Connect with us

യുവതലമുറയിൽ അഭിനയത്തിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നടനും അദ്ദേഹത്തിന്റെ ഭാര്യയും ലഹരി ഉപയോഗിക്കുന്നുണ്ട്, താരമൂല്യമുള്ള നടൻ ആയത് കൊണ്ട് ആരും മിണ്ടുന്നില്ല; ജോസ് തോമസ്

Malayalam

യുവതലമുറയിൽ അഭിനയത്തിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നടനും അദ്ദേഹത്തിന്റെ ഭാര്യയും ലഹരി ഉപയോഗിക്കുന്നുണ്ട്, താരമൂല്യമുള്ള നടൻ ആയത് കൊണ്ട് ആരും മിണ്ടുന്നില്ല; ജോസ് തോമസ്

യുവതലമുറയിൽ അഭിനയത്തിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നടനും അദ്ദേഹത്തിന്റെ ഭാര്യയും ലഹരി ഉപയോഗിക്കുന്നുണ്ട്, താരമൂല്യമുള്ള നടൻ ആയത് കൊണ്ട് ആരും മിണ്ടുന്നില്ല; ജോസ് തോമസ്

നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ നടൻ ഷൈൻ ടോം ചാക്കോ താൻ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിനോട് തുറന്നുസമ്മതിച്ചിരുന്നു. നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ താരത്തിനെതിരെ അമ്മ, ഫെഫ്ക സംഘടന ഉൾപ്പെടെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി താക്കീത് നൽകുകയും ചെയ്‌തിരുന്നു.

എന്നാൽ ഫെഫ്കയുടെ നിലപാടിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാൻ സൗകര്യമില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറയുന്നത്. ഫെഫ്ക പറഞ്ഞത് അവരുടെ കാര്യം മാത്രമാണ്. ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടില്ല.

ലഹരി ഒരിക്കലും മാപ്പ് അർഹിക്കാത്ത കാര്യമാണ് എന്നും ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനെയും സിബി മലയിലിനെയും പേരെടുത്തു വിമർശിച്ചുകൊണ്ട് ജി സുരേഷ് കുമാർ പറഞ്ഞു. വിൻസി അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടതിന് ശേഷമാണ് ഫെഫ്കയുടെ തീരുമാനം.

ഷൈൻ ടോം ചാക്കോയുമായും ചർച്ച നടത്തി. അദ്ദേഹവുമായി തുറന്നു സംസാരിച്ചു. തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു. മനുഷ്യത്വപരമായ സമീപനമാണ് ഫെഫ്ക സ്വീകരിച്ചത്. മലയാള സിനിമ ലൊക്കേഷനുകളിൽ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിക്കുമെന്നും ഫെഫ്ക ഭാരവാഹികൾ കഴിഞ്ഞ ദിവസം അറിയിച്ചു.

കൊച്ചിയിലെ ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയ സമയം ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയ സംഭവത്തിൽ പോലീസ് താരത്തെ ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ് ഇപ്പോൾ സംവിധായകനും ഫെഫ്‌ക ഭാരവാഹിയും കൂടിയായ ജോസ് തോമസ്. ലഹരി വിഷയത്തിൽ ഷൈൻ ഒറ്റയ്ക്കല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഷൈൻ ടോം ചാക്കോ മൊത്തം സിനിമാ വ്യവസായത്തെയും നാണം കെടുത്തിയെന്നും എങ്കിലും താരത്തോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ജോസ് തോമസ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. മലയാളത്തിലെ മുൻനിര താരം ലഹരിക്ക് അടിമയാണെന്ന് അഡ്വ. എ ജയശങ്കറിന്റെ ആരോപണം ജോസ് തോമസും ശരിവച്ചു. കൂടാതെ ഒരു മുതിർന്ന നടനും അതേ പാതയിൽ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി.

മാധ്യമങ്ങൾ നിറയെ ഷൈൻ ടോം ചാക്കോയെ കുറിച്ചുള്ള നിറം പിടിപ്പിച്ച വാർത്തകളാണ്. പത്ത് വർഷം മുൻപ് കൊക്കെയ്ൻ കേസിൽ അകത്താകേണ്ടതായിരുന്നു. ഇവിടുത്തെ പോലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ കൃത്യത പുലർത്താത്തത് കൊണ്ട് ഷൈൻ അത്ഭുതകരമായി രക്ഷപ്പെട്ടതാണ്. വീണ്ടും അതേപാത പിന്തുടർന്ന് പോവുകയാണ്. ഈ ചെറുപ്പക്കാരൻ സിനിമയിൽ വേണോ വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ ചർച്ച.

പല ചാനലുകളും സിനിമാ സംഘടനകൾക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇവിടെ സംഘടനകൾ ലഹരി ഉപയോഗിക്കുന്ന നടീ നടൻമാർക്ക് എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നില്ല എന്നായിരുന്നു. സംഘടനകൾക്ക് ശിക്ഷാ നടപടികൾ സ്വീകരിക്കാൻ എന്താണ് അവകാശം? മാറ്റിനിർത്തുന്ന ചില നടപടികൾ അല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല. അതിന് ചിലർ സാമൂഹിക പ്രതിബദ്ധത ചൂണ്ടിക്കാട്ടി ഇറങ്ങും.

പണ്ട് തിലകനെ വിലക്കിയില്ലേ, മറ്റ് ചില സംവിധായകരെ വിലക്കിയില്ലേ എന്നൊക്കെ പറഞ്ഞുകൊണ്ട്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയാൽ അവരെ വിലക്കും, അത് സാധാരണയാണ്. ഇക്കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഷൈനെ വിളിച്ചുവരുത്തിയ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. മാധ്യമ പട തന്നെ അവിടെ കൂടിയിരുന്നു. അവിടേക്ക് അമ്മയുമായാണ് ഷൈൻ വന്നിറങ്ങിയത്. സഹോദരനും കൂടെ ഉണ്ടായിരുന്നു എന്ന് തോനുന്നു.

ഞാൻ ആ അമ്മയുടെ മുഖത്തേക്ക് നോക്കി. അവർ തല കുനിച്ചുകൊണ്ടാണ് പോവുന്നത്. ഒരു മകൻ ജനിച്ചപ്പോൾ അവന് ഷൈൻ എന്ന് പേരിട്ട് അവൻ ജീവിതത്തിൽ ഷൈൻ ചെയ്യാൻ ഉദ്ദേശിച്ച് വളർത്തി കൊണ്ട വന്നിട്ട് ഒടുവിൽ ലഹരി ഉപയോഗത്തിന്റെ കേസുകൾ ഉണ്ടായി, ആരോപണങ്ങൾ ഉയരുക, പിന്നെ സ്ത്രീത്വത്തെ അപമാനിച്ചതിന് പേരിൽ ആരോപണം നേരിടുക എനിക്ക് ആ മാതാപിതാക്കളോടും ഷൈനിനോടും സഹതാപമാണ്.

കാരണം സെറ്റിൽ കൃത്യ സമയത്ത് വരികയും ഒരു നിർമ്മാതാവിനെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ഷൈൻ ചെയ്‌തിട്ടില്ല. ഷൈൻ ലഹരി ഉപയോഗിച്ചു, തമാശയ്ക്ക് ഓരോന്ന് പറയും. അത് പക്ഷേ അത്തരത്തിൽ പറഞ്ഞപ്പോൾ വിൻസി അലോഷ്യസ് എന്ന നടിക്ക് ഒട്ടും കംഫർട്ടബിൾ ആയി തോന്നിയില്ല. അന്ന് തന്നെ സെറ്റിൽ ഇനി ഇത്തരത്തിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞതാണ്. പിന്നീട് വിൻസി ഒരു പരിപാടിയിൽ സംസാരിച്ചപ്പോൾ ഇത് പറഞ്ഞത് മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടയിൽ എ ജയശങ്കർ അദ്ദേഹത്തിന്റെ ഒരു വീഡിയോയിൽ പറയുന്നു മലയാള സിനിമയിൽ താരമൂല്യമുള്ള ഒരു നടൻ, യുവതലമുറയിൽ അഭിനയത്തിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന്. എന്താണ് ഇതിനെതിരെ ആരും ഒന്നും പറയാത്തത്, ആരും മിണ്ടാത്തത്. അദ്ദേഹത്തിന്റെ ഭാര്യയും ഇത് ഉപയോഗിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ജയശങ്കർ പറഞ്ഞത് എനിക്ക് കൃത്യമായി അറിയാം. എന്നിട്ടും ആരും ഒന്നും ശബ്‌ദിക്കുന്നില്ല. ആ നടന്റെ പേര് ഞാൻ പറയുന്നില്ല. ആ നടൻ താരമൂല്യമുള്ള നടൻ ആയത് കൊണ്ടാണ് ആരും ഒന്നും സംസാരിക്കാത്തത് എന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ ഒരു ഡേറ്റ് കിട്ടിയാൽ, അദ്ദേഹം ലഹരി ഉപയോഗിച്ച് ഇത്തിരി വൈകിയാലും ഒരു ദിവസം വന്നില്ലെങ്കിലും അവർക്ക് കൊഴപ്പമില്ല. ആ പേര് വച്ച് സിനിമ വലിയ വിലയ്ക്ക് വിൽക്കാം. അതുകൊണ്ട് അയാൾ ലഹരി ഉപയോഗിച്ചാലും ഭാര്യക്ക് കൂടി ലഹരി വാങ്ങി കൊടുത്താലും സഹിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.

സിനിമയ്‌ക്കെതിരെ നിരന്തരം പരാതി വരാൻ കാരണം സിനിമയിലെ കൊറച്ചുപേർ, പ്രത്യേകിച്ച് ചെറുപ്പക്കാരാണ്. ലഹരി ഉപയോഗിച്ച് കൊണ്ട് സെറ്റിൽ മാന്യത ഇല്ലാത്ത നടത്തുന്ന പെരുമാറ്റമാണ്. മലയാളത്തിൽ നിരന്തരം സിനിമയെടുക്കുന്ന ഒരു നിർമ്മാതാവ്, ഇപ്പോഴും ആ സിനിമ നടക്കുക ആണെന്നാണ് എന്റെ വിശ്വാസം. നായകനായി വന്നു, പിന്നീട് ഉപനായകനായി വീണ്ടും നായകനായ ഒരു നടൻ.

തികഞ്ഞ മദ്യപാനി ആയിരുന്ന ഇയാൾ ഇപ്പോൾ ലിവറിന് ഇത്തിരി പ്രശ്‌നങ്ങൾ വന്നത് കൊണ്ട് മദ്യപാനം നിർത്തിയിരിക്കുകയാണ്. അവിടെ നിന്ന് രാസ ലഹരിയിലേക്കും കഞ്ചാവിലേക്കും ഒക്കെ കടനനിരിക്കുകയാണ് എന്നാണ് വാർത്താ. അദ്ദേഹത്തെ നായകനാക്കി സിനിമ എടുക്കാൻ തീരുമാനിക്കുമ്പോൾ നായക തുല്യമായ മറ്റൊരു കഥാപാത്രത്തിലേക്ക് നമുക്ക് ശ്രീനാഥ് ഭാസിയെ കൊണ്ട് വരാമെന്ന് പറയുന്നു.

ശ്രീനാഥ് ഭാസി ആവുമ്പോൾ നന്നായി അഭിനയിക്കും. നിർമ്മാതാവ് പറഞ്ഞു അയാൾ പ്രശ്‌നക്കാരൻ ആണ് വരില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നോക്കിക്കോളാം എന്നാണ് അയാൾ പറഞ്ഞത്. തനിക്കും യഥേഷ്‌ടം ലഹരി ഉപയോഗിക്കാം എന്ന് കരുതിയാണോ ശ്രീനാഥ് ഭാസി തന്നെ വേണമെന്ന് പറഞ്ഞതെന്ന് എനിക്ക് അറിയില്ല, ചിലപ്പോൾ അങ്ങനെ ആയിരിക്കും.

എന്തായാലും ഷൂട്ട് തുടങ്ങി കുറച്ച് മുന്നോട്ട് പോവുന്നു. ഒരു ദിവസം വൈകീട്ട് നാല് മണിയായപ്പോൾ അര മണിക്കൂർ കൊണ്ട് വരാമെന്ന് പറഞ്ഞു ശ്രീനാഥ് ഭാസി പോയി. മണിക്കൂർ ഒന്ന് കഴിഞ്ഞു നാല് കഴിഞ്ഞിട്ടും ആൾ എത്തുന്നില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല, അന്നത്തെ ദിവസം ഷൂട്ട് പാക്കപ്പ് ചെയ്യുന്നു. രാത്രി ശ്രീനാഥ് ഭാസി വിളിക്കുന്നത് മലേഷ്യയിൽ നിന്നാണ്. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ, മല്യേഷയിൽ പോയത് എന്തിനാണെന്ന് പോലും പറയുന്നില്ല.

ഈ നിർമ്മാതാവ് പരാതിപ്പെട്ടോ അല്ലെങ്കിൽ ഷൂട്ട് തീർന്നിട്ട് അവനുള്ള പണി കൊടുക്കാമെന്ന് വിചാരിച്ചതാണോ എന്ന് എനിക്കറിയില്ല. ഞാനീ പറഞ്ഞത് മലയാള സിനിമയിലെ ലഹരി ഉപയോഗിക്കുന്ന യുവ താരങ്ങളുടെ കോമാളിത്തരങ്ങളാണ്. ശുദ്ധ പോക്രിത്തരം എന്നാണ് പറയേണ്ടത്. അവനൊക്കെ മലയാള സിനിമയെ നശിപ്പിക്കാൻ നടക്കുകയാണ്. അവരെയൊക്കെ ഒഴിവാക്കാൻ നിർമ്മാതാക്കൾ സ്വയം തീരുമാനിക്കണം.

ഇക്കാര്യത്തിൽ എനിക്ക് ഷൈനിനോട് സഹതാപമുണ്ട്, അതാണ് ഞാൻ മുൻപ് പറഞ്ഞത്. ഷൈൻ ഇതുവരെ വൈകി വരികയോ സെറ്റിൽ പ്രശ്‌നം ഉണ്ടാക്കുകയോ ഷൂട്ട് തടസപ്പെടുത്തുകയോ ഒന്നും ചെയ്‌തിട്ടില്ല. ജയശങ്കർ പറഞ്ഞ ആ താരം ഉൾപ്പെടെ തോന്നുമ്പോൾ വരികയും പോവുകയും ചെയ്യുകയാണ്. ചിലപ്പോൾ ദിവസങ്ങളോളം വരില്ല. ഇവനെയൊക്കെ സഹിക്കേണ്ടി വരുന്ന മലയാള സിനിമയുടെ ഗതികേട്, നിർമ്മാതാക്കളുടെ ഗതികേട് എന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം, സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും. സിനിമ സെറ്റുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന ആഘോഷ പാർട്ടികളിലും ലഹരിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സിനിമക്കാർക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നൽകില്ല. പരാതി ലഭിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. സിനിമ സംഘടനകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുവരാൻ നടി വിൻ സി അലോഷ്യസിന് ഉൾപ്പെടെ കൗൺസലിങ് നൽകും. പരാതിക്കാർക്ക് എല്ലാ രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കും.

ലഹരിക്കെതിരായ ഡി ഹണ്ട് യജ്ഞത്തിൽ ഇതുവരെ 11,000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതു റെക്കോർഡാണ്. ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ എല്ലാ ജില്ലകളിലും സ്ഥിരം ടീമിനെ സജ്ജമാക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മെഗാ സൂംബ’ നൃത്തപരിപാടി 30ന് 5 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള 1500 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ സാക്ഷ്യം വഹിക്കാനെത്തും.

More in Malayalam

Trending

Recent

To Top