രണ്ട് മക്കളും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
